Begin typing your search above and press return to search.
കേരള ആസ്ഥാനമായുള്ള ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്
ഏഴ് കമ്പനികളുടെ ഐപിഒയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അംഗീകാരം നല്‍കി
കേരള കമ്പനിയായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ അടക്കമുള്ള അഞ്ച് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് അനുമതി നല്‍കി സെബി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ 765 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്. ഇതില്‍ 465 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും 300 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും ഉള്‍പ്പെടും. ഗ്രൂപ്പ് ഹാത്ത്വേ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ ഓഹരികള്‍ കൈമാറുന്നത്.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് പുറമെ ഫാബ് ഇന്ത്യ, ഈതര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സിര്‍മ എസ്ജിഎസ് ടെക്നോളജി ലിമിറ്റഡ്, സനാതന്‍ ടെക്സ്‌റ്റൈല്‍സ് ലിമിറ്റഡ്, കാപ്പിലറി ടെക്നോളജീസ് ഇന്ത്യ ലിമിറ്റഡ്, ഹര്‍ഷ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കാണ് സെബി കഴിഞ്ഞദിവസം അനുമതി നല്‍കിയത്. ഐപിഒയിലൂടെ 4000 കോടി രൂപ സമാഹരിക്കാനാണ് ഫാബ് ഇന്ത്യ ലിമിറ്റഡ് പദ്ധതിയിടുന്നത്. 500 കോടി രൂപയുടെ പുതിയ ഇഷ്യൂവും നിലവിലുള്ള നിക്ഷേപകര്‍/ഷെയര്‍ഹോള്‍ഡര്‍മാരുടെ 25,050,543 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഓഫറില്‍ ഉള്‍പ്പെടുന്നു.
സൂറത്ത് ആസ്ഥാനമായുള്ള സ്‌പെഷ്യാലിറ്റി-കെമിക്കല്‍സ് നിര്‍മാതാക്കളായ ഈതര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1,000 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുക. പബ്ലിക് ഇഷ്യൂവില്‍ കമ്പനിയുടെ ഇക്വിറ്റി ഷെയറുകളുടെ 757 കോടി രൂപയുടെ പുതിയ ഇഷ്യൂവും കമ്പനിയുടെ പ്രൊമോട്ടര്‍മാരില്‍ ഒരാളായ പൂര്‍ണിമ അശ്വിന്‍ ദേശായിയുടെ 27.51 ലക്ഷം വരെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നു. സിര്‍മ എസ്ജിഎസ് ടെക്നോളജിയുടെ ഐപിഒയില്‍ 926 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 33,69,360 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്.
സനാതന്‍ ടെക്സ്റ്റൈല്‍സിന്റെ ഐപിഒയില്‍ 500 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരുടെയും പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെയും 1,14,00,000 വരെയുള്ള ഓഹരികളുടെ സെക്കന്‍ഡറി വില്‍പ്പനയുമാണ് ഉള്‍പ്പെടുന്നത്. കാപ്പിലറി ടെക്നോളജീസ് ഇന്ത്യ ലിമിറ്റഡിന്റെ 850 കോടി രൂപയുടെ ഐപിഒയില്‍, 200 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 650 കോടി വരെയുള്ള ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഹര്‍ഷ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഐപിഒ വഴി 755 കോടി രൂപ സമാഹരിക്കും. 455 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 300 കോടി രൂപ വരെയുള്ള ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്.
Next Story
Videos