വൈദ്യുതി ബില്‍ കുറച്ച ഫാനുകള്‍ ഇനി ഓഹരി വിപണിയിലേക്ക്; അറ്റംബര്‍ഗ് ഐപിഒ പ്രഖ്യാപിച്ചു

ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ഥികളായ മനോജ് മീണയും സിബബ്രത ദാസും ചേര്‍ന്ന് 2012ല്‍ ആരംഭിച്ച മുംബൈ ആസ്ഥാനമായി സ്റ്റാര്‍ട്ടപ്പ് രീതിയിലാണ് കമ്പനി സ്ഥാപിക്കുന്നത്
വൈദ്യുതി ബില്‍ കുറച്ച ഫാനുകള്‍ ഇനി ഓഹരി വിപണിയിലേക്ക്; അറ്റംബര്‍ഗ് ഐപിഒ പ്രഖ്യാപിച്ചു
Published on

ഇലക്‌ട്രോണിക്‌സ് ഹോംഅപ്ലൈയന്‍സസ് നിര്‍മാതാക്കളായ അറ്റംബര്‍ഗ് ടെക്‌നോളജീസ് (Atomberg Technologies) പ്രാരംഭ പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഇതിനായി കമ്പനി കരട് രേഖകള്‍ സമര്‍പ്പിച്ചു. 450 കോടി വരെ വിലമതിക്കുന്ന പുതിയ ഓഹരികളുടെ ഇഷ്യുവും (Fresh Issue), നിലവിലെ ഓഹരി ഉടമകളുടെ 7.65 കോടിയിലധികം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നതാണ് ഐപിഒ. മൊത്തം ഇഷ്യു വലുപ്പം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 340 കോടിയോളം രൂപ കടബാധ്യത കുറയ്ക്കുന്നതിനായി വിനിയോഗിക്കാനാണ് പദ്ധതി. ശേഷിക്കുന്ന തുക ബ്രാന്‍ഡ് വളര്‍ച്ച, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.

നിക്ഷേപകര്‍ ഓഹരി വില്‍ക്കും

A91 എമേര്‍ജിംഗ് ഫണ്ട് എല്‍എല്‍പി (A91 Emerging Fund I LLP), വി സയന്‍സസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (V-Sciences Investments), ജംഗിള്‍ വെഞ്ച്വേഴ്‌സ് IV (Jungle Ventures IV), Inflexor Opportunities Fund തുടങ്ങിയ നിക്ഷേപകരാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ ഓഹരികള്‍ വില്‍ക്കുന്നത്.

ഫാനുകള്‍ക്ക് പുറമെ സ്മാര്‍ട്ട് ലോക്കുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, കോള്‍ഡ്-പ്രസ്ഡ് ജ്യൂസറുകള്‍ തുടങ്ങി വിവിധ ഹോം അപ്ലയന്‍സസ് ഉല്‍പന്നങ്ങളാണ് അറ്റംബര്‍ഗ് പുറത്തിറക്കുന്നത്. വോള്‍ട്ടാസ്, ഗോദ്റെജ്, ബ്ലൂ സ്റ്റാര്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കായി മോട്ടോറുകളും ഇലക്ട്രോണിക് ഘടകങ്ങളും കമ്പനി നിര്‍മ്മിക്കുന്നുണ്ട്.

വരുമാനം 1,294 കോടിയായി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ വരുമാനത്തിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 797 കോടിയായിരുന്ന പ്രവര്‍ത്തന വരുമാനം 2026 സാമ്പത്തിക വര്‍ഷത്തില്‍ 1,294 കോടിയായി ഉയര്‍ന്നു. രാജ്യത്തുടനീളം ശക്തമായ വിതരണ ശൃംഖലയും അറ്റംബര്‍ഗിനുണ്ട്. 626 ഡിസ്ട്രിബ്യൂട്ടര്‍മാരും ഡീലര്‍മാരും, ഏകദേശം 47,000 റീട്ടെയില്‍ ഔട്ട്ലെറ്റുകളും കമ്പനിയുടെ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ്. 18,000ലധികം പിന്‍ കോഡുകളിലേക്ക് കമ്പനി സേവനം എത്തിക്കുന്നുണ്ട്.

ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ഥികളായ മനോജ് മീണയും സിബബ്രത ദാസും ചേര്‍ന്ന് 2012ല്‍ ആരംഭിച്ച മുംബൈ ആസ്ഥാനമായി സ്റ്റാര്‍ട്ടപ്പ് രീതിയിലാണ് കമ്പനി സ്ഥാപിക്കുന്നത്. ഐഐടി ബോംബെയിലെ ഇന്‍കുബേറ്ററില്‍ തുടക്കമിട്ട കമ്പനി ആദ്യം സാങ്കേതിക ഗവേഷണ-വികസന പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്ന BLDC (Brushless Direct Current) മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച സീലിംഗ് ഫാനുകളിലേക്ക് തിരിഞ്ഞതോടെയാണ് അറ്റംബര്‍ഗ് ശ്രദ്ധ നേടിയത്.

Atomberg Technologies has filed for an IPO comprising a fresh issue of up to ₹450 crore and an offer for sale of up to 76.5 million shares

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com