ബജാജ് ഓട്ടോയുടെ ബൈബാക്ക് ഓഫര്‍ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരമോ?

ദിവസങ്ങള്‍ക്കുശേഷം ഓഹരികള്‍ തിരികെവാങ്ങുന്നതിനുള്ള ബൈബാക്ക് ഓഫറിന് അംഗീകാരം നല്‍കി ബജാജ് ഓട്ടോയുടെ ഡയറക്ടര്‍ ബോര്‍ഡ്. 2500 കോടി രൂപയുടെ ബൈബാക്ക് ഓഫറിനാണ് വാഹന നിര്‍മാതാക്കള്‍ അനുമതി നല്‍കിയത്. മൊത്തം 1.88 ശതമാനം (54.35 ലക്ഷം) ഓഹരികളാണു കമ്പനി തിരിച്ചു വാങ്ങുക. 4,600 രൂപയാണ് ഒരു ഓഹരിക്കു നല്‍കുക.

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോഴുണ്ടായിരുന്ന 3,861 എന്ന ഓഹരി വിലയേക്കാള്‍ 20 ശതമാനം പ്രീമിയത്തോടെയാണ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നത്. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് ഇതൊരു സുവര്‍ണാവസരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എത്രത്തോളം ഓഹരികള്‍ ഒരു നിക്ഷേപകനില്‍നിന്ന് തിരിച്ചുവാങ്ങുമെന്നത് വ്യക്തമല്ല.

ബജാജ് ഓട്ടോയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. അതിനാല്‍ ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്നപ്പോഴും 22 ശതമാനത്തിന്റെ വര്‍ധനവാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്.

നേരത്തെ, ബൈബാക്ക് പദ്ധതി കമ്പനി ആലോചിച്ചിരുന്നെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. ജൂണ്‍ 14 ന് നടന്ന യോഗത്തില്‍ ഇക്കാര്യം പരിഗണിച്ചെങ്കിലും തീരുമാനമെടുക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവച്ചു. ഒടുവില്‍ ഇന്നലെയാണ് ബൈബാക്ക് ഓഫറിന് ബോര്‍ഡ് അനുമതി നല്‍കിയത്.

ഇന്ന് (10.30, 28-06-2022) 0.76 ശതമാനം നേട്ടത്തോടെ 3878.45 രൂപ എന്ന നിലയിലാണ് ബജാജ് ഓട്ടോ വിപണിയില്‍ വ്യാപാരം നടത്തുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it