എയർ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് ബോയിംഗ് കമ്പനി ആശങ്കയില്‍; ഓഹരി ഇടിഞ്ഞത് 7% ത്തിലധികം, നഷ്ടം കൂടാന്‍ സാധ്യത

അന്താരാഷ്ട്ര തലത്തില്‍ ബോയിംഗ് കമ്പനി നിരവധി പ്രതിസന്ധികളെ നേരിടുമ്പോഴാണ് അഹമ്മദാബാദില്‍ അപകടം ഉണ്ടായിരിക്കുന്നത്
എയർ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് ബോയിംഗ് കമ്പനി ആശങ്കയില്‍; ഓഹരി ഇടിഞ്ഞത് 7% ത്തിലധികം, നഷ്ടം കൂടാന്‍ സാധ്യത
Published on

അഹമ്മദാബാദ് വിമാന അപകടത്തെ തുടര്‍ന്ന് യു.എസ് ഓഹരി വിപണിയില്‍ ബോയിംഗിന്റെ ഓഹരികൾ പ്രീ-മാർക്കറ്റ് ഇടപാടുകളിൽ 7 ശതമാനത്തിലധികം ഇടിഞ്ഞു. യു.എസ് ഓഹരി വിപണി വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നഷ്ടം കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ബോയിംഗ് ഓഹരി വില 7.67 ശതമാനം നഷ്ടത്തില്‍ 197.58 ഡോളറിലെത്തി. ഇന്നത്തെ ഇടിവ് തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വില കുറയാൻ കാരണമാകും. ബുധനാഴ്ച ബോയിംഗ് ഓഹരി 0.8 ശതമാനം കുറഞ്ഞ് 214 ഡോളറിലാണ് ക്ലോസ് ചെയ്തത്. അതേസമയം കഴിഞ്ഞ മൂന്ന് മാസമായി ഓഹരി വില നേട്ടത്തിലാണ്. ഈ കാലയളവിൽ 24 ശതമാനമാണ് ഓഹരിയുടെ നേട്ടം.

അന്താരാഷ്ട്ര തലത്തില്‍ ബോയിംഗ് കമ്പനി നിരവധി പ്രതിസന്ധികളെ നേരിടുമ്പോഴാണ് അഹമ്മദാബാദില്‍ അപകടം ഉണ്ടായിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് താരിഫ് വര്‍ധിപ്പിച്ചത് മൂലം ചൈനീസ് വിമാന കമ്പനികള്‍ പുതിയ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാതെ തിരിച്ചയച്ചത് കഴിഞ്ഞ മാസങ്ങളിലായിരുന്നു. എന്‍ജിനുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ് തുടങ്ങിയവ കമ്പനി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ്.

അതേസമയം ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ആദ്യമായാണ് അപകടത്തില്‍പ്പെടുന്നത്. നിലവില്‍ ഉപയോഗത്തിലുളള ഏറ്റവും ആധുനികമായ യാത്രാ വിമാനങ്ങളിലൊന്നാണ് 787-8 ഡ്രീംലൈനര്‍. ബോയിംഗ് 787 ജെറ്റുകളുടെ ഏറ്റവും പുതിയ ശ്രേണിയിൽ പെട്ടതാണ് ഡ്രീംലൈനര്‍. അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടുകള്‍ മാത്രമേ ലഭ്യമായിട്ടുളളൂവെന്ന് കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുളള പ്രവർത്തനങ്ങളിലാണെന്നും കമ്പനി പറഞ്ഞു. പുതിയ സി.ഇ.ഒ കെല്ലി ഓർത്ത്ബെർഗിന്റെ കീഴിൽ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 244 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ എ.ഐ 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. ബോയിംഗ് കമ്പനിയുടെ 787-8 ഡ്രീംലൈനർ എന്ന വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 132 പേര്‍ അപകടത്തില്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Air India Dreamliner crash triggers over 7% drop in Boeing shares amid growing safety concerns and ongoing global challenges.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com