സൊമാറ്റോയിലെ 200 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ അലിബാബ
ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി അലിബാബ, സൊമാറ്റോയിലെ ഓഹരികള്‍ വില്‍ക്കുന്നു. 200 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് അലിബാബ വില്‍ക്കുന്നതെന്നാണ് വിവരം. സൊമാറ്റോയില്‍ 13 ശതമാനം ഓഹരി നിക്ഷേപമുള്ള കമ്പനിയാണ് അലിബാബ.
നവംബര്‍ 30ന് വില്‍പ്പന പൂര്‍ത്തിയാക്കാനാണ് അലിബാബ ലക്ഷ്യമിടുന്നത്. ഇന്നലെ സൊമാറ്റോ ഓഹരികള്‍ വ്യപാരം അവസാനിപ്പിച്ച വിലയില്‍ നിന്ന് 5-6 ശതമാനം ഇളവോടെ ആയിരിക്കും വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്ഫിന്‍ സിംഗപ്പൂര്‍ ഹോള്‍ഡിംഗ്, അലിപെ സിംഗപൂര്‍ ഹോള്‍ഡിംഗ് എന്നീ രണ്ട് ഉപസ്ഥാനങ്ങളിലൂടെയാണ് അലിബാബ സൊമാറ്റോയില്‍ നിക്ഷേപം നടത്തിയത്.
വില്‍പ്പന പൂര്‍ത്തിയാവുന്നതോടെ സൊമാറ്റോയിലെ കമ്പനിയുടെ ഓഹരി വിഹിതം 10 ശതമാനമായി കുറയും. കഴിഞ്ഞ ജൂലൈയില്‍ ലോക്ക്-ഇന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വഴ്‌സ്, ഊബര്‍ എന്നീ കമ്പനികള്‍ സൊമാറ്റോയിലെ മുഴുവന്‍ ഓഹരികളും വിറ്റിരുന്നു. ടൈഗര്‍ ഗ്ലോബല്‍, സെക്വോയ എന്നിവരും കമ്പനിയിലെ ഓഹരി വിഹിതം കുറച്ച നിക്ഷേപകരാണ്.
നിലവില്‍ 0.47 ശതമാനം ഉയര്‍ന്ന് 63.85 രൂപയിലാണ് സൊമാറ്റോ ഓഹരികളുടെ വ്യാപാരം. 2021 ജൂലൈയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികള്‍ ഇതുവരെ 50 ശതമാനത്തോളം ആണ് ഇടിഞ്ഞത്.