

പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ ഏഞ്ചല്‍ വണ്ണിന്റെ (Angel One) ഓഹരി വിലയില്‍ ഇന്ന് ഒറ്റയടിക്ക് 90 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് നിക്ഷേപകരെ അമ്പരപ്പിച്ചു. എന്നാല്‍ ഇത് ഓഹരി വിപണിയിലെ തകര്‍ച്ചയല്ല, മറിച്ച് കമ്പനി മുന്‍കൂട്ടി പ്രഖ്യാപിച്ച ഓഹരി വിഭജനം (Stock Split) പ്രാബല്യത്തില്‍ വന്നതുകൊണ്ടുണ്ടായ മാറ്റമാണ്.
ഏഞ്ചല്‍ വണ്‍ ഓഹരികള്‍ 1:10 എന്ന അനുപാതത്തിലാണ് വിഭജിച്ചത്. അതായത്, 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറി. ഇതോടെ വിപണിയില്‍ ഓഹരിയുടെ വില പത്തിലൊന്നായി ക്രമീകരിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഏകദേശം 2,500 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില, വിഭജനത്തിന് ശേഷം ഇന്ന് 250 രൂപ എന്ന നിലവാരത്തിലേക്ക് മാറി.
ഓഹരിയുടെ എണ്ണം പത്തിരട്ടിയായി വര്‍ധിക്കുമെങ്കിലും നിക്ഷേപത്തിന്റെ ആകെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. ഉദാഹരണത്തിന്, നിങ്ങളുടെ പക്കല്‍ 2,500 രൂപ വിലയുള്ള ഒരു ഓഹരി ഉണ്ടായിരുന്നുവെങ്കില്‍, ഇപ്പോള്‍ 250 രൂപ വിലയുള്ള 10 ഓഹരികള്‍ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിലെത്തും.
ചില്ലറ നിക്ഷേപകര്‍ക്ക് (Retail Investors) ഓഹരികള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുക, വിപണിയിലെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 2020-ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ഏഞ്ചല്‍ വണ്‍ നടത്തുന്ന ആദ്യ ഓഹരി വിഭജനമാണിത്.
ഓഹരി വിഭജനത്തിന് മുന്നോടിയായി ജനുവരിയില്‍ ഓരോ ഓഹരിക്കും 23 രൂപ നിരക്കില്‍ ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു. മികച്ച സാമ്പത്തിക പ്രകടനമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഏഞ്ചല്‍ വണ്‍ കാഴ്ചവെച്ചത്.
ഓഹരി വില കുറയുന്നത് കണ്ട് പരിഭ്രാന്തരായി വില്‍ക്കുന്നതിന് പകരം, ഇത് ഓഹരിയുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള സാങ്കേതിക നടപടി മാത്രമാണെന്ന് നിക്ഷേപകര്‍ തിരിച്ചറിയണം. കുറഞ്ഞ വിലയില്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഓഹരിക്ക് ഗുണകരമായേക്കാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Angel One share price fell 90% due to a 1:10 stock split, with no change in investor value but improved affordability and liquidity.
Read DhanamOnline in English
Subscribe to Dhanam Magazine