ജാതകം, ഗ്രഹനില! ഓഹരി വിപണി നിക്ഷേപത്തിന് കേരളത്തിലടക്കം പുതിയ ട്രെന്‍ഡ്; പിന്നാലെ പോയി കൈ പൊള്ളിക്കണോ?

പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന ശാസ്ത്രീയ വിശകലനങ്ങള്‍ക്ക് പകരം, അദൃശ്യമായ കണക്കുകൂട്ടലുകളെയും ആപ്പുകളെയും ആശ്രയിക്കുന്ന ആസ്‌ട്രോ ടെക് ട്രെന്‍ഡ് വ്യാപകമാകുന്നു
A cinematic digital illustration of astrology and stock market analysis under a starry night sky.
Published on

ഒരു കമ്പനിയുടെ സാമ്പത്തിക അടിത്തറയും കോര്‍പ്പറേറ്റ് വരുമാനക്കണക്കുകളും (Fundamental Analysis) ഗ്രാഫുകളിലെ സങ്കീര്‍ണമായ ചലനങ്ങളും (Technical Analysis) നോക്കി മാത്രം പണം നിക്ഷേപിച്ചിരുന്ന മലയാളിയുടെ പരമ്പരാഗത നിക്ഷേപ ശീലങ്ങളിലേക്ക് സൈലന്റായി എന്‍ട്രി നടത്തിയിരിക്കുകയാണ് 'അസ്‌ട്രോ-ടെക്' (Astro-Tech) ട്രെന്‍ഡ്. ഇന്ന് പല സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനുകളിലും ട്രേഡിംഗ് ചാര്‍ട്ടുകള്‍ക്കൊപ്പം ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളും രാശിഫലങ്ങളും മിന്നിമറയുന്നുണ്ട്. നിക്ഷേപ തീരുമാനങ്ങള്‍ക്കായി കമ്പനികളുടെ ബാലന്‍സ് ഷീറ്റുകള്‍ക്ക് പകരം ആകാശത്തെ ഗ്രഹനിലകളെ ആശ്രയിക്കുന്നവരുടെ എണ്ണം വിപണിയില്‍ വര്‍ധിച്ചുവരികയാണ്.

സാക്ഷരതയിലും കൃത്യമായ സാമ്പത്തിക ബോധത്തിലും മുന്നില്‍ നില്‍ക്കുന്ന മലയാളി നിക്ഷേപകര്‍ക്കിടയില്‍, പ്രത്യേകിച്ച് പുതിയ തലമുറയിലെ ട്രേഡര്‍മാര്‍ക്കിടയില്‍, 'ഫിനാന്‍ഷ്യല്‍ അസ്ട്രോളജി' ആപ്പുകള്‍ക്കും ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും വലിയ സ്വീകാര്യതയാണ് സമീപകാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. കേവലം ഒരു കൗതുകത്തിനപ്പുറം, കോടിക്കണക്കിന് രൂപയുടെ വിറ്റുവരവ് നടക്കുന്ന ഡെറിവേറ്റീവ്സ് മാര്‍ക്കറ്റില്‍ പോലും കൃത്യമായ എന്‍ട്രി, എക്സിറ്റ് സമയങ്ങള്‍ കണ്ടെത്താന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കപ്പെടുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത.

സാധാരണക്കാരായ ആളുകള്‍ കല്യാണാലോചനകള്‍ക്കും വീടുപണിക്കും ജ്യോതിഷം നോക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ വിപണിയിലെ അതികായന്മാരായ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ നിക്ഷേപകരും ഡേ-ട്രേഡര്‍മാരും ജ്യോതിഷത്തിലേക്ക് തിരിയുന്നതിനു പിന്നില്‍ കൃത്യമായ ചില സാങ്കേതിക വിദ്യകളുടെയും ആപ്പുകളുടെയും സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്താണ് ഫിനാന്‍ഷ്യല്‍ അസ്ട്രോളജി ആപ്പുകള്‍?

