സാംഘിയെ വാങ്ങാന്‍ 5,000 കോടിയുടെ കരാറില്‍ ഒപ്പിട്ട് അദാനി; ഓഹരി വില ഉയര്‍ന്നു

അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജ സിമന്റ്‌സ് സാംഘി ഇന്‍ഡസ്ട്രീസിനെ (SIL) ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളായ അംബുജ സിമന്റ്‌സ് 5,000 കോടി രൂപയ്ക്കാണ് സാംഘിയെ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ അദാനി ഒപ്പുവച്ചതായാണ് വിവരം.

സാംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്ന കരാര്‍ പ്രകാരം അംബുജ സിമന്റ്‌സ് സാംഘിയുടെ 56.74 ശതമാനം ഓഹരികള്‍ സ്വന്തമാക്കും. ഒരു ഓഹരിക്ക് 114.22 രൂപ വീതമാകും ഏറ്റെടുക്കൽ.

പുതിയ ഏറ്റെടുക്കലും ചേര്‍ത്ത് സിമന്റ് മേഖലയില്‍ മൂന്നാമത്തെ വലിയ നിക്ഷേപമുറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്. 2022 ലാണ് അംബുജ സിമന്റ്‌സ്, എ.സി.സി സിമന്റ്‌സ് എന്നിവയെ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലോടെ അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉത്പാദനശേഷി 736 ലക്ഷം ടണ്ണായി വര്‍ധിക്കും.

ഓഹരി ഉയര്‍ന്നു

രവി സാംഘിയും കുടുംബവും കൈവശം വച്ചിട്ടുള്ള ഓഹരികളാണ് അദാനിക്കു നല്‍കുന്നത്. ഇതോടൊപ്പം കൂടുതല്‍ ഓഹരികള്‍ വാങ്ങുതിന് ഓപ്പണ്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതോടെ സാംഘി ഓഹരികള്‍ ഇന്ന് രാവിലെ അഞ്ചു ശതമാനം ഉയര്‍ന്ന് 105.4 രൂപയിലെത്തി.

അംബുജ സിമന്റ്സ് ഓഹരിയിലും പുതിയ കരാറിന്റെ പ്രതിഫലനങ്ങളുണ്ടായി. ഓഹരി ഇന്ന് രാവിലെ നേരിയ ഉയര്‍ച്ചയോടെ 464 രൂപയിലെത്തി.

Related Articles
Next Story
Videos
Share it