

ചൈനീസ് കമ്പനിയായ ആന്റ് ഗ്രൂപ്പ് (Ant Group) പേടിഎമ്മിലെ ശേഷിക്കുന്ന 5.8 ശതമാനം ഓഹരികളും വിറ്റഴിക്കുന്നു. 3,803 കോടി രൂപ (ഏകദേശം 434 മില്യൺ ഡോളർ) വിലമതിക്കുന്ന ഓഹരികള്‍ ഒന്നോ അതിലധികമോ ബ്ലോക്ക് ഡീലുകളിലൂടെ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേടിഎമ്മിന്റെ ആദ്യകാല നിക്ഷേപകരിൽ ഒരാളായ ആന്റ് ഗ്രൂപ്പ് (മുമ്പ് ആന്റ് ഫിനാൻഷ്യൽ) ചൈനീസ് ടെക് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ്. ഇടപാടിന് ശേഷം പേടിഎമ്മില്‍ ചൈനീസ് ഉടമസ്ഥത ഉണ്ടാകില്ല.
ആന്റ് ഗ്രൂപ്പ് പേടിഎമ്മിലെ ഏകദേശം 3.7 കോടി ഓഹരികൾ ഒരു ഓഹരിക്ക് 1,020 രൂപ എന്ന നിരക്കിലാണ് വിൽക്കുക. ഇന്നലത്തെ (തിങ്കളാഴ്ച) എൻഎസ്ഇയിലെ പേടിഎമ്മിന്റെ ക്ലോസിംഗ് വിലയായ 1,078 രൂപയേക്കാൾ 5.4 ശതമാനം കിഴിവിലാണ് ഓഹരികള്‍ വില്‍ക്കുന്നത്. മെയ് മാസത്തിൽ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന ബ്ലോക്ക് ഡീലുകൾ വഴി പേടിഎമ്മിലെ 4 ശതമാനം ഓഹരികള്‍ ആന്റ് ഗ്രൂപ്പ് വിറ്റിരുന്നു.
കമ്പനി നേടാന്‍ ഉദ്ദേശിക്കുന്ന ചില ലൈസൻസുകൾ ലഭിക്കുന്നതിന് ചൈനീസ് ബന്ധം ഉപേക്ഷിക്കുന്നത് സഹായകരമാകുമെന്ന് ജെഎം ഫിനാൻഷ്യല്‍ വിലയിരുത്തുന്നു. മുമ്പ് ചൈനീസ് ഉടമസ്ഥതയിൽ ജാഗ്രത പുലർത്തിയിരുന്ന കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഈ നീക്കത്തിന് കഴിഞ്ഞേക്കും.
കഴിഞ്ഞ വർഷം ആർബിഐ നിയന്ത്രണങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ബാങ്കിംഗ് യൂണിറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിനെത്തുടർന്ന് നിയന്ത്രണ പരിശോധനയ്ക്ക് വിധേയമായ പേടിഎം, ജൂൺ പാദത്തിൽ ലാഭത്തിലേക്ക് തിരിച്ചുവന്നിരുന്നു. ചൈനീസ് ഉടമസ്ഥാവകാശം പൂർണമായും നീക്കം ചെയ്യുന്നത് കമ്പനി മുൻകാലങ്ങളിൽ നേരിട്ട ചില റെഗുലേറ്ററി തടസങ്ങള്‍ പരിഹരിച്ചേക്കാമെന്നും കരുതുന്നുണ്ട്. നടപടി ഓഹരി വിലയിൽ ഉയർച്ചയ്ക്ക് കാരണമാകുമെന്നും ജെഎം ഫിനാൻഷ്യല്‍ വ്യക്തമാക്കുന്നു.
പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയ്ക്ക് കമ്പനിയില്‍ 9 ശതമാനം ഓഹരികളാണ് ഉളളത്. അതേസമയം നഷ്ടത്തിലാണ് വൺ 97 കമ്മ്യൂണിക്കേഷൻസ് ഓഹരിയുടെ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. എന്‍എസ്ഇ യില്‍ ഉച്ച കഴിഞ്ഞുളള വ്യാപാരത്തില്‍ ഓഹരി 2.18 ശതമാനം ഇടിഞ്ഞ് 1,054.70 രൂപയിലെത്തി. വാർഷികാടിസ്ഥാനത്തിൽ 6.6 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.
Ant Group to exit Paytm by selling ₹3,800 crore shares, ending Chinese ownership; potential stock price rise expected.
Read DhanamOnline in English
Subscribe to Dhanam Magazine