നിക്ഷേപകന്റെ വ്യക്തിഗത ജാതകവും (Birth Chart) ട്രേഡിംഗ് നടത്തുന്ന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനവും തമ്മില്‍ ഒത്തുനോക്കുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ് ഈ ആപ്പുകളില്‍ ഉപയോഗിക്കുന്നത്. പ്രധാനമായും താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ക്കാണ് നിക്ഷേപകര്‍ ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നതായി കണ്ടുവരുന്നത്. ആദ്യത്തേത് മാര്‍ക്കറ്റ് ടൈമിംഗ്. വിപണിയില്‍ എപ്പോള്‍ നിക്ഷേപം ഇറക്കണം, എപ്പോള്‍ ലാഭമെടുത്ത് പിന്മാറണം എന്നറിയാന്‍. രണ്ടാമത്തേത് നിക്ഷേപിക്കാനുള്ള സെക്ടറുകള്‍ കണ്ടെത്താന്‍. നിക്ഷേപകന്റെ രാശിയും വിപണിയിലെ വിവിധ മേഖലകളും തമ്മിലുള്ള പൊരുത്തം നോക്കിയാണ് ഇതില്‍ തീരുമാനമെടുക്കുന്നത്. മൂന്നാമത്തേത് ഒരു വ്യക്തിക്ക് ട്രേഡിംഗിലൂടെ പണം സമ്പാദിക്കാന്‍ യോഗമുണ്ടോ, അതോ ദീര്‍ഘകാല നിക്ഷേപമാണോ അനുയോജ്യം എന്ന് വിലയിരുത്താന്‍.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പതിനായിരക്കണക്കിന് ഡൗണ്‍ലോഡുകളുള്ള തദ്ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ആപ്ലിക്കേഷനുകള്‍ ഈ വിഭാഗത്തില്‍ ഇന്ന് ലഭ്യമാണ്. ഇതിനുപുറമെ, ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നിവ വഴി ദിവസേന 'അസ്ട്രോ-ട്രേഡിംഗ് ഗൈഡുകള്‍' നല്‍കുന്ന ഗ്രൂപ്പുകളും സജീവമാണ്.

ഫിനാന്‍ഷ്യല്‍ അസ്ട്രോളജി എന്നത് അന്ധവിശ്വാസമോ ഭാഗ്യപരീക്ഷണമോ അല്ലെന്നും മറിച്ച് അതൊരു നിശ്ചിത സമയക്രമത്തിന്റെ ശാസ്ത്രമാണെന്നുമാണ് ഇത്തരം ആപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ പറയുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങളെ മുന്‍കൂട്ടി കാണാന്‍ ഫണ്ടമെന്റല്‍-ടെക്നിക്കല്‍ അനാലിസിസുകള്‍ക്കൊപ്പം ഉപയോഗിക്കാവുന്ന ഒരു മികച്ച 'സപ്പോര്‍ട്ടിംഗ് ടൂള്‍' മാത്രമാണിതെന്നും അവര്‍ അവകാശപ്പെടുന്നു.

അതേസമയം, ഇത് നിക്ഷേപകരെ അപകടത്തിലാക്കുമെന്ന ആശങ്കയാണ് ദീര്‍ഘകാലമായി നിക്ഷേപ രംഗത്തുള്ള പ്രമുഖര്‍ പ്രകടിപ്പിക്കുന്നത്.

ജ്യോതിഷം അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ അധികവും ഹ്രസ്വകാല ട്രേഡിംഗിനെ (Short-term trading) ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഒരു കമ്പനിയുടെ ഓഹരി വില എന്നത് ആ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെയും ബിസിനസ് ഫലങ്ങളെയും (Results) ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഒരു വ്യക്തിയുടെ സ്വന്തം ജാതകമോ ഗ്രഹനിലയോ നോക്കിയല്ല വിപണിയില്‍ നിക്ഷേപം നടത്തേണ്ടത്. പകരം കമ്പനികളുടെ ഫണ്ടമെന്റല്‍സ് (Fundamental Analysis), ടെക്‌നിക്കല്‍സ് (Technical Analysi) എന്നിവ കൃത്യമായി വിശകലനം ചെയ്ത വേണം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനെന്ന് പ്രമുഖ സ്റ്റോക്ക് ബ്രാക്കിംഗ് സ്ഥാപനമായ അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.

''സ്റ്റോക്ക് മാര്‍ക്കറ്റ് അസ്‌ട്രോളജിയില്‍ എനിക്ക് വ്യക്തിപരമായി വിശ്വാസമില്ല, അതിനെക്കുറിച്ച് വലിയ ധാരണയുമില്ല. കമ്പനിയുടെ പേരിന്റെ ആദ്യ അക്ഷരവും മറ്റും നോക്കി നിക്ഷേപം നടത്തുന്ന രീതികളെക്കുറിച്ചാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇതിലൊന്നും യാതൊരുവിധ യുക്തിയും ഉള്ളതായി തോന്നുന്നില്ല. അതുകൊണ്ടുതന്നെ അത്തരമൊരു രീതി ഞാന്‍ പിന്തുടരാറുമില്ല, മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കാറുമില്ല. വിപണിയില്‍ ഇതിലും വിശ്വസനീയവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ ലഭ്യമാണ്.'' അദ്ദേഹം പറയുന്നു.

ഇതിനു പിന്നിലെ മനശാസ്ത്രം വേറെ

ഓഹരി വിപണിയില്‍ കൃത്യമായ ശാസ്ത്രീയ അടിത്തറയുള്ള സാങ്കേതിക സൂചകങ്ങള്‍ (Technical indicators) ലഭ്യമായിരിക്കെ, നിക്ഷേപകര്‍ ജ്യോതിഷത്തിലേക്ക് തിരിയുന്നതിന് പിന്നില്‍ കൃത്യമായ നിക്ഷേപ മനശാസ്ത്രമുണ്ട് (Behavioral Finance).

