
വലിയ മുന്നേറ്റം കാഴ്ചവെച്ച് അന്താരാഷ്ട്ര ഓഹരി വിപണികള്‍. യുഎസ് ഓഹരി വിപണി കുതിച്ചുയർന്നു. ബുധനാഴ്ച 9.5 ശതമാനമാണ് എസ് & പി 500 ഉയർന്നത്. തത്തുല്യ ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് വിപണിക്ക് കരുത്തായത്. നാസ്ഡാക്ക് കോമ്പോസിറ്റ് 12 ശതമാനം ഉയർന്ന് (1857.06 പോയിന്റ്) 17,124.97 ലെത്തി. ഡൗ ജോൺസ് 7.9 ശതമാനം ഉയർന്നു.
ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് തത്തുല്യ ചുങ്കത്തില്‍ 90 ദിവസത്തെ സാവകാശമാണ് ട്രംപ് നല്‍കിയിരിക്കുന്നത്. 125 ശതമാനം ചുങ്കം ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ചൈന ലോക വ്യാപാര സംഘടനയെ സമീപിച്ചിരിക്കുകയാണ്.
2008 ന് ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയാണ് എസ് & പി 500 രേഖപ്പെടുത്തിയത്. 11.6 ശതമാനം ഉയര്‍ച്ചയാണ് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരുന്ന അന്ന് ഉണ്ടായത്. വാൾസ്ട്രീറ്റിന്റെ ചുവടു പിടിച്ച് ഏഷ്യൻ വിപണികളും ശക്തമായ നേട്ടത്തോടെയാണ് ഇന്ന് തുറന്നത്. ഏഷ്യൻ വിപണികളിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ ജപ്പാനിലെ നിക്കി 10 ശതമാനത്തിലധികം ഉയർന്നു.
ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 5.4 ശതമാനം ഉയർന്നപ്പോൾ കോസ്ഡാക്ക് 4.61 ശതമാനം നേട്ടമുണ്ടാക്കി. ഓസ്‌ട്രേലിയയുടെ എസ് & പി / എഎസ്‌എക്സ് 200 ഫ്യൂച്ചറുകൾ 7 ശതമാനം വർദ്ധന രേഖപ്പെടുത്തി. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്.
അതേസമയം മഹാവീർ ജയന്തി ദിനമായ ഇന്ന് (ഏപ്രിൽ 10) ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയാണ്. നാളെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് ഇന്ത്യന്‍ വിപണികളും മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്.
യു.എസ് വിപണിയില്‍ ടെസ്‌ല 18.82 ശതമാനം ഉയർന്ന് 263.62 ലാണ് ക്ലോസ് ചെയ്തത്. ഇന്റൽ 16.96 ശതമാനം ഉയർന്ന് 21.20 ൽ ക്ലോസ് ചെയ്തു. എൻവിഡിയ 16.18 ശതമാനവും ആപ്പിൾ 10.15 ശതമാനവും ആമസോൺ 9.83 ശതമാനവും നേട്ടമാണ് രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine