

ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്, 2026 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഫലങ്ങള്‍ പുറത്തുവിട്ടു. ലയനത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോര്‍ട്ടാണിത്. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് വരുമാനം 20 ശതമാനം വര്‍ധിച്ച് 2,597 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 30 ശതമാനം വളര്‍ച്ചയോടെ 576 കോടി രൂപയിലെത്തി.
കാസര്‍ഗോഡ് പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി ഒമ്പതാം മാസത്തില്‍ തന്നെ പ്രവര്‍ത്തന ലാഭത്തിലെത്തി. ആസ്റ്റര്‍, കെയര്‍, കിംസ് ഇന്ത്യ, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകളെ ഒരൊറ്റ ശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവന്നതിലൂടെ കരുത്തുറ്റ പ്ലാറ്റ്ഫോമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ മാറിയെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആദ്യ പാദത്തില്‍ ഗ്രൂപ്പിന്റെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം 13 ശതമാനം വര്‍ധിച്ച് 20.1 ലക്ഷമായി. ഓരോ ഇന്‍പേഷ്യന്റ് കിടക്കയില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPOB) 10 ശതമാനം ഉയര്‍ന്ന് 1,36,802 രൂപയിലെത്തി.
പ്രവര്‍ത്തന മാനേജ്മെന്റിലെ മെച്ചപ്പെടുത്തലിന്റെ ഭാഗമായി രോഗികളുടെ ശരാശരി ആശുപത്രിവാസ കാലയളവ് 3.47 ദിവസത്തില്‍ നിന്ന് 3.40 ദിവസമായി കുറഞ്ഞു.
നിലവില്‍ 28 നഗരങ്ങളിലായി 39 ആശുപത്രികളും 10,800 കിടക്കകളുമുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യപരിചരണ ശൃംഖലകളിലൊന്നാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍. സാങ്കേതികവിദ്യ, മെഡിക്കല്‍ ടൂറിസം, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സംഭരണം, വിതരണ ശൃംഖല, ചെലവ് നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ ലയനത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് വികസന പദ്ധതികളിലൂടെ വരും വര്‍ഷങ്ങളില്‍ 4,179 പുതിയ കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. ഇതോടെ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ ആകെ കിടക്ക ശേഷി 15,000 കടക്കും. നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണത്തിനൊപ്പം പുതിയ നഗരങ്ങളിലേക്കുള്ള പ്രവേശനവും ഗ്രൂപ്പിന്റെ വളര്‍ച്ചാ പദ്ധതികളുടെ ഭാഗമാണ്.
ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവന്നതോടെ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ഓഹരികള്‍ ഇന്ന് നേട്ടം കൈവരിച്ചു. ഓഹരിവില 0.50 ശതമാനത്തിലധികം ഉയര്‍ന്നു. ആറുമാസ കാലയളവില്‍ 50 ശതമാനം വളര്‍ച്ചയാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ഓഹരികളില്‍ രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine