കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ലക്ഷ്യം പുതു ഓഹരികളിലൂടെ 250 കോടി രൂപ സമാഹരിക്കല്‍
രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഇതിനായി സെബിക്ക് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഇത് രണ്ടാം തവണയാണ് കേരളം ആസ്ഥാനമായുള്ള കമ്പനി ഓഹരി വിപണിയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നത്. നേരത്തെ 2021ല്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും വിപണിയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് പബ്ലിക് ഇഷ്യുവില്‍ നിന്ന് കമ്പനി പിന്മാറുകയായിരുന്നു. അന്ന് 800 കോടി രൂപയായിരുന്നു കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച അപേക്ഷ പ്രകാരം (DRHP) ഓഹരി ഒന്നിന് 2 രൂപ മുഖവിലയുള്ള 250 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവും, 14,275,401 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബനിയന്‍ട്രീ ഗ്രോത്ത് ക്യാപിറ്റലിന്റെ ഓഹരികളാണ് ഒ.എഫ്.എസില്‍ വില്‍ക്കുക.
ഐസി.ഐ.സി.ഐ സെക്യൂരിറ്റീസ്, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ്, സെന്‍ട്രം ക്യാപിറ്റല്‍ എന്നിവയെ ഐ.പി.ഒ ഉപദേശകരായി നിയമിച്ചിട്ടുണ്ട്. ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
ഐ.പി.ഒയ്ക്ക് മുന്‍പ് 50 കോടി
പ്രീ ഐ.പി.ഒ പ്ലേസ്‌മെന്റ് വഴി 50 കോടി രൂപ സമാഹരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ പുതിയ ഇഷ്യുവിന്റെ വലിപ്പം കുറയും. പുതിയ ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന തുക കമ്പനിയും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് എടുത്ത 192 കോടി രൂപ വായ്പകളുടെ പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചടവിനോ അല്ലെങ്കില്‍ മുന്‍കൂര്‍ അടവിനോ ഉപയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും.
കമ്പനിയെ കുറിച്ച്
രാജ്യത്തെ മാരുതിയുടെ അഞ്ച് പ്രമുഖ ഡീലര്‍മാരില്‍ ഒന്നാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. മാരുതി കൂടാതെ ഹോണ്ട, ജെ.എല്‍.ആര്‍ എന്നിവരുടേയും പാസഞ്ചര്‍കാര്‍ ഡീലര്‍ഷിപ്പ് കമ്പനി നടത്തി വരുന്നു. കൂടാതെ ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ ഡീലര്‍ഷിപ്പുമുണ്ട്.
ഓട്ടോമൊബൈല്‍ പാര്‍ട്‌സുകളുടെ മൊത്ത വ്യാപാരികളായി 1939-ലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. പോപ്പുലര്‍ വെഹിക്കിള്‍സിന് മൊത്തം 211 ഷോറൂമുകളും 130 സര്‍വീസ് സെന്ററുകളുമുണ്ട്.
2023 സാമ്പത്തിക വര്‍ഷത്തില്‍ 47,820 പുതിയ വാഹനങ്ങളും 11,806 പ്രീ ഓണ്‍ഡ് വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. മൊത്തം സര്‍വീസ് ചെയ്ത വാഹനങ്ങളുടെ എണ്ണം 9,57,148.
മാരുതിയുടെ പുതിയ വാഹനങ്ങള്‍ക്കായി 97 ഷോറൂമുകളും പ്രീ ഓണ്‍ഡ് വാഹനങ്ങള്‍ക്കായി 30 ഷോറൂമുകളുമുണ്ട്. കൂടാതെ ഹോണ്ട വാഹനങ്ങള്‍ക്കായി 11ഉം ജെ.എല്‍.ആര്‍ വാഹനങ്ങള്‍ക്കായി രണ്ട് ഷോറൂമുകളുമുണ്ട്. വാണിജ്യ വാഹന വില്‍പ്പനയ്ക്കായി ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ക്കായി 48 ഷോറൂമുകളും ഭാരത് ബെന്‍സിന്റെ 10 ഷോറൂമുകളുമുണ്ട്.
വരുമാനവും ലാഭവും
2022-2023 സാമ്പത്തിക വര്‍ഷം 4,893 കോടി രൂപ വരുമാനവും 64 കോടി രൂപ അറ്റാദായവുമാണ് കമ്പനി നേടയത്. കമ്പനിയുടെ വരുമാനത്തിന്റെ 71 ശതമാനവും കേരളത്തില്‍ നിന്നാണ്. 29 ശതമാനം മാത്രമാണ് കേരളത്തിന് പുറത്തെ വിപണികളില്‍ നിന്നുള്ളത്.
സ്ഥാപനത്തിന്റെ പ്രമോട്ടര്‍മാരായ ജോണ്‍ കെ പോള്‍, ഫ്രാന്‍സിസ് പോള്‍, നവീന്‍ കെ.ഫിലിപ്പ് എന്നിവര്‍ക്ക് 21.93 ശതമാനം വീതം ഓഹരി പങ്കാളിത്തം കമ്പനിയിലുണ്ട്. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 34.21 ശതമാനം പൊതുജനങ്ങളുടെ പക്കലായിരിക്കും.