ഐപിഒയ്ക്ക് ഒരുങ്ങി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍

765 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുക.
ഐപിഒയ്ക്ക് ഒരുങ്ങി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍
Published on

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഐപിഒ സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പര്‍ കമ്പനി സെബിക്ക് സമര്‍പ്പിച്ചു. 765 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുക.

300 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 465 കോടയിടുടെ ഓഹരികളുമാണ് വില്‍ക്കുന്നത്. ഹാത്വെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് 465 കോടിയുടെ ഓഹരികളും വില്‍ക്കുന്നത്. പുതിയ ഓഹരികളില്‍ നിന്ന് സമാഹരിക്കുന്ന തുകയില്‍ 160 കോടി വായ്പകള്‍ അടയ്ക്കുന്നതിന് ചെലവഴിക്കും. 75.04 കോടി രൂപ പ്രവര്‍ത്തന മൂലധനം,കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവക്കായി നീക്കിവെക്കും.

കേരളത്തിലെ പ്രമുഖ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് 1993 പ്രവര്‍ത്തനം ആരംഭിച്ച ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ സംസ്ഥാനത്ത് ഏകദേശം 19 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഏഷ്യാനെറ്റ് മൊബൈല്‍, എസിവി ന്യൂസ് പോര്‍ട്ടല്‍, ടെലീഷോപ്പ്, ഏഷ്യാനെറ്റ് ഹോസ്റ്റിംഗ് തുടങ്ങിയവയാണ് കമ്പനിയുടെ മറ്റ് സംരംഭങ്ങള്‍.

കമ്പനിക്ക് കീഴിലുള്ള ഏഷ്യാനെറ്റ് ഡിജിറ്റല്‍ നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡിന് തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ നിലവില്‍ രാജന്‍ രഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.

2020-21 കാലയളവില്‍ 510.07 കോടി രൂപയായിരുന്നു ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തന വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 13.12 ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്. ലാഭം 29 ലക്ഷം രൂപ വര്‍ധിച്ച് 31.03 കോടിയിലെത്തി. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ഫണ്ട് മാനേജര്‍മാര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com