നിക്ഷേപകര്‍ക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ സ്‌പെഷ്യല്‍ ലാഭവിഹിതം; ഓഹരികളില്‍ മിന്നുന്ന നേട്ടം

മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി ഉടമകള്‍ക്ക് പ്രത്യേക ലാഭവിഹിതം (Special Dividend) പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 118 രൂപ വീതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഏപ്രില്‍ 23 ആയിരിക്കും ലാഭവിഹിതത്തിന് അര്‍ഹരായ നിക്ഷേപകരെ കണ്ടെത്താനുള്ള റെക്കോഡ് തീയതിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ആസ്റ്റര്‍ വ്യക്തമാക്കി. അടുത്ത 30 ദിവസത്തിനകം അര്‍ഹര്‍ക്ക് ലാഭവിഹിതം വിതരണം ചെയ്യും.
എന്തുകൊണ്ട് സ്‌പെഷ്യല്‍ ഡിവിഡന്‍ഡ്?
ഗള്‍ഫിലെയും ഇന്ത്യയിലെയും ബിസിനസുകള്‍ ആസ്റ്റര്‍ വിഭജിച്ച പശ്ചാത്തലത്തിലാണ് ഓഹരി ഉടമകള്‍ക്ക് പ്രത്യേക ലാഭവിഹിതം നല്‍കുന്നത്. ദുബൈയിലെ ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് ഗള്‍ഫ് ബിസിനസ് ഏറ്റെടുത്തത്. ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര്‍ കാപ്പിറ്റലും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ.
ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന അഫിനി ഹോള്‍ഡിംഗ്‌സിനായിരിക്കും. 65 ശതമാനം ഫജ്ര്‍ കാപ്പിറ്റലിനും. കഴിഞ്ഞ നവംബറിലായിരുന്നു ബിസിനസ് വിഭജനത്തിന് ധാരണയായത്. തുടര്‍ന്ന്, ഈ മാസാദ്യം വിഭജന പ്രക്രിയകള്‍ പൂര്‍ത്തിയായി.
ആസ്റ്ററിന്റെ ഇന്ത്യന്‍ ബിസിനസില്‍ നിലവിലുള്ള ഓഹരി ഉടമകള്‍ തന്നെയാണ് തുടരുക. ഇരു ബിസിനസുകളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുക. എങ്കിലും, ഇരു ബിസിനസുകളുടെയും ചെയര്‍മാനായി ഡോ. ആസാദ് മൂപ്പന്‍ തുടരും. ബിസിനസ് വിഭജനത്തിലൂടെ ലഭിച്ച തുകയുടെ 70-80 ശതമാനം ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് 118 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചത്.
അന്തിമ ലാഭവിഹിതവും പ്രഖ്യാപിക്കും
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ആസ്റ്റര്‍ ഇടക്കാല ലാഭവിഹിതം (Interim dividend) പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം, 2023-24ലെ അന്തിമ പ്രവര്‍ത്തനഫലം പുറത്തുവിടുമ്പോള്‍ അന്തിമ ലാഭവിഹിതവും പ്രഖ്യാപിക്കുമെന്ന് ആസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ച 118 രൂപ ഗള്‍ഫ്-ഇന്ത്യ ബിസിനസുകളുടെ വിഭജനത്തിന്റെ ഭാഗമായി പ്രത്യേകമായി നല്‍കുന്നതാണ്.
ഓഹരികളില്‍ മികച്ച നേട്ടം
ഓഹരി ഉടമകള്‍ക്ക് ഏറെക്കാലമായി മികച്ച നേട്ടമാണ് (Return) ആസ്റ്റര്‍ ഓഹരികള്‍ സമ്മാനിക്കുന്നത്. പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ കമ്പനിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് 2.73 ശതമാനം ഉയര്‍ന്ന് 488.20 രൂപയിലാണ്. ഒരുവേള ഓഹരിവില 497.85 രൂപയെന്ന റെക്കോഡിലും എത്തിയിരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ 16 ശതമാനം, ആറ് മാസത്തിനിടെ 44 ശതമാനം, ഒരുവര്‍ഷത്തിനിടെ 98 ശതമാനം, 5 വര്‍ഷത്തിനിടെ 222 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപകര്‍ക്ക് ആസ്റ്റര്‍ ഓഹരി നല്‍കിയ നേട്ടം. ഇക്കാലയളവില്‍ 83.55 രൂപയില്‍ നിന്നാണ് ഓഹരിവില ഉയര്‍ന്ന് 488.20 രൂപയിലെത്തി നില്‍ക്കുന്നത്. 24,373 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് ആസ്റ്റര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it