ഓഹരി–കടപ്പത്രങ്ങൾക്കപ്പുറം; പുതിയ വഴികൾ തേടി ഇതര ആസ്തികളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്

ഓഹരി–കടപ്പത്രങ്ങൾക്കൊപ്പം റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, കമ്മോഡിറ്റികൾ, ഇൻഫ്രാസ്ട്രക്ചർ, മറ്റ് ഇതര ആസ്തികൾ എന്നിവയിലേക്കും നിക്ഷേപകർ ശ്രദ്ധ തിരിക്കുന്നു
Investments in Alternative Assets
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഓഹരികളും കടപ്പത്രങ്ങളും മാത്രം കേന്ദ്രീകരിച്ചുള്ള പരമ്പരാഗത നിക്ഷേപ രീതികളിൽ നിന്ന് കൂടുതൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ മാറുന്നു. റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, കമ്മോഡിറ്റികൾ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഇതര ആസ്തി വിഭാഗങ്ങൾ അഥവാ ആൾട്ടർനേറ്റീവ് അസറ്റുകളിലേക്കാണ് (Alternative Assets) പുതിയ നിക്ഷേപ പ്രവാഹം. ഡിജിറ്റൽ അസറ്റുകൾക്ക് പുറകെ പായുന്നവരും ഏറെയാണ്.

ഓഹരി–കടപ്പത്ര സമവാക്യത്തിന് വെല്ലുവിളി

വളർച്ചയ്ക്ക് ഓഹരികളും സ്ഥിരതയ്ക്ക് കടപ്പത്രങ്ങളും എന്ന നിക്ഷേപ സമീപനമായിരുന്നു ദീർഘകാലമായി പോർട്ട്ഫോളിയോ രൂപീകരണത്തിൽ നിലനിന്നിരുന്ന അടിസ്ഥാനതത്വം. എന്നാൽ ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കിലെ ചാഞ്ചാട്ടങ്ങളും ഈ രണ്ട് വിഭാഗങ്ങളെയും ഒരേസമയം ബാധിച്ചതോടെയാണ് നിക്ഷേപകർ പുതിയ വഴികൾ തേടാൻ തുടങ്ങിയത്. കൂടുതൽ വരുമാനസാധ്യത കണ്ടെത്തുന്നതിനൊപ്പം, വിപണിയിലെ വ്യത്യസ്ത ഘട്ടങ്ങളിൽ പോർട്ട്‌ഫോളിയോയുടെ മൊത്തത്തിലുള്ള റിസ്ക് നിയന്ത്രിക്കുകയാണ് ആൾട്ടർനേറ്റീവ് അസറ്റുകളിലേക്കുള്ള നീക്കത്തിന്റെ മറ്റൊരു ലക്ഷ്യം.

എങ്ങോട്ടാണ് നിക്ഷേപം ഒഴുകുന്നത്?

ഇതര ആസ്തികളിലുള്ള നിക്ഷേപങ്ങളിൽ ഏറ്റവും പരിചിത വിഭാഗമായി റിയൽ എസ്റ്റേറ്റ് തുടരുന്നു. നേരിട്ടുള്ള ഉടമസ്ഥതയ്ക്കു പുറമെ റീറ്റ്സ് (REITs), ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയും നിക്ഷേപകർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

അതേസമയം, വലിയ ആദായം ലക്ഷ്യമിടുന്നവർ പ്രൈവറ്റ് ഇക്വിറ്റിയിലേക്കും വെഞ്ച്വർ ക്യാപിറ്റലിലേക്കും മാറുന്നു. എന്നാൽ ഇത്തരം നിക്ഷേപങ്ങളിൽ ഏഴു മുതൽ പത്ത് വർഷം വരെ ഫണ്ട് പിൻവലിക്കാൻ കഴിയാത്ത (Lock-in period) സാഹചര്യമുണ്ടാകാം. അതിനാൽ ഉയർന്ന വരുമാനസാധ്യതയ്ക്കൊപ്പം ദ്രവ്യതാ റിസ്കും നിക്ഷേപകർ കണക്കിലെടുക്കേണ്ടതുണ്ട്.

പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിരോധമെന്ന നിലയിൽ കമ്മോഡിറ്റികൾക്കും ഇൻഫ്രാസ്ട്രക്ചറിനും പ്രാധാന്യം ഏറുന്നുണ്ട്. സ്വർണം, ഊർജ്ജം, വ്യാവസായിക ലോഹങ്ങൾ എന്നിവയ്ക്കൊപ്പം ടോൾ റോഡുകളിൽ നിന്നുള്ള സ്ഥിരമായ വരുമാനവും ഇതിൽ ഉൾപ്പെടുന്നു. കലാവസ്തുക്കൾ, അപൂർവ വീഞ്ഞ്, വാച്ചുകൾ, ക്ലാസിക് കാറുകൾ തുടങ്ങിയവ ഫ്രാക്ഷണൽ ഓണർഷിപ്പ് പ്ലാറ്റ്‌ഫോമുകളിലൂടെ സാധാരണക്കാർക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ലഭ്യതയും നിക്ഷേപകരും വെല്ലുവിളികളും

പഴയകാലത്ത് സ്ഥാപന നിക്ഷേപകർക്ക് (​Institutional Investors) ലഭ്യമായിരുന്ന ചില ആൾട്ടർനേറ്റീവ് അസറ്റുകളിലെ നിക്ഷേപ അവസരങ്ങൾ ഇപ്പോൾ സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്കും ലഭ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഫ്രാക്ഷണൽ ഓണർഷിപ്പ് പ്ലാറ്റ്ഫോം വഴി ചെറിയ തുക ഉപയോഗിച്ചും ഇതര ആസ്തികളിൽ നിക്ഷേപിക്കാനുള്ള അവസരങ്ങൾ വർധിച്ചു. ഇതോടെ പ്രവേശനതടസ്സം കുറഞ്ഞെങ്കിലും, ആസ്തിയുടെ യഥാർഥ മൂല്യം നിർണയിക്കുന്നതും വിൽപ്പനയിലൂടെ പണം തിരിച്ചെടുക്കുന്നതും എല്ലായ്പ്പോഴും എളുപ്പമാകണമെന്നില്ല. ചില നിക്ഷേപങ്ങൾക്ക് നിശ്ചിതകാലം ലോക്ക്-ഇൻ നിബന്ധനകളും ബാധകമായേക്കാം.

അതിനാൽ പോർട്ട്‌ഫോളിയോയുടെ 5% മുതൽ 20% വരെ മാത്രം ആൾട്ടർനേറ്റീവ് അസറ്റുകളിൽ നിക്ഷേപിക്കാനാണ് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നത്. നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷി, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലയളവ്, പണലഭ്യതയുടെ ആവശ്യം എന്നിവ അടിസ്ഥാനമാക്കിയാകണം നിക്ഷപ വിഹിതം തീരുമാനിക്കേണ്ടത്.

ചുരുക്കത്തിൽ പരമ്പരാഗത നിക്ഷേപങ്ങൾക്ക് പകരമായിട്ടല്ല, മറിച്ച് അവയുടെ അനുബന്ധമായിട്ടാണ് ആൾട്ടർനേറ്റീവ് അസറ്റുകളെ കാണേണ്ടത്. കൂടുതൽ നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാകുന്ന സാഹചര്യത്തിൽ, ഓരോ ആസ്തിയുടെയും സാധ്യതയ്ക്കൊപ്പം അതിന്റെ റിസ്കും ചെലവും ലിക്വിഡിറ്റിയും കൃത്യമായി വിലയിരുത്തിവേണം നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യേണ്ടത്.

(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും ഫണ്ട് വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com