

ഏപ്രിലാണ് ഏറ്റവും ക്രൂര മാസം (April is the cruellest month) എന്ന് എഴുതിയത് ഇംഗ്ലീഷ് കവി ടി.എസ്. എലിയട്ട്. ധനകാര്യ വിപണികള്‍ 2025 ഏപ്രിലിനെ അങ്ങനെ വിശേഷിപ്പിച്ചാല്‍ അതിശയിക്കാനില്ല. ഓഹരികള്‍ ഇറങ്ങി, കയറി. ഡോളര്‍ ഇടിഞ്ഞു, തിരിച്ചു കയറി. സ്വര്‍ണം കയറി, ഇറങ്ങി. യുഎസ് കടപ്പത്രങ്ങള്‍ താഴ്ന്നു, കയറി.
എല്ലാം ഒരാള്‍ കാരണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ തീരുവപ്രഖ്യാപനങ്ങള്‍ നിക്ഷേപകരെ ഞെട്ടിച്ചു. അമ്പരപ്പിച്ചു. പരിചയസമ്പന്നരായ നിക്ഷേപ വിദഗ്ധര്‍ പോലും എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി.
ഇപ്പോഴും പ്രശ്നം തീര്‍ന്നിട്ടില്ല. എങ്കിലും ഏപ്രില്‍ രണ്ടാം പകുതിയില്‍ ട്രംപ് കുറേക്കൂടി യുക്തിസഹമായ നിലപാടുകളിലേക്കു പിന്‍വാങ്ങി. അമേരിക്കന്‍ കേന്ദ്രബാങ്ക് ആയ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിനെ മാറ്റാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ട്രംപ് വിശദീകരിച്ചു. ചൈനയുടെ മേല്‍ പ്രഖ്യാപിച്ച 145 ശതമാനം ഡ്യൂട്ടി ഗണ്യമായി കുറയ്ക്കുമെന്ന് അറിയിച്ചു. ചര്‍ച്ചയ്ക്കു ചൈനയെ ക്ഷണിച്ചു. നിരവധി രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങി. തീരുവയുദ്ധം ഏതാനും മാസങ്ങള്‍ കൊണ്ടു തീരും എന്ന പ്രതീക്ഷ വന്നു. അതു തീരുന്നതു വരെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വ്യവസായം അപൂര്‍വധാതുങ്ങളുടെ ദൗര്‍ലഭ്യത്തില്‍ നട്ടം തിരിയും.
അതിനിടെയാണ് കാഷ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാനി ഭീകരര്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാക്കിയത്. ഒരു സമഗ്രയുദ്ധം ഉണ്ടാവുകയില്ലെന്നു വിശ്വസിക്കുമ്പോഴും വിപണി ആശങ്കയിലാണ്. കുറച്ചു സ്ഥലത്തു മാത്രം കയറി ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന പരിമിതയുദ്ധമോ മറ്റോ ഉണ്ടാകാം എന്നാണു പലരും കരുതുന്നത്. അതു പരിമിതമായി നിന്നില്ലെങ്കില്‍ എന്നത് ഒരു വലിയ ചോദ്യമാണ്.
ഇവയാണ് പുതിയ ധനകാര്യ വര്‍ഷത്തിന്റെ ആദ്യമാസം നിക്ഷേപകരുടെ മുന്നില്‍ ഉയര്‍ത്തുന്ന രണ്ടു വെല്ലുവിളികള്‍. ഇതോടൊപ്പം മുന്‍ ധനകാര്യ വര്‍ഷം ബാക്കി വച്ച ഒരു വലിയ വെല്ലുവിളി ഉണ്ട്. കമ്പനികളുടെ വളര്‍ച്ചക്കുറവ്. വളര്‍ച്ച കുറയുമ്പോള്‍ ലാഭം കുറയും. ചിലപ്പോള്‍ നഷ്ടത്തിലാകും. അപ്പോള്‍ കമ്പനികളുടെ ഇപിഎസ് (പ്രതി ഓഹരി വരുമാനം) ഇടിയും. സ്വാഭാവികമായും ഓഹരിവില കുറയും. കഴിഞ്ഞ ധനകാര്യ വര്‍ഷം തുടങ്ങിയ ഈ വീഴ്ച തുടരാനാണ് ഏപ്രിലില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ വഴി തുറക്കുന്നത്. മാരുതി ഗുജറാത്തിലെ പുതിയ ഫാക്ടറി നിര്‍മാണം കുറേ കഴിഞ്ഞു മതി എന്നു തീരുമാനിച്ചത് ഒരു സൂചനയാണ്. സ്വകാര്യമേഖല മൂലധന നിക്ഷേപത്തിനു തയ്യാറാകാന്‍ തക്ക സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല.
ചുരുക്കം: വരുന്ന മാസങ്ങളില്‍ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ച തടസപ്പെടും. അത് ഓഹരി വിലകളെ താഴ്ത്തും.
