അറ്റാദായം കുത്തനെ ഉയര്‍ന്നു, നേട്ടവുമായി ബജാജ് ഫിനാന്‍സ്

രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സി (NBFC) സ്ഥാപനമായ ബാജാജ് ഫിനാന്‍സ് (Bajaj Finance Ltd) നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2,781 കോടി രൂപയായിരുന്നു അറ്റാദായം. ബജാജ് ഫിനാന്‍സ് ഏതെങ്കിലും ഒരു പാദത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായം ആണിത്.

മുന്‍വര്‍ഷത്തെ (1,481 കോടി) അപേക്ഷിച്ച് 88 ശതമാനത്തിന്റെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം ഉയര്‍ന്നത് 7 ശതമാനം ആണ്. ബജാജ് ഫിനാന്‍സിന്റെ അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേതില്‍ നിന്ന് 31 ശതമാനം വര്‍ധിച്ച് 7,001 കോടി രൂപയായി. 2,18,366 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. 1.17 ശതമാനം ആണ് ബാങ്കിന്റെ കിട്ടാക്കടം (Gross NPA).

രണ്ടാം പാദത്തില്‍ 26.1 ലക്ഷം ഉപഭോക്താക്കളെയാണ് ബജാജ് ഫിനാന്‍സ് നേടി. പൂര്‍ണമായും ബജാജ് ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ രണ്ടാം പാദത്തില്‍ ലെ അറ്റാദായം 306 കോടി രൂപയാണ്. മറ്റൊരു ഉപകമ്പനിയായ ബജാജ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ് 3 കോടിയുടെ ലാഭവും രേഖപ്പെടുത്തി. നിലവില്‍ 7,335 രൂപയാണ് (10.15 AM) ബജാജ് ഫിനാന്‍സ് ഓഹരികളുടെ വില.

Related Articles
Next Story
Videos
Share it