

നിലവിലെ വിപണി വില നോക്കിയാൽ ഒരു ഏഥർ എനർജി (BSE: 544397, NSE: ATHERENERG) ഓഹരി വാങ്ങാനുള്ള പണം കൊണ്ട് 23 ഓല ഇലക്ട്രിക് (BSE: 544225, NSE: OLAELEC) ഓഹരികൾ വാങ്ങാൻ കഴിയും. രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത് ഒരേ ഇലക്ട്രിക് വാഹന വിപണിയെ ആണെങ്കിലും ഏഥറിന്റേയും ഓലയുടേയും വിപണി മൂല്യത്തിലുള്ള വലിയ വ്യത്യാസവും മറ്റ് അടിസ്ഥാനപരമായ സാമ്പത്തിക ഘടകങ്ങളുടെ നിലവാരത്താലും തികച്ചും വ്യത്യസ്തമായ രണ്ട് മാർക്കറ്റ് സ്റ്റോറികളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
ലിസ്റ്റിംഗിന് ശേഷം നിക്ഷേപകർക്ക് മൂന്നിരട്ടിയിലധികം ലാഭം നൽകിയിട്ടും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളെ (DIIs) ഇപ്പോഴും ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ഏഥർ എനർജി ഓഹരികൾ. മറുവശത്താകട്ടെ, ലിസ്റ്റിംഗ് വിലയിൽ നിന്നും 70 ശതമാനത്തിലേറെ ഇടിവ് നേരിട്ട ശേഷം ശക്തമായ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന ഓല ഇലക്ട്രിക്കിനെയും കാണാം. നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള ശേഷിയെ (Risk appetite) അടിസ്ഥാനമാക്കിക്കൊണ്ട്, വ്യത്യസ്തമായ ഘടകങ്ങളാൽ വിലയിരുത്തേണ്ട രണ്ട് ഇ.വി ഓഹരികളാണിത്. എന്തായാലും ഏഥർ എനർജി ഓഹരിയുടെ മുന്നേറ്റവും ഇടക്കാല തകർച്ചയ്ക്ക് ശേഷം ഓല ഇലക്ട്രിക്കിൽ ദൃശ്യമാകുന്ന പരിവർത്തനവും വിപണിയിൽ പുതിയ നിക്ഷേപക ചിന്തകൾക്ക് വഴിതുറക്കുന്നു.
ലിസ്റ്റിംഗിന് ശേഷം വിപണിയിൽ വൻ മുന്നേറ്റം കാഴ്ചവെക്കുന്ന ഓഹരിയാണ് ഏഥർ എനർജി ലിമിറ്റഡ്. 2025 മെയ് 6-ന് 328 രൂപയിൽ വ്യാപാരം ആരംഭിച്ച (ലിസ്റ്റിങ്) ഏഥർ എനർജി ഓഹരികൾ, 2026 ജൂൺ 10-ലെ വ്യാപാരത്തിനൊടുവിൽ 1,043 രൂപയിലാണ് ക്ലോസ് ചെയ്തത്. ഐ.പി.ഒയിലെ ഇഷ്യൂ വിലയായ 321 രൂപയിൽ നിന്നും 220 ശതമാനത്തിലേറെയുള്ള വമ്പൻ മുന്നേറ്റമാണ് ഈ ഇ.വി ഓഹരി ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വന്തമാക്കിയത്. 2026-ലെ താഴ്ന്ന വിലയിൽ നിന്നുപോലും 60 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
ടെക്നിക്കൽ ചാർട്ടുകളിൽ ഏഥർ എനർജി ഓഹരി, അനുകൂല ലക്ഷണങ്ങളാണ് കാണിക്കുന്നത്. ലിസ്റ്റിംഗിന് ശേഷം 2025 ഓഗസ്റ്റ് വരെ നീണ്ടുനിന്ന ഒരു അക്യുമുലേഷൻ (Accumulation) ഘട്ടത്തിന് ശേഷം, ഓഹരി സ്ഥിരതയാർന്ന ഒരു മുന്നേറ്റത്തിലേക്ക് (Uptrend) പ്രവേശിക്കുകയായിരുന്നു. തുടർച്ചയായി 'ഹയർ ഹൈ - ഹയർ ലോ' പാറ്റേണും 52-ആഴ്ച കാലയളവിലെ പുതിയ ഉയർന്ന നിരക്കുകൾ തിരുത്തിക്കുറിക്കുന്നതും ഏഥർ എനർജി ഓഹരിൽ അന്തർലീനമായിട്ടുള്ള ബുള്ളിഷ് ട്രെൻഡിനെ സൂചിപ്പിക്കുന്നതായി സെബി അംഗീകൃത സ്വതന്ത്ര റിസർച്ച് അനലിസ്റ്റ് ശ്രീകുമാരൻ എം (SEBI Reg. No INH000023959) പറഞ്ഞു.
