ആൽപൈൻ ടെക്സ്‌‍‍വേൾഡ് ഐ.പി.ഒ: ഓഹരി വില ₹100—₹105; ലി​സ്റ്റിം​ഗ് നേട്ടം പ്രതീക്ഷിക്കാമോ?

ഐ.പി.ഒ വഴി സമാഹരിക്കുന്ന 126.25 കോടി രൂപയിൽ നിന്നുള്ള 52.20 കോടി രൂപ, കമ്പനിയുടെ നിലവിലെ കടത്തിന്റെ ഒരുഭാ​ഗം മുൻകൂട്ടി അടച്ചുതീർക്കാനാണ് വിനിയോഗിക്കുന്നത്
Alpine Texworld IPO Expert Review
പ്രതീകാത്മക ചിത്രം (Image Source: Canva/alpinetexworld.com)
Published on

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ പ്രൊസസിങ് കമ്പനിയായ ആൽപൈൻ ടെക്സ്‌‍വേൾഡ് ലിമിറ്റഡിന്റെ (Alpine Texworld Ltd) പ്രാരംഭ പൊതു ഓഹരി വിൽപ്പന (ഐ.പി.ഒ) നാളെ (ജൂലൈ 14) ആരംഭിക്കും. വ്യാഴാഴ്ച (ജൂലൈ 16) വരെ ഓഹരികൾക്ക് വേണ്ടി നിക്ഷേപകർക്ക് അപേക്ഷ (ബിഡ്) സമർപ്പിക്കാം. പൂ‌ർണമായും പുതിയ ഓഹരികൾ പുറത്തിറക്കിയാണ് (Fresh Issue) ഈ ഐ.പി.ഒയിൽ 126.25 കോടി രൂപ പ്രാഥമിക വിപണിയിൽ നിന്നും സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം കമ്പനിയുടെ സമീപകാലത്തെ സാമ്പത്തിക വളർച്ച മികച്ചതാണെങ്കിലും ഉയർന്ന കടബാധ്യതയും ഓഹരിയുടെ കുറഞ്ഞ ഗ്രേ മാർക്കറ്റ് പ്രീമിയവും (ജി.എം.പി) ഒക്കെ നിക്ഷേപകർ ജാഗ്രതയോടെ വീക്ഷിക്കേണ്ട ഘടകങ്ങളാണെന്ന് സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ (SEBI Reg No: INH000022880) പറഞ്ഞു. ആൽപൈൻ ടെക്സ്‌‍‍‍വേൾഡ് ഐ.പി.ഒയുടെ സമ​ഗ്ര വിശകലനം നോക്കാം.

ഐ.പി.ഒ വിശദാംശം

  • വില പരിധി (Price Band): ആൽപൈൻ ടെക്സ്‌‍‍വേൾഡ് ഓഹരിയൊന്നിന് 100 രൂപ മുതൽ 105 രൂപ വരെ.

  • ലോട്ട് സൈസ് (Lot Size): കുറഞ്ഞത് 142 ഓഹരികൾ (അപ്പർ പ്രൈസ് ബാൻഡ് പ്രകാരം ഒരു ലോട്ട് ഓഹരിക്ക് 14,910 രൂപ വേണം).

  • നിക്ഷേപകരുടെ ക്വാട്ട: ഈ മെയിൻബോർഡ് ഐ.പി.ഒയിൽ അനുവ​ദിക്കുന്ന ഓഹരികളുടെ വലിയൊരു ഭാഗവും റീട്ടെയിൽ നിക്ഷേപകർക്കായാണ് മാറ്റിവെച്ചിരിക്കുന്നത് — 70%. ബാക്കിയുള്ളതിൽ 29 ശതമാനവും ഉയർന്ന ആസ്തിമൂല്യ വ്യക്തി​ഗത നിക്ഷേപകർക്കുമാണ് (NII). സ്ഥാപന നിക്ഷേപകർക്കായി (QIB) ഈ ഐ.പി.ഒയിൽ നീക്കിവെച്ചിട്ടുള്ളത് ഒരു ശതമാനം ഓഹരികൾ മാത്രമാണെന്നതും ശ്രദ്ധേയം.

  • ലിസ്റ്റിംഗ് തീയതി: ജൂലൈ 21-ന് ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ എക്സ്ചേഞ്ചുകളിൽ ആൽപൈൻ ടെക്സ്‌‍വേൾഡ് ഓഹരികൾ ലിസ്റ്റ് ചെയ്യും.

  • ഫണ്ടിന്റെ വിനിയോഗം: അഹമ്മദാബാദിൽ പുതിയ നെയ്ത്തുശാല സ്ഥാപിക്കുന്നതിനും (32.08 കോടി രൂപ), ഭാഗികമായി കടം വീട്ടുന്നതിനുമായി (52.20 കോടി രൂപ) തുക വിനിയോഗിക്കും.

  • പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം: ഐ.പി.ഒയ്ക്ക് ശേഷം 90.36 ശതമാനത്തിൽ നിന്നും 61.96 ശതമാനമായി കുറയും.

സാമ്പത്തിക പ്രകടനം: സമീപകാലത്തെ മുന്നേറ്റം

ആൽപൈൻ ടെക്സ്‌‍വേൾഡിന്റെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (FY26) കണക്കുകൾ പ്രോത്സാഹജനകമാണ്. കമ്പനിയുടെ വരുമാനം 237.66 കോടി രൂപയിൽ നിന്ന് വാർഷികമായി 47 ശതമാനം വർദ്ധിച്ച് 350.18 കോടി രൂപയായി ഉയർന്നു.

