സ്വര്‍ണ വില ഉയരുന്നതിന് കാരണം കേന്ദ്ര ബാങ്കുകളോ? വിപണി നിഗൂഢമായി തുടരുന്നു

പുതുവര്‍ഷാരംഭത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ മുന്നേറ്റത്തിന് കാരണം കേന്ദ്ര ബാങ്കുകളാകാം എന്ന് മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ കരുതുന്നു. സ്വര്‍ണ വില 7 മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതിന് പിന്നില്‍ മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ടി ഡി എസ് സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനം അഭിപ്രായപ്പെട്ടു. ലോക സമ്പദ് ഘടനയെ കുറിച്ചുള്ള നിക്ഷേപകരുടെ വീക്ഷണത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചതാകാം സ്വര്‍ണ വില കയറാന്‍ കാരണമെന്ന് ടി ഡി എസ് സെക്യൂരിറ്റീസ് സീനിയര്‍ കമ്മോഡിറ്റി സ്ട്രാറ്റജിസ്റ്റ് ഡാനിയേല്‍ ഗെലി അഭിപ്രായപ്പെട്ടു. സ്വര്‍ണത്തിലുള്ള ഊഹ കച്ചവടക്കാരുടെ താല്‍പ്പര്യം ദുര്‍ബലമായി തുടരുന്നു.

ചൈനയിലെ കേന്ദ്ര ബാങ്ക് ഡിസംബറില്‍ 30 ടണ്‍ അധികമായി കരുതല്‍ ശേഖരത്തിലേക്ക് വാങ്ങി. അവരുടെ മൊത്തം സ്വര്‍ണ ശേഖരം 2010 ടണ്ണായി വര്‍ധിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്ക് പ്രകാരം 2022 മൂന്നാം പാദത്തില്‍ കേന്ദ്ര ബാങ്കുകള്‍ 400 ടണ്‍ സ്വര്‍ണം അധികമായി വാങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 300 ശതമാനം വര്‍ധനവ്.

സ്വര്‍ണാഭരണ ഡിമാന്‍ഡാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കൂടാതെ നിക്ഷേപം (സ്വര്‍ണ എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍), കേന്ദ്ര ബാങ്ക്, ഇലക്ട്രോണിക്‌സ് വ്യവസായം എന്നിവയിലെ ഡിമാന്‍ഡുകളുമാണ് മറ്റ് ഘടകങ്ങള്‍. ഡോളര്‍ സൂചികയും, പലിശ നിരക്കും, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും മറ്റും സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ വരുത്താം. ഇറക്കുമതി തീരുവയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും.

ആഗോള മാന്ദ്യ ഭീതി, ഡോളര്‍ വിലയിടിവ്, ഓഹരി വിപണിയിലെ ചാഞ്ചാട്ടം എന്നിവ 2023 ല്‍ സ്വര്‍ണ വില ഉയര്‍ത്താന്‍ കാരണമാകുമെന്ന് കരുതുന്നു. 1973 ന് ശേഷം ഉണ്ടായ 7 സാമ്പത്തിക മാന്ദ്യങ്ങളിലും സ്വര്‍ണ വില ഉയരുകയാണ് ചെയ്തത്. 2023 ല്‍ ഇന്ത്യയില്‍ സ്വര്‍ണ വില 13% വര്‍ധിച്ച് പവന് 49,600 രൂപയാകുമെന്ന് ഐ സി ഐ സി ഐ ഡയറക്ട് കരുതുന്നു. കേരളത്തില്‍ സ്വര്‍ണ വില ജനുവരി മാസം രണ്ടു ശതമാനം വര്‍ധിച്ചിട്ടുണ്ട്. അക്ഷയ ത്രിതീയ, വിവാഹ ആവശ്യങ്ങള്‍ക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷ.

Related Articles
Next Story
Videos
Share it