ഇടക്കാല നിക്ഷേപകർക്ക് (6-12 മാസം): വിപണിയിലുണ്ടാകുന്ന തിരുത്തലുകളിൽ ഓഹരികൾ വാങ്ങുന്ന 'ബൈ ഓൺ പുൾബാക്ക്' (Buy on pullback) തന്ത്രം ഇപ്പോൾ ഏഥർ എനർജി ഓഹരിയിൽ പരീക്ഷിക്കാം. ഓഹരിയുടെ വില 905–956 രൂപ നിലവാരത്തിലേക്ക് എത്തുമ്പോൾ ഇത് പോർട്ട്ഫോളിയോയിൽ ചേർക്കാവുന്നതാണ്. പ്രതിദിന ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിൽ 870 രൂപ നിലവാരത്തിൽ സ്റ്റോപ്പ്-ലോസ് (Stop-loss) സജ്ജീകരിക്കാം. തുടർന്ന് 6 മുതൽ 12 മാസം വരെയുള്ള കാലയളവിൽ 1,250—1,380—1,550 രൂപ നിലവാരത്തിലുള്ള ലക്ഷ്യത്തിലേക്ക് വരെ ഈ ഓഹരികൾ കാത്തുസൂക്ഷിക്കാമെന്ന് ശ്രീകുമാരൻ പറഞ്ഞു.
ഹ്രസ്വകാല നിക്ഷേപകർക്ക് (3-6 മാസം): മൊമന്റം ബ്രേക്കൗട്ടുകൾ പ്രതീക്ഷിക്കുന്നവർക്ക്, ഓഹരിയുടെ വില 1,070 രൂപയ്ക്ക് മുകളിൽ ക്ലോസ് ചെയ്യുന്നത് സ്ഥിരീകരിച്ച ശേഷം ഏഥർ എനർജി ഓഹരി ഹ്രസ്വകാലയളവിലേക്ക് വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. ഇവിടെ ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിൽ 965 രൂപ നിലവാരത്തിലാണ് സ്റ്റോപ്പ്-ലോസ് സജ്ജീകരിക്കേണ്ടത് (1,070 രൂപയിൽ വാങ്ങുന്നപക്ഷം). തുടർന്ന് 3 മുതൽ 6 മാസം വരെയുള്ള കാലയളവിൽ 1,240—1,350 രൂപ നിലവാരത്തിലുള്ള ലക്ഷ്യത്തിലേക്ക് ഈ ഓഹരികൾ കാത്തുസൂക്ഷിക്കാമെന്ന് ശ്രീകുമാരൻ പറഞ്ഞു.
ഏഥർ എനർജി ഓഹരിയുടെ വില നിലവിൽ അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ആയതിനാൽ പെട്ടെന്നുള്ള തിരുത്തലുകൾക്ക് (Mean reversion) സാധ്യതയുണ്ട്. അതിനാൽ ആകെ പോർട്ട്ഫോളിയോ റിസ്ക് 1-2 ശതമാനമായി പരിമിതപ്പെടുത്തി കൃത്യമായ പൊസിഷൻ സൈസിംഗും ശക്തമായ റിസ്ക് മാനേജ്‌മെന്റും പാലിക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. മേൽസൂചിപ്പിച്ച ലക്ഷ്യവിലകളിൽ കരഗതമാകുന്ന ലാഭം കൃത്യമായ ഇടവേളകളിൽ പിൻവലിക്കുന്നതും (partial profit booking) അനുയോജ്യമായിരിക്കുമെന്നും ശ്രീകുമാരൻ കൂട്ടിച്ചേർത്തു.
