

പ്രമുഖ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമുള്ള അമാഗി മീഡിയ ലാബ്‌സ് (Amagi Media Labs) ഐപിഒ ജനുവരി 13ന് ആരംഭിക്കും. പ്രാഥമിക ഓഹരിവില്പനയിലൂടെ 1,788.62 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 343-361 പ്രൈസ് ബാന്‍ഡിലാണ് ഇഷ്യുവില.
ജനുവരി 16 വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയില്‍ 816 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 972.6 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലും വിറ്റഴിക്കും. 2.69 കോടി ഓഹരികള്‍ വരുമിത്. 2008ല്‍ സ്ഥാപിതമായ ബെംഗളൂരു ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കമ്പനിയാണിത്.
വീഡിയോ ഉള്ളടക്കം സൃഷ്ടിക്കുന്നവര്‍ക്കും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും സേവനങ്ങള്‍ നല്കുന്ന കമ്പനിയാണിത്. ക്ലൗഡ് അധിഷ്ഠിത ബ്രോഡ്കാസ്റ്റ് രംഗത്തെ മുന്‍നിര കമ്പനിയാണിത്. 2025 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 884 ജീവനക്കാര്‍ അമാഗി മീഡിയ ലാബ്‌സില്‍ ജോലി ചെയ്യുന്നു. യുഎസ്, ക്രൊയേഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.
ഐപിഒയില്‍ വില്ക്കാന്‍ വയ്ക്കുന്ന ഓഹരികളുടെ 75 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനും ബാക്കിയുള്ള 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമാണ്. കഴിഞ്ഞ ജൂലൈയിലാണ് കമ്പനി ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ നല്കുന്നത്. നവംബറില്‍ അനുമതി ലഭിച്ചു. 2,254 കോടി രൂപ സമാഹരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് വെട്ടിക്കുറയ്ക്കുകയായിരുന്നു.
വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസീം പ്രേംജി അടക്കം അമാഗി മീഡിയ ലാബ്‌സില്‍ നിക്ഷേപകരാണ്. അദ്ദേഹത്തിന്റെ പി.ഐ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്‌സിന് കമ്പനിയില്‍ 26.55 ശതമാനം പങ്കാളിത്തമുണ്ട്. Accel (15.58%), നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് (14.23%), ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ (8.33%) എന്നിങ്ങനെയാണ് നിക്ഷേപക സാന്നിധ്യം.
ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ ടെക്‌നോളജി സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താനാകും ഉപയോഗിക്കുക.
2024-25 സാമ്പത്തികവര്‍ഷം 66 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ പകുതിയില്‍ 6.47 കോടി രൂപ ലാഭം കണ്ടെത്താന്‍ സാധിച്ചു. വരുമാനം 34.6 ശതമാനം വര്‍ധിച്ച് 523.7 കോടി രൂപയില്‍ നിന്ന് 704.8 കോടിയായി വര്‍ധിക്കുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine