ബ്ലോക്ക് ഡീൽ വഴി ₹7,800 കോടിയുടെ കൈമാറ്റം; എന്നിട്ടും വീഴാതെ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ഓഹരി; വൻ തിരിച്ചുവരവ്

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിൽ 11.3% ഓഹരിക്ക് തുല്യമായ 5.86 കോടി ഓഹരികൾ ₹7,800 കോടിക്ക് ബ്ലോക്ക് ഡീലിലൂടെ കൈമാറി; ഇടപാടിന് പിന്നാലെ ഓഹരി വില തിരിച്ചുകയറി
Aster DM Quality Care Stock Block Deal News
പ്രതീകാത്മക ചിത്രംImage Source: Canva/asterqualitycare.com
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റ​ഗ്രേറ്റഡ് ഹെൽത്ത്കെയർ സേവനദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിൽ (പഴയ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ) വലിയ തോതിലുള്ള (block deals) ഓഹരി കൈമാറ്റം നടന്നതായി റിപ്പോർട്ട്. കമ്പനിയുടെ 11.3 ശതമാനം ഇക്വിറ്റി പ്രാതിനിധ്യമുള്ള 5.86 കോടി ഓഹരികളാണ് ബുധനാഴ്ചത്തെ (ഓഗസ്റ്റ് 19) വ്യാപാരത്തിനിടയിൽ ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്.

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ (BSE: 540975, NSE: ASTERDM) ഓഹരിയൊന്നിന് 769.8 രൂപ നിരക്കിൽ ആകെ 7,800 കോടി രൂപയുടെ ഇടപാടാണ് രേഖപ്പെടുത്തിയത്. ഇടപാടിലെ നിക്ഷേപകരുടെയും വിറ്റഴിച്ചവരുടെയും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

പശ്ചാത്തലവും ഓഹരി വിൽപ്പനയും

ടി.പി.ജി ഗ്രൂപ്പിന്റെ (TPG Inc) നിയന്ത്രണത്തിലുള്ള സെന്റെല്ല മൗറീഷ്യസ് ഹോൾഡിംഗ്സ് (Centella Mauritius Holdings) ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിലെ 7.2 ശതമാനം ഓഹരികൾ ബ്ലോക്ക് ഡീൽ മുഖേന വിറ്റഴിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 4,780 കോടി രൂപ മൂല്യമുള്ള ഈ ഇടപാടിന് ഓഹരിയൊന്നിന് 766.1 രൂപയാണ് അടിസ്ഥാന വിലയായി (Floor Price) നിശ്ചയിച്ചിരുന്നത്.

  • ഓഹരി പങ്കാളിത്തം: 2026 ജൂലൈ 23-ലെ കണക്കുകൾ പ്രകാരം പ്രൊമോട്ടർമാർക്ക് 54% ഓഹരി പങ്കാളിത്തമുണ്ട്. പൊതുജനങ്ങളുടെ പക്കലുള്ള 46% ഓഹരികളിൽ 9.9% സെന്റെല്ല മൗറീഷ്യസിന്റെ കൈവശമായിരുന്നു.

  • ലോക്ക്-ഇൻ കാലാവധി: ഈ ബ്ലോക്ക് ഡീലിനു ശേഷം വിൽപ്പനക്കാരുടെ പക്കൽ അവശേഷിക്കുന്ന ഓഹരികൾക്ക് 60 ദിവസത്തെ ലോക്ക്-ഇൻ കാലാവധി ബാധകമായിരിക്കും.

ഒന്നാം പാദഫലം

ബ്ലോക്ക് ഡീലിന് മുന്നോടിയായി ജൂൺ പാദത്തിലെ സാമ്പത്തിക ഫലങ്ങളും (Q1 FY27) ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ പുറത്തുവിട്ടിരുന്നു:

  • അറ്റാദായം: മുൻവർഷത്തെ 85.5 കോടി രൂപയിൽ നിന്ന് 81.2% ഇടിഞ്ഞ് 16.1 കോടി രൂപയായി കുറഞ്ഞു. ക്വാളിറ്റി കെയർ ഇന്ത്യ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 114.38 കോടി രൂപയുടെ ഒറ്റത്തവണ ചെലവുകളാണ് (exceptional expenses) അറ്റാദായത്തെ ബാധിച്ചത്.

  • വർധിച്ച വരുമാനം: പ്രവർത്തന വരുമാനം 21.6% വർധിച്ച് 1,311 കോടി രൂപയിലെത്തി (മുൻവർഷം: 1,078 കോടി രൂപ).

  • നികുതിക്കും കിഴിവിനും മുമ്പുള്ള പ്രവർത്തന ലാഭം (EBITDA): എബിറ്റ്ഡ 27.5 ശതമാനം ഉയർന്ന് 264.3 കോടി രൂപയാകുകയും ലാഭമാർജിൻ 19.2 ശതമാനത്തിൽ നിന്ന് 20.2ശതമാനമായി വികസിക്കുകയും ചെയ്തു. ഇത് കമ്പനിയുടെ പ്രാഥമിക ബിസിനസ് പ്രവർത്തനങ്ങൾ ശക്തമാണെന്ന് വ്യക്തമാക്കുന്നു.

വിപണിയിലെ പ്രതികരണം

ബ്ലോക്ക് ഡീൽ വാർത്തകൾക്ക് പിന്നാലെ എൻ.എസ്.ഇ-യിൽ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ഓഹരിയുടെ വില 766.1 രൂപയെന്ന താഴ്ന്ന നിലവാരത്തിലേക്ക് താഴ്ന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. 821 രൂപ നിലവാരത്തിലാണ് ഓഹരി ഇപ്പോൾ വ്യാപാരം തുടരുന്നത്. ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 35 ശതമാനം നേട്ടം കൈവരിച്ച ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ഓഹരിയിൽ, വൻകിട നിക്ഷേപകരുടെ തന്ത്രപരമായ ലാഭമെടുപ്പ് (Profit Booking) മാത്രമാണ് ബ്ലോക്ക് ഡീലിനെ വിപണി നിരീക്ഷിക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com