ലിസ്റ്റിംഗിന് ശേഷം വലിയ ചാഞ്ചാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരികൾ ഘടനാപരമായ ഒരു തിരിച്ചുവരവിന്റെ പ്രാരംഭ സൂചനകൾ പ്രകടിപ്പിച്ചുതുടങ്ങി. 2024 ഓഗസ്റ്റ് 9-ന്, 91.18 രൂപയിൽ വിപണിയിലെ അരങ്ങേറ്റ ദിനത്തിൽ മുന്നേറിയ ഓല ഓഹരി, പിന്നീട് സർവ്വകാല റെക്കോഡ് ഉയരമായ 157.40 രൂപ വരെ കുതിച്ചുയർന്നിരുന്നു. എന്നാൽ തുടർന്നുണ്ടായ ശക്തമായ വിൽപന സമ്മർദ്ദത്തെത്തുടർന്ന് 2026 മാർച്ച് 16-ന് ഓഹരിയുടെ വില റെക്കോഡ് താഴ്ച്ചയായ 22.25 രൂപയിലേക്ക് കൂപ്പുകുത്തി. അവിടെനിന്നും ശക്തമായി തിരിച്ചുകയറിയ ഓല ഓഹരി, 2026 ജൂൺ 10-ലെ വ്യാപാരത്തിനൊടുവിൽ 47.32 രൂപയിലാണ് ക്ലോസ് ചെയ്തത്.
ടെക്നിക്കൽ ചാർട്ടുകൾ പരിശോധിക്കുമ്പോൾ, മുൻപുണ്ടായിരുന്ന ഇടിവിന്റെ പാതയിൽ (Downtrend) നിന്ന് മാറി, ഘടനാപരമായ ഒരു തിരിച്ചുവരവിലേക്ക് (Recovery structure) ഓല ഇലക്ട്രിക് ഓഹരിയുടെ സഞ്ചാരം മാറിയിട്ടുള്ളതായി കാണാം. നിലവിൽ 50-ദിവസത്തെയും 200-ദിവസത്തെയും സിമ്പിൾ മൂവിംഗ് ആവറേജ് നിലവാരങ്ങൾക്ക് (SMA) മുകളിലായാണ് ഓല ഓഹരി വ്യാപാരം നടക്കുന്നത് എന്നത്, ഈ ട്രെൻഡ് മാറ്റത്തിന് അടിവരയിടുന്നു.
ഇടക്കാല നിക്ഷേപകർക്ക് (6-12 മാസം): വിപണിയിലുണ്ടാകുന്ന തിരുത്തലുകളിൽ, ഓല ഇലക്ട്രിക് ഓഹരിയുടെ വില 39–42 രൂപ നിലവാരത്തിലേക്ക് എത്തുമ്പോൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാം. ₹57–58/ ₹72/ ഒടുവിൽ 80–83 രൂപ വരെയുള്ള ലക്ഷ്യവിലകളിലേക്ക് വരെ 6 മുതൽ 12 മാസം വരെയുള്ള കാലയളവിനിടെ ഓല ഓഹരി എത്തിച്ചേരാമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന ക്ലോസിംഗിൽ 32 രൂപയിൽ സ്റ്റോപ്പ്-ലോസ് ആയി നിശ്ചയിക്കാവുന്നതാണെന്ന് ശ്രീകുമാരൻ പറഞ്ഞു.
ഹ്രസ്വകാല നിക്ഷേപകർ (3-6 മാസം): ഉയർന്ന റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക്, വോളിയം/മൊമന്റം അനുകൂലമായ സ്ഥിരീകരണം നൽകുന്നപക്ഷം 46 രൂപ വില നിലവാരത്തിൽ ഓല ഇലക്ട്രിക് ഓഹരിയിൽ ഹ്രസ്വകാല നിക്ഷേപം പരിഗണിക്കാവുന്നതാണ്. ₹56/ 64 രൂപ ലക്ഷ്യമിട്ട് നടത്താവുന്ന ഈ ട്രേഡിന്, 37 രൂപയ്ക്ക് താഴെയുള്ള വിലയിൽ സ്റ്റോപ്പ്-ലോസ് സജ്ജീകരിക്കേണ്ടതുണ്ട് എന്നും ശ്രീകുമാരൻ പറഞ്ഞു.
ഓല ഇലക്ട്രിക് ഓഹരിയിലെ മുൻകാല ചാഞ്ചാട്ടങ്ങൾ കണക്കിലെടുത്ത്, വലിയ തോതിലുള്ള നിക്ഷേപങ്ങൾ ഒഴിവാക്കി കൃത്യമായ പൊസിഷൻ സൈസിംഗ് (Position Sizing) പരിപാലിക്കുന്ന സമീപനമാകും നിക്ഷേപകർക്ക് ഗുണം ചെയ്യുകയെന്നും ശ്രീകുമാരൻ കൂട്ടിച്ചേർത്തു.