പാഠം: ആ താഴ്ച കഴിയുമ്പോള്‍ വിപണി കുതിച്ചുയരും. അതാണു മുമ്പെന്നും കണ്ടിട്ടുള്ളത്.
1. തീരുവയുദ്ധം
ഇന്ത്യയുടെ കയറ്റുമതിയില്‍ കുറവു വരാം. അേമരിക്കയില്‍ നിന്നു കാര്‍ഷിക ഇറക്കുമതി വര്‍ധിക്കും. ഭക്ഷ്യ സംഭരണ -വിപണനേമഖലകളില്‍ കൂടുതല്‍ വിദേശകമ്പനികള്‍ വരും.
2. അതിര്‍ത്തി സംഘര്‍ഷം
1999ലെ കാര്‍ഗില്‍, 2020ലെ ഗല്‍വാന്‍ യുദ്ധങ്ങള്‍ പോലെ ഒരു പരിമിത യുദ്ധത്തില്‍ സംഘര്‍ഷം ഒതുങ്ങിയാല്‍ സമ്പദ്ഘടനയ്ക്ക് കാര്യമായ ക്ഷീണം വരില്ല. മറിച്ചായാല്‍ വളര്‍ച്ചയില്‍ സാരമായ കുറവ് വരും. അതു കമ്പനികളുടെ വളര്‍ച്ച തടസെപ്പടുത്തും. വിദേശനിക്ഷേപം കുറയും.
3. വളര്‍ച്ചയിലെ മാന്ദ്യം
സാമ്പത്തിക വളര്‍ച്ചയുടെ കണക്കില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷവും ലോകത്ത് ഒന്നാം സ്ഥാനത്താണ്. പക്ഷേ ഇന്ത്യന്‍ കമ്പനികളുടെ വില്‍പനയും ലാഭവും വളരെ കുറഞ്ഞ തോതിലേ വളര്‍ന്നുള്ളൂ. ഈ വര്‍ഷം കൂടി അങ്ങനെ തുടരുമ്പോള്‍ ഓഹരികള്‍ ഇടിഞ്ഞു നില്‍ക്കും.
1. മികച്ച ഓഹരികള്‍ നഷ്ടത്തില്‍ വിറ്റുകളയാതിരിക്കുക
യുദ്ധങ്ങള്‍ - വ്യാപാരയുദ്ധമായാലും സൈനികയുദ്ധമായാലും - അവസാനിക്കാനുള്ളതാണ്. അതിനുശേഷം അനിശ്ചിതത്വം മാറി വിപണികള്‍ ഉയരും. വളര്‍ച്ചയിലെ തളര്‍ച്ച ഉചിതമായ നയങ്ങള്‍ കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയും. ക്ഷമയോടെ കാത്തിരിക്കണം.
2. കാത്തിരുന്ന വാങ്ങല്‍ അവസരം മുന്നില്‍
എല്ലാ പ്രശ്നങ്ങളും കൂടി ഉരുണ്ടു കൂടുന്ന നാളുകളാണു മുന്നില്‍ കാണാവുന്നത്. അപ്പോള്‍ പേടി വര്‍ധിച്ച് നല്ല ഓഹരികള്‍ പോലും വിറ്റൊഴിയുന്നവരുടെ എണ്ണം കൂടും. നിരീക്ഷണബുദ്ധി ഉള്ള നിക്ഷേപകര്‍ക്കു മികച്ച കമ്പനികള്‍ ശരിക്കും ആദായകരമായ വിലയില്‍ വാങ്ങിക്കൂട്ടാന്‍ പറ്റും.
3. പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടെന്നത് മറക്കരുത്
വിപണിയിലെ പ്രശ്നങ്ങള്‍ സമ്പദ്ഘടനയിലെ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ്. സമ്പദ്ഘടന ഇപ്പോഴത്തെ അനിശ്ചിതത്വം തരണം ചെയ്യാന്‍ വഴികള്‍ കണ്ടെത്തും. അനിശ്ചിതത്വം എന്നും തുടരാന്‍ പറ്റില്ല. ഇത്രയും ജനസംഖ്യയും വിഭവശേഷിയുമുള്ള രാജ്യത്തിനു വളര്‍ച്ച വഴികള്‍ സ്വാഭാവികമായി തുറന്നു കിട്ടും. നല്ല കാലവര്‍ഷം, അമേരിക്കയുമായി താമസിയാതെ ഉണ്ടാകാന്‍ പോകുന്ന വ്യാപാര ഉടമ്പടിയും അതിന്റെ ഭാഗമായി വരുന്ന ചുങ്കം കുറയ്ക്കലും മറ്റും ഒരു പുതിയ തുടക്കത്തിനും വഴിതെളിക്കാം.
(ധനം മാഗസിന്‍ മെയ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine