

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ കനത്ത നഷ്ടത്തില്‍. ഡിസംബര്‍ 16ലെ വ്യാപാരത്തില്‍ നാല് ശതമാനത്തിലധികമാണ് ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞത്. ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് വഴിവെച്ചത്.
ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ - NIM) പ്രതീക്ഷിച്ച വേഗത്തില്‍ മെച്ചപ്പെടില്ലെന്ന സൂചനയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ലാഭക്ഷമതയുടെ പ്രധാന അളവുകോലായ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ മെച്ചപ്പെടാന്‍ ഇനിയും രണ്ട് ത്രൈമാസങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ എന്‍.ഐ.എം മെച്ചപ്പെടുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനായി നാലാം പാദം വരെയോ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (2026-27) ആദ്യ പാദം വരെയോ കാത്തിരിക്കണമെന്നാണ് ബാങ്ക് ബ്രോക്കറേജ് സ്ഥാപനമായ സിറ്റി റിസര്‍ച്ചിനോട് പറഞ്ഞിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ അറ്റ പലിശ മാര്‍ജിന്‍ നിരക്ക് മെച്ചപ്പെടുന്നതിന്റെ നിരക്ക് കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 3.73 ശതമാനം വളര്‍ച്ചയാണ് എന്‍.ഐ.എമ്മിനുണ്ടായിരുന്നത്. എന്നാല്‍ അടുത്ത 15-18 മാസത്തേക്ക് ഇത് 3.8 ശതമാനമാകുമെന്നാണ് പ്രതീക്ഷ.
ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തുടങ്ങി. പിന്നാലെ വില കുത്തനെ ഇടിഞ്ഞു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി ആക്സിസ് ബാങ്ക് ഓഹരികള്‍ക്ക് 'ന്യൂട്രല്‍' റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ലക്ഷ്യവില 1,285 രൂപയാണെന്നും സിറ്റി ഗ്രൂപ്പ് പറയുന്നു. അതേസമയം, ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കിന്റെ ഓഹരിയിലുണ്ടായ ഈ തകര്‍ച്ച ബാങ്കിംഗ് സെക്ടറിനെയാകെ ബാധിച്ചിട്ടുണ്ട്. നിഫ്റ്റി ബാങ്ക് സൂചികയില്‍ നിലവില്‍ അര ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine