

നിര്‍മ്മിത ബുദ്ധി (AI) മേഖലയിലെ ആഗോള കുതിപ്പിനിടെ, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള ഒരു വാർത്ത നിക്ഷേപകരെയും വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. 'ആർ.ആർ.പി സെമികണ്ടക്ടർ' (RRP Semiconductor) എന്ന അധികമാരും കേട്ടിട്ടില്ലാത്ത കമ്പനിയുടെ ഓഹരി വില കഴിഞ്ഞ 20 മാസത്തിനുള്ളിൽ 55,000 ശതമാനത്തിലധികമാണ് വർധിച്ചത്. കേവലം രണ്ട് ജീവനക്കാർ മാത്രമുള്ള ഒരു കമ്പനി എങ്ങനെയാണ് ഇത്രയധികം വളർച്ച കൈവരിച്ചത് എന്നത് എ.ഐ മേഖലയിലെ അമിതപ്രതീക്ഷകൾ സൃഷ്ടിക്കുന്ന 'കുമിള' (Bubble) ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് സെമികണ്ടക്ടർ രംഗത്തേക്ക് ചുവടുമാറ്റിയ ഈ കമ്പനി, സോഷ്യൽ മീഡിയയിലെ വലിയ പ്രചാരണം വഴിയാണ് നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിലവിൽ 100 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ഈ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നായി മാറി. എന്നാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ചിത്രം തികച്ചും വ്യത്യസ്തമാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കമ്പനിയുടെ വരുമാനം നെഗറ്റീവ് ആണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 6.82 കോടി രൂപയുടെ നെഗറ്റീവ് വരുമാനവും 7.15 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. കൂടാതെ സെമികണ്ടക്ടർ നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി ഇതുവരെ ആരംഭിച്ചിട്ടുമില്ല.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. എന്നാൽ പിന്നീട് സച്ചിന് കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി തന്നെ വ്യക്തമാക്കുകയുണ്ടായി. ഇത്തരം അഭ്യൂഹങ്ങളും ഓൺലൈൻ ഗ്രൂപ്പുകളിലെ അമിത പ്രചാരണവുമാണ് ഓഹരി വില കുതിച്ചുയരാൻ കാരണമായതെന്നാണ് സൂചന.
സെബിയുടെ (SEBI) കർശന നിരീക്ഷണത്തിലാണ് ഇപ്പോൾ ഈ കമ്പനി. വൻതോതിലുള്ള വിലക്കയറ്റത്തിൽ ക്രമക്കേടുകൾ ഉണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരുന്നു. ആഴ്ചയിൽ ഒരിക്കലാക്കി ഇതിനകം തന്നെ ഓഹരിയുടെ വ്യാപാരം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകർ ഇത്തരം അവിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്യുന്ന ഓഹരികളിൽ പണം നിക്ഷേപിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അടിസ്ഥാനപരമായ സാമ്പത്തിക വളർച്ചയില്ലാതെ കേവലം ഹൈപ്പുകളുടെ പുറത്ത് ഉയരുന്ന ഇത്തരം ഓഹരികൾ വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായേക്കാം.
An obscure Indian AI stock with just two employees surges 55,000%, raising concerns over speculative bubbles.
Read DhanamOnline in English
Subscribe to Dhanam Magazine