  • അറ്റാദായം (Net Profit): വാർഷികമായി 152 ശതമാനം വർധനയോടെ 8.63 കോടി രൂപയിൽ നിന്നും 21.72 കോടിയായി കുതിച്ചുയർന്നു.

  • പ്രവർത്തന ലാഭമാർജിൻ (EBITDA Margin): 13.84 ശതമാനമായി വളർന്നു.

  • പ്രധാന ആശങ്ക: ആൽപൈൻ ടെക്സ്‌‍‍‍വേൾഡിന്റെ സാമ്പത്തിക പ്രകടനത്തിലുള്ള ഈ കുതിച്ചുചാട്ടം സമീപകാലത്ത് മാത്രമുണ്ടായതാണ്. കൂടാതെ, കമ്പനിയുടെ മൊത്തം കടബാധ്യത 177.60 കോടി രൂപയാണ്. ഇത് കടം-ഓഹരി അനുപാതം (Debt-to-Equity Ratio) 2.35 എന്ന ഉയർന്ന നിരക്കിൽ എത്തിക്കുന്നു.

ഐ.പി.ഒയിൽ നിക്ഷേപിക്കണോ?

ആൽപൈൻ ടെക്സ്‌‍‍വേൾഡ് ഐ.പി.ഒ.യെ, നിക്ഷേപകർ ജാഗ്രതയോടെ സമീപിക്കണമെന്ന് സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ. ഓഹരിയുടെ അപ്പർ പ്രൈസ് ബാൻഡ് നിരക്കായ 105 രൂപ വച്ച് കണക്കാക്കുമ്പോൾ ഐ.പി.ഒയ്ക്ക് ശേഷമുള്ള ഓഹരിയുടെ പി.ഇ അനുപാതം (P/E Ratio) ഏകദേശം 19 മടങ്ങിന് മുകളിലായാണ് വരുന്നത്. ടെക്സ്റ്റൈൽ മേഖലയിലെ മറ്റ് മുൻനിര കമ്പനികളുടെ വാല്യുവേഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ന്യായമായ നിലവാരത്തിലുള്ള ഒരു പി.ഇ അനുപാതമായി വിലയിരുത്താം.

ഐ.പി.ഒ വഴി സമാഹരിക്കുന്ന 126.25 കോടി രൂപയിൽ നിന്നുള്ള 52.20 കോടി രൂപ, കമ്പനിയുടെ നിലവിലെ കടത്തിന്റെ ഒരുഭാ​ഗം മുൻകൂട്ടി അടച്ചുതീർക്കാനാണ് വിനിയോഗിക്കുന്നത്. ഈ നീക്കം ആൽപൈൻ ടെക്സ്‌‍‍വേൾഡിന്റെ ബാലൻസ് ഷീറ്റിനെ ശക്തിപ്പെടുത്തും. ഭാവിയിൽ കമ്പനിയുടെ പലിശച്ചെലവുകൾ (Interest Costs) കുറയ്ക്കാനും അറ്റാദായ മാർജിൻ (Net Profit Margin) മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ, കടം-ഓഹരി അനുപാതം 2.35-ൽ നിന്നും 0.50 എന്ന മികച്ച നിലവാരത്തിലേക്ക് താഴുന്നത് കമ്പനിയുടെ സാമ്പത്തിക റിസ്ക് ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും പ്രമുഖ ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസിയായ ക്രിസിൽ (CRISIL) നേരത്തെ ആൽപൈൻ ടെക്സ്‍വേൾഡിന്റെ റേറ്റിംഗ് താഴ്ത്തിയതും (ഡൗൺഗ്രേഡ്) അനൗദ്യോ​ഗിക വിപണിയിൽ ഓഹരിയോടുള്ള (GMP) തണുത്ത പ്രതികരണവും (കഴിഞ്ഞ 5 ദിവസമായി ​ഗ്രേ മാർക്കറ്റ് പ്രീമിയം 2 രൂപ നിരക്കിലാണ്) നിക്ഷേപകർ അതീവ ജാഗ്രതയോടെ കാണേണ്ട ഘടകങ്ങളാണ്.

ചുരുക്കത്തിൽ, കടം കുറയുന്നത് കമ്പനിയുടെ അടിസ്ഥാനപരമായ വളർച്ചയ്ക്ക് വളരെ നല്ലതാണെങ്കിലും ലിസ്റ്റിംഗ് ഗെയിൻ (Listing Gain) പ്രതീക്ഷിക്കാതെ ദീർഘകാല നിക്ഷേപം മാത്രം ലക്ഷ്യമിടുന്ന ഉയർന്ന റിസ്ക് എടുക്കാൻ ശേഷിയുള്ള നിക്ഷേപകർക്ക് (Risk-tolerant long-term investors) ആൽപൈൻ ടെക്സ്‌‍‍‍വേൾഡ് ഐ.പി.ഒ.യിൽ നിക്ഷേപം പരിഗണിക്കാവുന്നതാണെന്ന് റിസർച്ച് അനലി​സ്റ്റ് പി. സനൽ പറഞ്ഞു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com