7 വര്‍ഷത്തിന് ശേഷം നഷ്ടം നേരിട്ട് ആമസോണ്‍; വമ്പന്മാരെ വെട്ടിലാക്കിയ റിവിയന്‍

2015ന് ശേഷം ആദ്യമായി ആമസോണ്‍ (Amazone) ഒരു പാദത്തില്‍ നഷ്ടം രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് കാലയളവില്‍ 3.84 ബില്യണ്‍ ഡോളറാണ് ആമസോണിന്റെ നഷ്ടം. അതായത് ഓഹരി ഒന്നിന് 7.56 ഡോളറാണ് നഷ്ടമാണ് നേരിട്ടത്. ഇന്നലെ ആമസോണിന്റെ ഓഹരികള്‍ 14.05 ശതമാനം ആണ് ഇടിഞ്ഞിരുന്നു.

ആമസോണ്‍ ഇ-കൊമേഴ്‌സ് വിഭാഗം മാത്രം ആഗോള തലത്തില്‍ 1.28 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തിലാണ്. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ റിവിയന്‍ ഓട്ടോമോട്ടീവില്‍ (rivian automotive) നടത്തിയ നിക്ഷേപമാണ് ആമസോണിനെ നഷ്ടത്തിലാക്കിയതെന്നാണ് വിലയിരുത്തല്‍. റിവിയനിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ആമസോണ്‍.

20 ശതമാനം ഓഹരികളാണ് ആമസോണിന് ഈ വാഹന നിര്‍മാണ കമ്പനിയില്‍ ഉള്ളത്. റിവിയനില്‍ 12 ശതമാനം ഓഹരികള്‍ ഉള്ള പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും (Ford) ഈ വര്‍ഷം ആദ്യ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 3.1 ബില്യണ്‍ ഡോളറാണ് ഫോര്‍ഡിന്റെ നഷ്ടം.

റിവിയന്‍ ഓട്ടോമോട്ടീവില്‍ സംഭവിക്കുന്നത്

2009ല്‍ ആര്‍ജെ.സ്‌കാറിംഗ് എന്ന വ്യക്തിയാണ് റിവിയന്‍ ഓട്ടോമോട്ടീവ് സ്ഥാപിക്കുന്നത്. 2021ല്‍ നടന്ന പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ടെസ്ലയ്ക്ക് പിന്നില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ വാഹന നിര്‍മാതാക്കളായി മാറിയ കമ്പനിയാണ് റിവിയന്‍ ഓട്ടോമോട്ടീവ്.

2019ല്‍ ഫെബ്രുവരിയില്‍ ആമസോണ്‍ 700 മില്യണ്‍ ഡോളറിന്റെയും ഏപ്രിലില്‍ ഫോര്‍ഡ് 500 മില്യണ്‍ ഡോളറിന്റെയും നിക്ഷേപമാണ് റിവിയനില്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം ഇലക്ട്രിക് ഡെലിവറി വാനുകളും കമ്പനിയില്‍ നിന്ന് ആമസോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ റിവിയനുമായി ചേര്‍ന്ന് ബാറ്ററി നിര്‍മാണം, പിക്കപ്പ് നിര്‍മാണം തുടങ്ങിയവ പദ്ധതിയിട്ട ഫോര്‍ഡ് പിന്നീട് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഒരു വേള 172.01 ഡോളര്‍ വരെ ഉയര്‍ന്ന റിവിയന്‍ ഓട്ടോമോട്ടീവ് ഓഹരികളുടെ ഇപ്പോഴത്തെ വില വെറും 30.24 ഡോളറാണ്. ഉല്‍പ്പാദനത്തില്‍ നേരിട്ട പ്രതിസന്ധികളാണ് കമ്പനിക്ക് തിരിച്ചടിയായത്. വിതര ശൃംഖലയില്‍ ഉണ്ടായ തടസങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിച്ചെന്നും ഈ വര്‍ഷം 25,000 വാഹനങ്ങള്‍ മാത്രമേ നിര്‍മിക്കാന്‍ സാധിക്കു എന്നും കമ്പനി മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. ആമസോണിന്റെ ഓര്‍ഡറുകള്‍ കൂടാതെ 83,000 ബുക്കിംഗുകളാണ് കമ്പനിക്ക് കൊടുത്ത് തീര്‍ക്കാനുള്ളത്. ആമസോണിന് 7.6 ബില്യണ്‍ ഡോളറും ഫോര്‍ഡിന് 5.5 ബില്യണ്‍ ഡോളറുമാണ് റിവിയന്‍ ഓഹരി ഇടിവില്‍ ഉണ്ടായ നഷ്ടം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it