വിപണിയിലെ കടുത്ത അനിശ്ചിതാവസ്ഥയും നഷ്ടപ്പെടുമോ എന്ന ഭയവുമാണ് (FOMO - Fear of Missing Out) പലരെയും ഇത്തരം വിശ്വാസത്തിലേക്ക് നയിക്കുന്നത്. തുടര്‍ച്ചയായി നഷ്ടം നേരിടുന്ന ട്രേഡര്‍മാര്‍ അവരുടെ സ്ട്രാറ്റജികള്‍ പരാജയപ്പെടുമ്പോള്‍ മാനസികമായ ഒരു ആശ്വാസത്തിനും, തീരുമാനങ്ങള്‍ എടുക്കാനുള്ള എളുപ്പത്തിനുമായി ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നു. വിപണിയില്‍ ലാഭം കിട്ടുമ്പോള്‍ അത് അസ്ട്രോ സറ്റ്രാറ്റജി കാരണമാണെന്ന് വിശ്വസിക്കുകയും, നഷ്ടം വരുമ്പോള്‍ വിപണിയുടെ പൊതുവായ തകര്‍ച്ച എന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണതയും നിക്ഷേപകരില്‍ കാണാമെന്നും ദീര്‍ഘകാലമായി സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം നടത്തി വരുന്ന ഒരു നിക്ഷേപകന്‍ പറയുന്നു.

സെബിയുടെ കടുത്ത നിയന്ത്രണങ്ങള്‍

ഇത്തരം ആപ്പുകളും അസ്ട്രോ-ഇന്‍ഫ്ളുവന്‍സര്‍മാരുും രാജ്യത്തെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ കടുത്ത നിരീക്ഷണത്തിലാണ്. സെബിയുടെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍മാര്‍ക്ക് (RIA) മാത്രമേ ഔദ്യോഗികമായി ഓഹരി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവകാശമുള്ളൂ.

നിയമപരമായ നടപടികളില്‍ നിന്ന് രക്ഷപ്പെടാനും സെബിയുടെ കണ്ണ് വെട്ടിക്കാനും മിക്ക ഫിനാന്‍ഷ്യല്‍ അസ്ട്രോളജി ആപ്പുകളും വെബ്‌സൈറ്റുകളും അവര്‍ നല്‍കുന്നത് വിദ്യാഭ്യാസപരമായ വിവരങ്ങള്‍ മാത്രമാണ് എന്ന ശക്തമായ ഡിസ്‌ക്ലൈമറുകള്‍ നല്‍കുന്നുണ്ട്.

അടുത്ത കാലത്തായി, സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രവചനങ്ങള്‍ നടത്തി നിക്ഷേപകരെ വഴിതെറ്റിച്ച ചില അസ്ട്രോ-ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരെ സെബി കര്‍ശനമായ പിഴ നടപടികള്‍ സ്വീകരിച്ചിരുന്നു. വിപണിയില്‍ കൃത്യമായ യോഗ്യതയില്ലാത്ത ഇത്തരം അസ്ട്രോ പ്രവചനക്കാരെ നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നിക്ഷേപകര്‍ക്ക് ഒരു മുന്നറിയിപ്പ്

ആഗോളതലത്തില്‍ തന്നെ വാള്‍സ്ട്രീറ്റിലെ പ്രമുഖ നിക്ഷേപകനായിരുന്ന ഡബ്ല്യു.ഡി. ഗാന്‍ (W.D. Gann) ഉള്‍പ്പെടെയുള്ളവര്‍ വിപണിയിലെ ടൈമിംഗിനായി ജ്യോതിഷ ഗണിതങ്ങള്‍ (Astrological cycles) ഉപയോഗിച്ചിരുന്നതായി ചരിത്രമുണ്ട്. എന്നാല്‍, അവര്‍ ആരും തന്നെ കമ്പനികളുടെ അടിസ്ഥാന വിവരങ്ങളെ അവഗണിച്ചിരുന്നില്ല എന്ന് നിക്ഷേപകര്‍ ഓര്‍ക്കേണ്ടതുണ്ട്.

കമ്പനിയുടെ ലാഭം, കടബാധ്യതകള്‍, മാനേജ്‌മെന്റിന്റെ വിശ്വാസ്യത, ആഗോള സാമ്പത്തിക സാഹചര്യം എന്നിവ പരിശോധിക്കാതെ കേവലം ഗ്രഹനില മാത്രം നോക്കി പണം നിക്ഷേപിച്ചാല്‍ പണം പോകുമെന്ന് മാത്രം. വിപണിയിലെ യഥാര്‍ത്ഥ 'ഭാഗ്യം' എന്നത് അച്ചടക്കത്തോടെയുള്ള പഠനവും കൃത്യമായ റിസ്‌ക് മാനേജ്മെന്റുമാണെന്ന് വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com