ഓപ്പറേഷൻ സിന്ദൂറിലെ പാക് വാദം പൊളിഞ്ഞതോടെ ശനിദശ തുടങ്ങിയോ? ചൈനയുടെ എവിക് ചെങ്ഡു ഓഹരി ഒരു വർഷത്തെ താഴ്ചയിൽ

എവിക് ചെങ്ഡു ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ 28 ശതമാനവും കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തോളവും തിരിച്ചടി നേരിട്ടു
Avic Chengdu Share Fall
Canva
Published on

കഴിഞ്ഞ കുറച്ചു കാലമായി ആഗോള വിപണിയിലെ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ച പ്രതിരോധ ഓഹരികളിൽ ഒന്നായിരുന്നു ചൈനയുടെ എവിക് ചെങ്ഡു എയർക്രാഫ്റ്റ് (Avic Chengdu Aircraft Co Ltd). ചൈനയുടെ ജെ-10 ശ്രേണിയിലുള്ള യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കൾ. കഴിഞ്ഞ വർഷം നടന്ന ഇന്ത്യ-പാക് സംഘർഷത്തിനിടെ (ഓപ്പറേഷൻ സിന്ദൂർ) ഫ്രഞ്ച് നിർമ്മിത റഫാൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ നിരവധി പോർവിമാനങ്ങൾ, തങ്ങളുടെ ജെ-10സി വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്താന്റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ എവിക് ചെങ്ഡു വൻ പ്രാധാന്യത്തോടെ ഇടംപിടിച്ചത്.

വസ്തുതകൾ പുറത്തുവരുന്നതിന് മുൻപ് തന്നെ വിപണി ഈ വാർത്തകളോട് അതിവേഗം പ്രതികരിച്ചതോടെ, ഇന്ത്യ-പാക് സംഘർഷത്തിനിടെ കേവലം 5 ദിവസംകൊണ്ട് 40 ശതമാനത്തിലേറെ മുന്നേറ്റം എവിക് ചെങ്ഡു ഓഹരി കാഴ്ചവെച്ചു. എന്നാൽ യുദ്ധവിമാനം തകർത്തുവെന്ന പാകിസ്താന്റെ പൊള്ളയായ വാദങ്ങൾ പിന്നീട് ഇന്ത്യയും യുദ്ധരം​ഗത്തെ മറ്റ് സ്വതന്ത്ര നിരീക്ഷകരും കൂടി തുറന്നുകാട്ടിയതോടെ എവിക് ചെങ്ഡുവിന്റെ ശനിദശ ആരംഭിച്ചു. അവകാശവാദങ്ങളുടെ പിൻബലത്തിൽ മുന്നേറിയ എവിക് ചെങ്ഡു ഓഹരി പിന്നീട് തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 28 ശതമാനവും കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തോളവും താഴേക്ക് വന്നു. കഴിഞ്ഞ ദിവസം ഓഹരി വില 57 യുവാനിലേക്ക് വീണു, അതും പശ്ചിമേഷ്യയിൽ ചൈനയുമായി ഏറെ സൗഹൃദത്തിലുള്ള ഇറാൻ യുദ്ധക്കളത്തിൽ തുടരുന്നതിനിടെ.

'കഥ' മാറിയത് എങ്ങനെ?

സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനൊപ്പം ഇന്ത്യ നടത്തിയ വിവരസാങ്കേതിക പ്രതിരോധമാണ് (Information Warfare) പാകിസ്താന്റെ അവകാശവാ​ദങ്ങളുടെ മുനയൊടിച്ചത്. കഴി‍ഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ വ്യോമസേനയുടെ മേധാവി, പാകിസ്താന്റെ നിരവധി വിമാനങ്ങൾ തകർത്തുവെന്നും ഇന്ത്യൻ വൈമാനികര്‍ എല്ലാം സുരക്ഷിതരായി മടങ്ങിയെത്തിയെന്നും പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ റഫാൽ പോർവിമാനങ്ങളുടെ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ സി.ഇ.ഒ എറിക് ട്രാപ്പിയറും പാക് പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിപ്പറഞ്ഞു.

കൂടാതെ, തകർത്തുവീഴ്ത്തി എന്ന് പറയുന്ന റഫാൽ വിമാനങ്ങൾ എവിടെയാണ് വീണതെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ പോലും പാകിസ്താന് കഴിഞ്ഞിരുന്നില്ലെന്ന് യു.എസ് പ്രതിരോധ നിരീക്ഷകനായ മൈക്കൽ ഡാമും ചൂണ്ടിക്കാട്ടി. ഇതോടെ എവിക് ചെങ്ഡു ഓഹരിയുടെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു.

തുടർന്ന് ഇപ്പോഴുണ്ടായ യു.എസ്-ഇറാൻ സംഘർഷം, ചൈനീസ് പ്രതിരോധ ഓഹരികൾക്ക് താത്കാലികമായി രണ്ടാമതൊരു കുതിപ്പിനുള്ള കളമൊരുക്കിയെങ്കിലും അത് നിലനിർത്താനായില്ല. കൂടാതെ, പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് ചൈനീസ് ആയുധങ്ങൾ ഉപയോഗിക്കപ്പെടുന്നു എന്നതിന് തെളിവുകളൊന്നും ഇല്ലാതിരുന്നതും ചൈനീസ് പ്രതിരോധ ഓഹരിക്ക് തിരിച്ചടിയായി.

അതുപോലെ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബ്ലൂംബെർഗിന്റെ വിശകലന വിദഗ്ധ ജൂലിയാന ലിയു, ചൈനീസ് ആയുധ നിർമാതാക്കൾ നേരിടുന്ന അടിസ്ഥാനപരമായ പ്രതിസന്ധിയും തുറന്നുകാട്ടി. ചൈന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ആയുധ കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി രാജ്യം ഒരു വലിയ യുദ്ധത്തിലും നേരിട്ട് പങ്കെടുത്തിട്ടില്ല. അതിനാൽ സമകാലികവും ഉയർന്ന തീവ്രതയുമുള്ള ഒരു യുദ്ധമുഖത്ത് ചൈനീസ് ആയുധങ്ങളുടെ പ്രകടനം യഥാർത്ഥത്തിൽ തെളിയിക്കപ്പെട്ടിട്ടില്ല എന്നും ജൂലിയാന ലിയു ചൂണ്ടിക്കാട്ടി.

എവിക് ചെങ്ഡു — ഇനിയെന്ത്?

എവിക് ചെങ്ഡു എന്നത്, വലിയ സർക്കാർ കരാറുകളും ആഭ്യന്തര ഓർഡറുകളുമുള്ള മുൻനിര ചൈനീസ് കമ്പനി തന്നെയാണ്. എന്നാൽ, സമീപകാലത്തെ ഈ ഓഹരിയുടെ പ്രകടനം, ആ​ഗോള സംഘർഷങ്ങളുടെ വാർത്തകളെ (Geopolitical narratives) മുൻനിർത്തി നിക്ഷേപം നടത്തുന്നതിലെ അപകടസാധ്യതയെയാണ് വെളിവാക്കുന്നത്. വാർത്തകൾ അനുകൂലമായപ്പോൾ കുതിച്ചുയർന്ന ഓഹരി, വസ്തുതകൾ പുറത്തുവന്നപ്പോൾ അതേവേഗത്തിൽ താഴേക്ക് പതിച്ചു. ഇനി വെറും അവകാശവാദങ്ങൾക്കപ്പുറം യഥാർത്ഥ കയറ്റുമതി കരാറുകളും യുദ്ധമേഖലകളിൽ ചൈനയുടെ യഥാർത്ഥ ആയുധ വിതരണ നയങ്ങളും ഒക്കെ ആശ്രയിച്ചായിരിക്കും എവിക് ചെങ്ഡു ഓഹരിയുടെ ഭാവി മുന്നേറ്റമെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com