പുതിയ മേഖലയിലേക്ക് ബന്ധന്‍ ഗ്രൂപ്പ്, ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കും

ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിനെ ബന്ധന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുക്കുന്നു. 4,500 കോടി രൂപയ്ക്കാണ് ഐഡിഎഫ്‌സി ലിമിറ്റഡില്‍ നിന്ന് ഈ അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ ബന്ധന്‍ ഗ്രൂപ്പും സംഘവും സ്വന്തമാക്കുന്നത്. ആദ്യമായി ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയിലേക്ക് എത്താനുള്ള അവസരമാണ് ഇടപാടിലൂടെ ബന്ധന്‍ ഗ്രൂപ്പിന് ലഭിക്കുന്നത്.

ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് (ബിഎഫ്എച്ച്എല്‍), ബന്ധന്‍ ബാങ്കിന്റെ പ്രൊമോട്ടര്‍, സിംഗപൂര്‍ സോവെറിന്‍ ഫണ്ട് ജിഐസി, ക്രിസ് ക്യാപിറ്റല്‍ എന്നിവരടങ്ങുന്നതാണ് ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കുന്ന കണ്‍സോര്‍ഷ്യം. ബിഎഫ്എച്ച്എല്ലിന് 60 ശതമാനം ഓഹരികളും ജിഐസിക്കും ക്രിസ് ക്യാപിറ്റലിനും 20 ശതമാനം വീതം ഓഹരികളുമാണ് ലഭിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ കൈമാറ്റം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇടപാടിന് സെബി, ആര്‍ബിഐ എന്നിവയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്.
സമീപകാലത്ത് മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഇടപാടാണ് ഐഡിഎഫ്‌സി-ബന്ധന്‍ ഗ്രൂപ്പിന്റേത്. കഴിഞ്ഞ വര്‍ഷം എച്ച്എസ്ബിസി 3200 കോടിക്ക് എല്‍&ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൈകാര്യം ചെയ്യുന്ന ശരാശരി ആസ്ഥികളുടെ (AAUM-Average Asset Under Management) അടിസ്ഥാനത്തില്‍ രാജ്യത്തെ ഒമ്പതാമത്തെ വലിയ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമാണ് ഐഡിഎഫ്‌സി. 1.21 ട്രില്യണാണ് സ്ഥാപനത്തിന്റെ എഎയുഎം. എസ്ബിഐ മ്യൂച്വല്‍ ഫണ്ട് (6.47 ട്രില്യണ്‍), ഐസിഐസി പ്രുഡെന്‍ഷ്യല്‍ ഫണ്ട് (4.68 ട്രില്യണ്‍), എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്( 4.32 ട്രില്യണ്‍) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it