റെക്കോഡുകള്‍ തകര്‍ത്ത് ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ലിസ്റ്റിംഗില്‍ നേട്ടം തുടരുമോ?

ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഇന്നലെ തിരശീല വീണത് റെക്കോഡ് പെരുമയോടെയാണ്. 6,6560 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഓഹരിക്ക് ലഭിച്ചത് മൂന്ന് ലക്ഷം കോടി രൂപയുടെ ഓഹരികള്‍ക്കുള്ള അപേക്ഷകളാണ്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന സബ്‌സ്‌ക്രിപ്ഷനാണിത്.

മൂന്ന് മെയിന്‍ബോര്‍ഡ് ഐ.പി.ഒകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടായിട്ടും ഇത്ര മികച്ച പ്രതികരണം ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. 2008ല്‍ നടന്ന കോള്‍ ഇന്ത്യയുടെയും 2007ല്‍ നടന്ന മുന്ദ്ര പോര്‍ട്‌സിന്റെയും ഐ.പി.ഒയുടെ രണ്ട് ലക്ഷം കോടി സബ്‌സക്രിപഷനാണ് ഇതോടെ പഴങ്കഥയായത്.
ഇന്നലെ ഐ.പി.ഒ വ്യാപാരം അവസാനിക്കുമ്പോള്‍ 63.61 മടങ്ങായിരുന്നു അപേക്ഷകള്‍. 72.75 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലുമായി ലഭിച്ചത് 4,628 കോടി ഓഹരികള്‍ക്കായുള്ള അപേക്ഷകള്‍.
ഇൻസ്റ്റിറ്റ്യൂഷണല്‍, നോണ്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരാണ് ഓഹരികള്‍ക്കായി മുന്‍പന്തിയില്‍ നിന്നത്. സ്ഥാപന ഇതര നിക്ഷേപകര്‍ക്കായി നീക്കിവച്ച ഓഹരികള്‍ 41.51 മടങ്ങും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തിന് 209 മടങ്ങും അപേക്ഷ ലഭിച്ചു. റീറ്റെയില്‍ (ചെറുകിട) നിക്ഷേപകര്‍ക്കായുള്ള ഓഹരികള്‍ക്ക് ലഭിച്ചത് ഏഴ് മടങ്ങ് അപേക്ഷയാണ്.

ഗ്രേ മാര്‍ക്കറ്റ് പ്രീമിയം നല്‍കുന്ന സൂചന

60-70 രൂപയായിരുന്നു ഐ.പി.ഒയുടെ ഓഫര്‍ വില. ബജാജ് ഫിനാന്‍സിന്റെ ബുക്ക് വാല്യുവിന്റെ 3.7 മടങ്ങാണ് അപ്പര്‍ പ്രൈസ് ബാന്‍ഡ്. സമാന മേഖലയിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ മൂല്യത്തിലാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. ഗ്രേ മാര്‍ക്കറ്റില്‍ 74 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. അതനുസരിച്ച് ലിസ്റ്റിംഗ് വില 143 രൂപ വരെയാകാമെന്നാണ് വിലയിരുത്തലുകള്‍. അതായത് 104.29 ശതമാനം ലിസ്റ്റിംഗ് നേട്ടം. മിക്ക ബ്രോക്കറേജുകളും പോസിറ്റീവ് ഔട്ട്‌ലുക്കാണ് ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഐ.പി.ഒയ്ക്ക് നല്‍കിയിരുന്നത്. ചോള സെക്യൂരിറ്റീസ്, ഐ.ഡി.ബി.ഐ ക്യാപിറ്റല്‍, നിര്‍മല്‍ ബാംഗ് സെക്യൂരിറ്റീസ്, റിലയന്‍സ് സെക്യൂരിറ്റീസ് എന്നിവ സബ്‌സ്‌ക്രൈബ് ശിപാര്‍ശ നല്‍കിയിരുന്നു.

ഓഹരി കിട്ടിയോ? അറിയാം

ഐ.പി.ഒയില്‍ പങ്കെടുത്ത നിക്ഷേപകരില്‍ നിന്ന് അര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ ഇന്നായിരുന്നു. സെപ്റ്റംബര്‍ 16നാണ് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യുക.

ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ ഓഹരികള്‍ അലോട്ട് ആയോ എന്നറിയാന്‍ ഇങ്ങനെ പരിശോധിക്കാം.
1. ബി.എസ്.ഇയുടെ വെബ്‌സൈറ്റില്‍ ഐ.പി.ഒ അലോട്ട്‌മെന്റ് സ്റ്റാറ്റസ് പേജ് എടുക്കുക.
2. ഇഷ്യു ടൈപ്പ് എന്നതിനു നേരെ ഇക്വിറ്റി എന്ന് ടൈപ്പ് ചെയ്യുക.
3. തുടര്‍ന്ന് വരുന്ന ഡ്രോപ് ഡൗണ്‍ മെന്യുവില്‍ നിന്ന് ബജാജ് ഹൗസംഗ് ഫിനാന്‍സ് തിരഞ്ഞെടുക്കുക.
4. ഐ.പി.ഒ അപേക്ഷ നമ്പറും പാന്‍ നമ്പറും നല്‍കുക.
5. ഇനി സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താല്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാം.

Related Articles

Next Story

Videos

Share it