

കോവിഡിന് ശേഷം സ്ഥിരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന വിപണി ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍, ഉയര്‍ന്ന പണപ്പെരുപ്പം, പലിശ നിരക്ക്, അന്യോന്യം ഏര്‍പ്പെടുത്തുന്ന തീരുവകള്‍, കുറയുന്ന കോര്‍പ്പറേറ്റ് വരുമാനം പോലെയുള്ള കാരണങ്ങളാല്‍ നിരവധി തവണ ചാഞ്ചാട്ടത്തിന് വിധേയമായിട്ടുണ്ട്. എന്നിരുന്നാലും ആഭ്യന്തര നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്. മറുവശത്ത് ബോണ്ട് വിപണിയും ചില ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തി. 2022 മധ്യത്തോടെ ഉയര്‍ന്ന നിലയിലായിരുന്ന സര്‍ക്കാര്‍ ബോണ്ട് വരുമാനം കുറഞ്ഞതും 2023 ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധന നിര്‍ത്തിയതും ഇതിന് കാരണമായി.
ആഭ്യന്തര വളര്‍ച്ചയും ഉപഭോഗവും വീണ്ടും സജീവമാകുന്നതിനിടയിലും യുഎസ് വ്യാപാര തീരുവകള്‍ പോലെയുള്ള വെല്ലുവിളികള്‍ നിക്ഷേപകര്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ആസ്തി വിഭാഗങ്ങളില്‍ സമര്‍ത്ഥമായി നിക്ഷേപം ടത്തുകയെന്നത് നിര്‍ണായകമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പോര്‍ട്ട്ഫോളിയോയുടെ പ്രകടനം നിര്‍ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അസറ്റ് അലോക്കേഷന്‍ തന്നെയാണ്.
അസറ്റ് മാര്‍ക്കറ്റില്‍ വിജയികള്‍ മാറിക്കൊണ്ടേയിരിക്കും. സാമ്പത്തിക മേഖല വളര്‍ച്ചയിലായിരിക്കുമ്പോള്‍ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. അതേസമയം സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് കടപ്പത്ര വിപണിയോ സ്ഥിര നിക്ഷേപമോ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും.
2006 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 16 വര്‍ഷവും ഓഹരികള്‍ (നിഫ്റ്റി 50 ടിആര്‍ഐ) മികച്ച നേട്ടമുണ്ടാക്കി. എന്നാല്‍ ബാക്കി വര്‍ഷങ്ങളില്‍ കടപ്പത്രങ്ങള്‍ (ക്രിസില്‍ 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് സൂചിക) മികച്ച പ്രകടനം കാഴ്ചവെച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലുമായി നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ഉറപ്പാക്കുന്നു.
ഭയം, കൂടുതല്‍ നേടാനുള്ള ആര്‍ത്തി തുടങ്ങിയ കാരണങ്ങളാല്‍ വില കുറയുമ്പോള്‍ വാങ്ങി, കൂടുമ്പോള്‍ വില്‍ക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. 2024 സെപ്റ്റംബര്‍, 2021 ഒക്ടോബര്‍, 2018 സെപ്റ്റംബര്‍, 2017 സെപ്റ്റംബര്‍ തുടങ്ങിയ കാലയളവുകളില്‍ ഓഹരി വില ഉയര്‍ന്നപ്പോള്‍ പോലും ആഭ്യന്തര നിക്ഷേപകരുടെ വലിയ ഒഴുക്കാണ് ഉണ്ടായത്. എന്നാല്‍ മൂല്യം ഇടിഞ്ഞ സമയങ്ങളില്‍ പലപ്പോഴും നിക്ഷേപം പിന്‍വലിക്കുന്ന പ്രവണതയാണ് കണ്ടത്. വിവിധ അസറ്റ് ക്ലാസുകളില്‍ സമര്‍ത്ഥമായി നിക്ഷേപിക്കുന്നു എന്നതുകൊണ്ടു തന്നെ അസറ്റ് അലോക്കേറ്റര്‍ ഫണ്ടുകള്‍ (Fund of Funds) ചെറുകിട നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്.
മൂല്യനിര്‍ണയം, വിപണിയിലെ മാറ്റങ്ങള്‍, മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ തുടങ്ങിയവ വിലയിരുത്തി ഫണ്ട് മാനേജര്‍മാര്‍ ഏറ്റവും അനുയോജ്യമായ അസറ്റ് വിഭജനം നടത്തുന്നു. ഇത്തരത്തിലുള്ള ഒരു ഫണ്ടാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അസറ്റ് അലോക്കേറ്റര്‍ ഫണ്ട് (FOF). ഈ ഫണ്ട് പ്രധാനമായും ഇന്‍ഹൗസ് വാല്വേഷന്‍ മോഡലിലൂടെ മികവുറ്റ ഓഹരികള്‍, കടപ്പത്രങ്ങള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍/ഇടിഎഫുകള്‍ കണ്ടെത്തി നിക്ഷേപിക്കുന്നു. ഇവിടെ പോര്‍ട്ട്‌ഫോളിയോയിലെ ശരിയായ അലോക്കേഷന്‍ ഓഹരികളുടെ മൂല്യത്തെ മാത്രം ആശ്രയിച്ചല്ല, മറിച്ച് കടപ്പത്ര വിപണിയിലെ അവസരങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടാണ് നടത്തുന്നത്. 2025 ഓഗസ്റ്റ് 29 വരെ ഈ ഫണ്ട് ഒരുവര്‍ഷം കൊണ്ട് 6.21 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. കൂടാതെ മൂന്ന് വര്‍ഷത്തെ വാര്‍ഷിക സംയുക്ത വളര്‍ച്ചാ നിരക്ക് (CAGR) 13.87 ശതമാനവും അഞ്ച് വര്‍ഷത്തെ സിഎജിആര്‍ 14.60 ശതമാനവുമായിരുന്നു.
ഇതു കൂടാതെ, ഈ ഫണ്ടിന് നികുതി ആനുകൂല്യങ്ങളും ലഭിക്കും. ഈ ഫണ്ടിലെ ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് 12.5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക. കുറഞ്ഞത് 24 മാസമെങ്കിലും ഫണ്ട് കൈവശം വെച്ചുകൊണ്ട് നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
അഭിലാഷ് മാത്യു
വെല്‍ത്ത്സ്റ്റോറിയുടെ സ്ഥാപകനും സാമ്പത്തിക വിദഗ്ധനുമാണ് ലേഖകന്‍
(ധനം മാഗസിന്‍ ഒക്ടോബര്‍ ഒന്ന് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine