

രാജ്യത്തെ മുൻനിര സ്വർണ പണയ വായ്പ (Gold Loan) സ്ഥാപനങ്ങളിലൊന്നും പ്രമുഖ കേരള ലിസ്റ്റഡ് കമ്പനിയുമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ (BSE: 531213, NSE: MANAPPURAM) ഓഹരികൾ വിപണിയിൽ നിന്നും നേരിട്ട് വാങ്ങുന്നതിനായുള്ള ഓപ്പൺ ഓഫർ നടപടികൾ യു.എസ്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ ആരംഭിച്ചു. മണപ്പുറം ഫിനാൻസിന്റെ 18 ശതമാനം ഓഹരി വിഹിതം 4,385 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ബെയിൻ ക്യാപിറ്റൽ സ്വന്തമാക്കിയതിന്റെ തുടർച്ചയായുള്ള നടപടിയാണിത്.
വിൽക്കാൻ തയ്യാറാകുന്ന നിക്ഷേപകരിൽ നിന്നും 236 രൂപ നിരക്കിലാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ വാങ്ങുന്നതിനുള്ള ഓപ്പൺ ഓഫർ ബെയിൻ ക്യാപിറ്റൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ ഈ കേരള നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയിൽ ബെയിൻ ക്യാപിറ്റലിന്റെ മൊത്തം ഓഹരി വിഹിതം 41.7 ശതമാനമായി ഉയരും. നിലവിലെ പ്രൊമോട്ടറായ വി.പി നന്ദകുമാറിനൊപ്പം മണപ്പുറം ഫിനാൻസിന്റെ സംയുക്ത നിയന്ത്രണവും യു.എസ് നിക്ഷേപക സ്ഥാപനത്തിന് വന്നുചേരും.
ഒരു ലിസ്റ്റഡ് കമ്പനിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) പുറത്തിറക്കിയിട്ടുള്ള നിയമപ്രകാരമാണ് ഓപ്പൺ ഓഫർ നടത്തേണ്ടി വരുന്നത്. ഒരു കമ്പനിയുടെ ഗണ്യമായ ഓഹരി വിഹിതം ഒരു നിക്ഷേപകൻ ഏറ്റെടുക്കുന്ന (പൊതുവേ 25 ശതമാനത്തിന് മുകളിൽ അല്ലെങ്കിൽ കമ്പനിയുടെ നിയന്ത്രണം ലഭിക്കുമ്പോൾ) വേളയിൽ, മറ്റുള്ള പൊതു ഓഹരി ഉടമകൾക്കും അവരുടെ കൈവശമുള്ള ഓഹരികൾ അതേ വിലയിൽ വിൽക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനായാണ് ഓപ്പൺ ഓഫർ സെബി നിഷ്കർഷിച്ചിട്ടുള്ളത്.
കേവലമൊരു സാമ്പത്തിക നിക്ഷേപം എന്നതിനേക്കാൾ ഉപരിയായി വലിയൊരു തന്ത്രപരമായ നീക്കമെന്ന വിശേഷണമാണ് ബെയിൻ ക്യാപിറ്റൽ — മണപ്പുറം ഫിനാൻസ് ഇടപാടിന് മാർക്കറ്റ് അനലിസ്റ്റുകളിൽ നിന്നും പൊതുവായി ലഭിക്കുന്നത്. ആഭ്യന്തര വിപണിയിലെ ഗോൾഡ് ലോൺ കമ്പനിയിലേക്ക് ആഗോള സ്വകാര്യ മൂലധന നിക്ഷേപക സ്ഥാപനത്തിന്റെ പങ്കാളിത്തം ലഭിക്കുന്നതോടെ കമ്പനിയുടെ ഭരണനിർവഹണം (കോർപറേറ്റ് ഗവേണൻസ്) മെച്ചപ്പെടുന്നതായിരിക്കും. ഭാവി വളർച്ചയ്ക്കുള്ള മൂലധനത്തിനും ക്ഷാമമുണ്ടാകില്ല.
ബെയിൻ ക്യാപിറ്റൽ കൂടി കമ്പനിയുടെ നിയന്ത്രണം സംയുക്തമായി നിർവഹിക്കുന്നതോടെ മണപ്പുറം ഓഹരിയുടെ വാല്യൂവേഷന് റീ-റേറ്റിംഗ് ലഭിക്കാനുള്ള സാധ്യതയും വർധിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ബുധനാഴ്ചത്തെ വ്യാപാരത്തിൽ 4 ശതമാനം മുന്നേറ്റത്തോടെ മണപ്പുറം ഫിനാൻസ് ഓഹരി വില 262 രൂപയിലേക്ക് ഉയർന്നു.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine