ഏഷ്യയിലെ ആദ്യ എക്സ്ചേഞ്ചിൻ്റെ വലിയ സൂചിക നാഴികക്കല്ലിൽ

ഏഷ്യയിലെ പ്രഥമ ഓഹരി വിപണിയായ ബി എസ് ഇ (ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ച് ) ഒരു നാഴികക്കല്ല് പിന്നിട്ടു. ബി എസ് ഇ യുടെ ഏറ്റവും പ്രധാന സൂചിക - സെൻസെക്സ് - 50,000 മറികടന്നു. 1875-ലാണു ബോംബെയിലെ സ്റ്റാേക്ക് എക്സ്ചേഞ്ചിൻ്റെ തുടക്കം. ഒരു ആൽമരത്തിനു ചുവട്ടിലിരുന്നാണ് അന്നു സ്ഥാപകർ ഇടപാട് നടത്തിയത്.

1875 ജൂലൈ ഒൻപതിനു രൂപം കൊണ്ട ദ നേറ്റീവ് ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷനാണ് ഇന്നത്തെ ബിഎസ് ഇ ലിമിറ്റഡ് ആയി മാറിയത്. 145 വർഷം പഴക്കമുള്ള എക്സ്ചേഞ്ചിലെ പ്രധാന സൂചികയ്ക്ക് 34 വർഷത്തെ പഴക്കമേ ഉള്ളൂ.
ബി എസ് ഇ യിൽ വ്യാപാരം ചെയ്യപ്പെട്ടുന്ന 30 പ്രധാന ഓഹരികളുടെ വിലയും വ്യാപാര വ്യാപ്തവും കണക്കാക്കിയാണു സെൻസെക്സ് എന്ന സൂചിക തയാറാക്കുന്നത്.
1979 ഏപ്രിൽ മൂന്ന് അടിസ്ഥാന തീയതിയായി കണക്കാക്കി സെൻസെക്സ് ആരംഭിച്ചത് 1986 ജനുവരി രണ്ടിനാണ്. 1979 ഏപ്രിൽ മൂന്നിലെ സൂചിക 124.15 ആയിരുന്നു. 1986 ജനുവരി രണ്ടിലെ വില 549.43. ഇന്നു 34 വർഷത്തിനു ശേഷം 9000 ശതമാനമാണ് സെൻസെക്സിൻ്റെ വളർച്ച.
സെൻസെക്സ് അധിഷ്ഠിതമായ ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഉണ്ടായിരുന്നെങ്കിൽ 1986 ജനുവരി രണ്ടിന് അതിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇന്നു 91,000 രൂപ കിട്ടുമായിരുന്നു.

ഹർഷദ് മേത്തയും കേതൻ പരേഖും

1990 ജൂലൈ 25-നാണു സെൻസെക്സ് 1000 കടന്നത്. ഹർഷദ് മേത്തയുടെ ചൂതാട്ടങ്ങളുടെ തുടക്കമായിരുന്നു അക്കാലം. 1992 ഏപ്രിലിൽ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ആവേശത്തിൽ സെൻസെക്സ് 4000 കടന്നതും മേത്തയുടെ കളികൾക്കൊപ്പമാണ്. പിന്നീടു മേത്ത പിടിയിലായി. സൂചിക 2000-ലേക്ക് വീണു. 1999 ഒക്ടോബറിലാണു സെൻസെക്സ് 5000 കടക്കുന്നത്. വൈ ടു കെ (Y2K)യുടെ പേരിൽ ഐ ടി കമ്പനികളുടെ കുതിപ്പും കേതൻ പരേഖിൻ്റെ കളികളുമായിരുന്നു ആ കുതിപ്പിനു പിന്നിൽ.
2006-ൽ പതിനായിരവും 2007 ൽ ഇരുപതിനായിരവും കടന്നു. 2008 ജനുവരിയിൽ 21,000 കടന്നു. പക്ഷേ അക്കൊല്ലം ഒക്ടോബറോടെ 8500-ലേക്കു സൂചിക തകർന്നു. അമേരിക്കയിലെ സബ് പ്രൈം പ്രതിസന്ധിയും ആഗോള മാന്ദ്യവുമാണു കാരണം.
2009 ജൂലൈയോടെ സെൻസെക്സ് 15,000-ലേക്കു തിരിച്ചു കയറി. 2010 ഡിസംബർ ആകുമ്പോൾ വിദേശ നിക്ഷേപത്തിൻ്റെ ബലത്തിൽ 21,000 തിരിച്ചുപിടിച്ചു. പക്ഷേ പിറ്റേ വർഷം യൂറോപ്യൻ
വായ്പാപ്രതിസന്ധി മൂലം വിദേശികൾ പണം പിൻവലിച്ചു; സെൻസെക്സ് 15,000-ലേക്കു വീണു.
2012-ൽ 20,000 തിരിച്ചുപിടിച്ച സൂചിക 2015-ൽ 30,000 - ൽ എത്തി. പിന്നീട് 26,000 ലേക്കു താണു. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക് ഡൗണിനെത്തുടർന്നു കുത്തനെ ഇടിഞ്ഞ സെൻസെക്സ് വർഷാന്ത്യത്തിൽ 15.75 ശതമാനം വാർഷിക നേട്ടവുമായി 47,751-ലെത്തി. തുടർന്നു മൂന്നാഴ്ച കൊണ്ട് അൻപതിനായിരവും കടന്നു.



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it