

ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍, ഓട്ടോ ഓഹരികളാണ് സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നത്. ജി.എസ്.ടി നികുതി കുറവും ചൈനയിലെ സ്റ്റീല്‍ പരിഷ്‌കരണങ്ങളും ഒപ്പം ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കല്‍ പ്രതീക്ഷകളും ഓഹരികള്‍ക്ക് തുണയായി.
രാവിലത്തെ സെഷനില്‍ സെന്‍സെക്‌സ് 461 പോയിന്റുയര്‍ന്ന് 81,171.38ലും നിഫ്റ്റി 0.60 ശതമാനം ഉയര്‍ന്ന് 24,885.50ലുമെത്തിയെങ്കിലും ലാഭമെടുപ്പ് ശക്തമായതിനെ തുടര്‍ന്ന് ആ നേട്ടം നിലനിര്‍ത്താന്‍ വിപണിക്ക് സാധിച്ചില്ല. സെന്‍സെക്‌സ് 76.54 പോയിന്റ് ഉയര്‍ന്ന് 80,787.30ലും നിഫ്റ്റി 32.15 പോയിന്റ് ഉയര്‍ന്ന് 24,773.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിലക്കുറവില്‍ വാങ്ങുക, റാലിയില്‍ വില്‍ക്കുക എന്ന മുദ്രാവാക്യം നിക്ഷേപകര്‍ പിന്തുടര്‍ന്നതാണ് കാരണം.
ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.33 ശതമാനം, 0.30 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
ഐ.ടി സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. യു.എസിലേക്ക് ഐ.ടി ജീവനക്കാരെ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ആശങ്കകളാണ് ഐ.ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്.
ജി.എസ്.ടി നിരക്ക് കുറച്ചതിനെ തുടര്‍ന്ന് വാഹനങ്ങളുടെ വില കുറച്ചത് ഓട്ടോമൊബൈല്‍ ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കി. നിഫ്റ്റി ഓട്ടോ സൂചിക രണ്ടര ശതമാനത്തിലേറെ ഉയര്‍ന്നു. അശോക് ലെയ്‌ലാന്റ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ടി.വി.എസ് മോട്ടോര്‍ തുടങ്ങിയവയുടെ ഓഹരി വില രണ്ടര ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു. ബാങ്ക് ഓഫ് അമേരിക്ക മിക്ക ഓട്ടോ മൊബൈല്‍ ഓഹരികളുടെയും ലക്ഷ്യവിലയും ഉയര്‍ത്തിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ലക്ഷ്യവില 4,000 രൂപയാക്കിയപ്പോള്‍ ബജാജ് ഓട്ടോയുടേത് 9,600 രൂപയും ടി.വി.എസ് മോട്ടോര്‍സിന്റേത് 3,725 രൂപയുമാക്കി. മാരുതി ഓഹരിക്ക് 'ബൈ സ്റ്റാറ്റസ്' നിലനിര്‍ത്തിയതിനൊപ്പം ലക്ഷ്യ വില 1400 രൂപയില്‍ നിന്ന് 1700 രൂപയാക്കി.
ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ വിപണി ഏതാണ്ട് ഉള്‍ക്കൊണ്ടു കഴിഞ്ഞതായാണ് നിരീക്ഷകര്‍ പറയുന്നത്. യു.എസ് താരിഫിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിനെ കുറിച്ചുള്ള സൂചനകളിലേക്കും വിപണി നോക്കുന്നുണ്ട്.
സ്റ്റീല്‍ ഡിമാന്‍ഡ് ഉയരുന്നത് സ്റ്റീല്‍ കമ്പനി ഓഹരികളിലും വില വര്‍ധനയ്ക്ക് ഇടയാക്കി. രാജ്യാന്തര ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി സ്റ്റീല്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതും ഓഹരികള്‍ക്ക് ഗുണമായി. സെയില്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്നു.
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് ഓവര്‍വെയിറ്റ് റേറ്റിംഗും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. ജെ.എസ്.ഡബ്ല്യുവിന്റെ ലക്ഷ്യ വില 1,300 രൂപയിലേക്കും ടാറ്റ 140 രൂപയിലേക്കും ഉയരുമെന്നാണ് പ്രവചനം.
സെയില്‍, ജിന്റാല്‍ സ്റ്റീല്‍ എന്നിവയ്ക്ക് ഈക്വല്‍ വെയിറ്റും നല്‍കിയിട്ടുണ്ട്. യഥാക്രമം 140 രൂപയും 1,150 രൂപയുമാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത് മെറ്റല്‍ ഓഹരികളെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് കരുതുന്നത്.
ഓഗസ്റ്റിലും ജൂലൈയിലുമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏകദേശം 80,000 കോടിയുടെ അറ്റ വില്‍പ്പന നടത്തിയിട്ടുണ്ട്. ഏറ്റവും ശക്തമായ വില്‍പ്പനയുണ്ടായത് ധനകാര്യ മേഖലയിലാണ്. 22,000 കോടി രൂപയ്ക്കു മുകളിലാണ് വില്‍പ്പന.
ഐ.ടി ഓഹരികളിലും വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. ഓഗസ്റ്റ് രണ്ടാം പകുതിയില്‍ മാത്രം 4,905 കോടി രൂപയുടെ വില്‍പ്പന നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചത്. ഓഗസ്റ്റില്‍ വീണ്ടും 25 ശതമാനം അധിക നികുതി വന്നത് വില്‍പ്പനയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം മൊത്തം 1.30 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യന്‍ വിപണിയില്‍ വിദേശികള്‍ നടത്തിയത്.
കേരള ഓഹരികളില്‍ ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചത് ആഡ്‌ടെക് സിസ്റ്റംസ് ഓഹരിയാണ്.ഓഹരി വില 17 ശതമാനത്തോളം ഉയര്‍ന്നു. കമ്പനിയുടെ വാര്‍ഷിക യോഗവും ഡിവിഡന്റ് പ്രഖ്യാപനവും സെപ്റ്റംബര്‍ 30ന് നടക്കാനിരിക്കെയാണ് മുന്നേറ്റം.
കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. നിറ്റ ജെലാറ്റിന് 5.13 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. കേരള ആയുര്‍വേദ ഓഹരികളും ഇന്ന് അഞ്ച് ശതമാനത്തിനടുത്ത് ഉയര്‍ന്നു. പ്രൈമ അഗ്രോ (9.79 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (5.42 ശതമാനം), സെല്ല സ്‌പേസ് (4.55ശതമാനം), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (4.18 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.72 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (4.97 ശതമാനം) എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു.
ജി.ടി.എന്‍, ഇന്‍ഡി ട്രേഡ്, പാറ്റ്‌സ്പിന്‍, പോപ്പീസ് കെയര്‍ എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നേ നടന്നവര്‍.
Auto and metal stocks lead rally as Kerala-based shares like Kitex, Nitta Gelatin, and Kerala Ayurveda see sharp gains.
Read DhanamOnline in English
Subscribe to Dhanam Magazine