എഐ പേടിയിൽ ഇനിയും ഐടി ഓഹരികൾ വിറ്റൊഴിയണോ? പാതി വിലയിൽ മികച്ച നിക്ഷേപ അവസരമോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളും സെക്ടറിന്മേലുള്ള അനിശ്ചിതത്വങ്ങളും ഇതിനകം തന്നെ ഐടി ഓഹരികളുടെ വിലകളിൽ പ്രതിഫലിച്ചു കഴിഞ്ഞുവെന്ന് പ്രമുഖ വിപണി വിശകലന വിദ​ഗ്ധനായ ജയദീപ് എസ് മേനോൻ
IT Stocks Fall And Future Outlook By Expert Analyst Jaideep S Menon
പ്രതീകാത്മക ചിത്രം (Source: Canva); ഇൻസൈറ്റിൽ ജയദീപ് എസ് മേനോൻ
Published on

ഏകദേശം രണ്ടു വർഷം മുൻപ് ഇന്ത്യൻ വിപണിയിലെ ഏറ്റവും മൂല്യമുള്ള ലി​സ്റ്റഡ് കമ്പനിയാകാൻ മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ ​ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടി.സി.എസും തമ്മിൽ ശക്തമായ മത്സരം നടന്നിരുന്നു. അന്ന് ടി.സി.എസിന്റെ മാത്രം വിപണി മൂല്യം 16.3 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉയർത്തുന്ന ഭീഷണി ശക്തമായതോടെ സമീപകാലത്ത് നേരിട്ട തിരിച്ചടിക്കൊടുവിൽ രാജ്യത്തെ 5 മുൻനിര ഐടി കമ്പനികളുടെ (ടി.സി.എസ്‌, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര) മൊത്തം വിപണി മൂല്യം കൂട്ടിയാൽ പോലും കഷ്ടിച്ച് 17 ലക്ഷം കോടി രൂപയ്ക്ക് താഴെ മാത്രമേ വരുന്നുള്ളു.

2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലയളവിനിടെ, നിഫ്റ്റി ഐടി സൂചികയിൽ 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സമാനമായ രീതിയിൽ വലിയൊരു തകർച്ച ഇതിന് മുമ്പ് ഐടി ഓഹരികളിൽ പ്രകടമായിട്ടുള്ളത് 2001-ൽ ആയിരുന്നു. അന്ന് ഐടി സൂചിക 44 ശതമാനം നഷ്ടം വരെ കുറിച്ചു. നിലവിൽ എൻ.എസ്.ഇയുടെ ഐടി സെക്ടറൽ സൂചിക വ്യാപാരം ചെയ്യപ്പെടുന്നത് മൂന്ന് വർഷത്തെ താഴ്ന്ന നിലവാരത്തിലാണ്. വിപണിയിലെ ഭൂരിഭാഗം ലാർജ്-ക്യാപ് ഐടി ഓഹരികളും ഇക്കഴിഞ്ഞ ആറുമാസത്തിനിടെ 30 മുതൽ 35 ശതമാനം വരെ ഇടിഞ്ഞു. ചില മിഡ്-ക്യാപ് ഐടി ഓഹരികൾ ആകട്ടെ, ഇതേകാലയളവിൽ 50 ശതമാനത്തിലധികം തിരുത്തൽ നേരിട്ടു.

ഐടി ഓഹരികളുടെ ഭാവിയെന്ത്?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളും സെക്ടറിന്മേലുള്ള അനിശ്ചിതത്വങ്ങളും ഇതിനകം തന്നെ ഐടി ഓഹരികളുടെ വിലകളിൽ പ്രതിഫലിച്ചു കഴിഞ്ഞുവെന്നാണ് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ വിപണി വിശകലന സ്ഥാപനങ്ങളിലൊന്നായ വസുപ്രദ ഇൻവെ​സ്റ്റ്മെന്റ് അഡ്വൈസറി സർവീസസിന്റെ സഹസ്ഥാപകനും പ്രിൻസിപ്പിൽ ഓഫീസറുമായ ജയദീപ് എസ് മേനോൻ വിലയിരുത്തുന്നത്. വൻകിട കമ്പനികളുടെ ഓഹരികളിൽ ശക്തമായ തിരുത്തൽ നേരിട്ടതോടെ, ഐടി സൂചിക അതിന്റെ സമീപകാലയളവിലെ താഴ്ന്ന ഘട്ടം (Bottom) പിന്നിട്ടതായി കണക്കാക്കാമെന്നും അദ്ദേഹം ധനം ഓൺലൈനോട് പറഞ്ഞു.

എഐ സാങ്കേതികവിദ്യ ഐടി കമ്പനികളുടെ വിലപേശൽ ശക്തി കുറയ്ക്കുമെന്ന ആശങ്ക ശക്തമാണെങ്കിലും നിലവിലെ പ്രതിസന്ധിക്കിടയിലും ബിസിനസ് നിലനിർത്താൻ ഐടി കമ്പനികൾക്ക് സാധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രവർത്തന ചെലവ് ചുരുക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും ഐടി കമ്പനികളും എഐ സാങ്കേതികവിദ്യയെ തന്നെയാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ കമ്പനികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജയദീപ് എസ് മേനോൻ കൂട്ടിച്ചേർത്തു.

വിശ്വാസം, അതല്ലേ എല്ലാം!

ഉപയോ​ഗിക്കുന്ന ഡാറ്റയുടെ രഹസ്യാത്മകതയും ഉയർന്ന കമ്പ്യൂട്ടിംഗ് ചെലവുകളും മുൻനിർത്തി പൊതുവായ എഐ പ്ലാറ്റ്‌ഫോമുകളെ പൂർണമായി വിശ്വസിക്കാൻ വൻകിട സ്ഥാപനങ്ങൾ ഇപ്പോഴും വൈമുഖ്യം കാണിക്കുന്നുണ്ട്. തങ്ങളുടെ ഡാറ്റയ്ക്ക് മേൽ പൂർണ നിയന്ത്രണാധികാരമുള്ള സുരക്ഷിതമായ സംവിധാനങ്ങളാണ് വൻകിട എന്റർപ്രൈസുകൾ ആഗ്രഹിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ എഐ സാങ്കേതികവിദ്യ വലിയ അളവിൽ സ്വീകരിക്കാൻ ആഗോള കമ്പനികൾ വിമുഖത കാണിച്ചാൽ, അത് നിലവിൽ ഉയർന്ന വാല്യുവേഷനിൽ നിൽക്കുന്ന ആ​ഗോള എഐ കമ്പനികളുടെ വരുമാനത്തെ ബാധിക്കുകയും എഐ മേഖലയിൽ ശക്തമായ തിരുത്തലിന് അതു വഴിതെളിക്കുകയും ചെയ്യാം.

ഈയൊരു ഘട്ടത്തിലാണ് ഇന്ത്യൻ ഐടി കമ്പനികളുടെ പ്രസക്തി വർധിക്കുന്നത്. വൻകിട സ്ഥാപനങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കും എഐ സാങ്കേതികവിദ്യയ്ക്കും ഇടയിൽ ഒരു 'വിശ്വസ്ത പങ്കാളി'യായി (Trusted Partner) പ്രവർത്തിക്കാൻ ഇന്ത്യൻ ഐടി കമ്പനികൾക്ക് സാധിക്കും. ആ​ഗോള തലത്തിൽ തന്നെ വർഷങ്ങളായുള്ള പങ്കാളിത്തവും പരിചയവും സോഫ്റ്റ്‍വെയർ സി​സ്റ്റങ്ങളെ കുറിച്ചുള്ള ധാരണയും ഇന്ത്യൻ ഐടി കമ്പനികൾക്ക് അപ്പോൾ മുതൽക്കൂട്ടാകും. ചുരുക്കത്തിൽ, നിതീകരിക്കാനാകാത്ത ഉയർന്ന നിലയിൽ മൂല്യമുള്ള (Expensive Valuations) ആഗോള എഐ ഓഹരികൾക്ക് പുറകെ പോകുന്നതിനേക്കാൾ, നിലവിലെ വിപണി തിരുത്തലുകൾ പ്രയോജനപ്പെടുത്തി അടിസ്ഥാനപരമായി മികച്ച (Strong Fundamentals) ഇന്ത്യൻ ഐടി ഓഹരികൾ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്താൻ നിക്ഷേപകർക്ക് ലഭിച്ച മികച്ചൊരു അവസരമാണിതെന്നും ജയദീപ് എസ് മേനോൻ പറഞ്ഞു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com