വിപണിയിലുണ്ടാകാവുന്ന താത്കാലികവും ചടുലവുമായ വിലവ്യതിയാനങ്ങളിൽ നിന്നുള്ള നഷ്ടസാധ്യതകൾ കുറയ്ക്കുന്നതിനും നിക്ഷേപത്തെ സംരക്ഷിക്കുന്നതിനുമായി നിക്ഷേപകർ താഴെ പറയുന്ന റിസ്ക് മാനേജ്‌മെന്റ് നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
ഡെയ്‌ലി—ക്ലോസിംഗ് കൺഫർമേഷൻ: ഓഹരിയിൽ ട്രേഡ് എടുക്കുന്നതിനും പ്രസ്തുത സ്റ്റോപ്പ്-ലോസ് പരിധി നിശ്ചയിക്കുന്നതിനും ഓഹരിയുടെ വ്യാപാര ദിനത്തിലെ ക്ലോസിങ് വിലയെ മാത്രം അടിസ്ഥാനമാക്കുക. പ്രതിദിന വ്യാപാരത്തിനിടെ (ഇൻട്രാഡേ) പൊടുന്നനേ ഓഹരി വിലയിൽ പ്രകടമാകുന്ന കയറ്റിറക്കങ്ങളെ നോക്കി മാത്രം ട്രേഡ് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണം.
വോളിയം സൂചകങ്ങൾ: ട്രേഡ് സിഗ്നലുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ കുറഞ്ഞത് ഒരു വോളിയം (ഓഹരി ഇടപാടുകളുടെ എണ്ണം) അധിഷ്ഠിത ഇൻഡിക്കേറ്ററെയെങ്കിലും (Volume-based indicator) ആശ്രയിക്കുക.
ക്യാപിറ്റൽ റിസ്ക് പരിമിതപ്പെടുക: ഒരു സിംഗിൾ ട്രേഡിൽ ഉണ്ടായേക്കാവുന്ന പരമാവധി നഷ്ടം നിങ്ങളുടെ ആകെ മൂലധനത്തിന്റെ നിശ്ചിത ശതമാനമായി (ഉദാഹരണത്തിന് 1-2%) പരിമിതപ്പെടുത്തുക. സ്റ്റോപ്പ്-ലോസ് പരിധി ഉയർത്തുന്നതിന് പകരം പൊസിഷൻ സൈസിംഗ് (Position Sizing) കൃത്യമായി ക്രമീകരിച്ച് നഷ്ടസാധ്യത കുറയ്ക്കുക.
റീ-എൻട്രി നിബന്ധനകൾ: ഓഹരിയിലെ സ്റ്റോപ്പ്-ലോസ് പരിധി ലംഘിക്കപ്പെട്ടാൽ, മാർക്കറ്റ് സെന്റിമെന്റ്സ് വീണ്ടും വിലയിരുത്തുക. കൃത്യമായ ആസൂത്രണമോ ഉയർന്ന കൺവിക്ഷനോ ഇല്ലാതെ, തകർച്ച നേരിടുന്ന ഒരു ഓഹരി ശരാശരി വാങ്ങിയ വില കുറയ്ക്കുന്നതിനായി (Averaging) വീണ്ടും വാങ്ങരുത്.
മാക്രോ/സെക്ടർ വാർത്തകൾ നിരീക്ഷിക്കുക: വിശാല വിപണിയിലെ പൊതുവായ മാറ്റങ്ങളും ഡെലിവറി വോളിയങ്ങളും (Delivery volumes) സൂക്ഷ്മമായി നിരീക്ഷിക്കുക. സർക്കാർ നയങ്ങൾ, സെമികണ്ടക്ടർ/സപ്ലൈ ചെയിൻ വ്യതിയാനങ്ങൾ, കമ്പനികളുടെ പ്രത്യേക പ്രഖ്യാപനങ്ങൾ എന്നിവയോട് ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) വിഭാഗത്തിലെ ഓഹരികൾ താരതമ്യേന വേഗത്തിൽ പ്രതികരിക്കുന്നവയാണെന്നതും ഓർക്കുക
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine