അദാനിക്ക് ഇനിയും വായ്പ നല്‍കുമെന്ന് ബാങ്ക് ഓഫ് ബറോഡ

അദാനി ഗ്രൂപ്പിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ബാങ്ക് ഓഫ് ബറോഡ സിഇഒ സഞ്ജീവ് ഛദ്ദ. ധാരാവി ചേരി പുനര്‍നിര്‍മാണത്തിന് ഉള്‍പ്പടെ വായ്പ നല്‍കാന്‍ ബാങ്ക് ഒരുക്കമാണ്. അദാനി ഓഹരികളുടെ വില ഇടിയുന്നതില്‍ ആശങ്കയില്ല. ബാങ്ക് വായ്പ നല്‍കുന്നത് ഈടുകള്‍ പരിഗണിച്ചാണെന്നും ഒരഭിമുഖത്തില്‍ സിഇഒ വ്യക്തമാക്കി.

അതേ സമയം അദാനി ഗ്രൂപ്പിന് ആകെ എത്ര രൂപ വായ്പയായി നല്‍കിയെന്ന് വെളിപ്പെടുത്താന്‍ സിഇഒ തയ്യാറായില്ല. അടുത്ത മാസം കാലവധി എത്തുന്ന 50 കോടി രൂപയുടെ വായ്പകള്‍ അദാനി ഗ്രൂപ്പിന് തിരിച്ചടയ്‌ക്കേണ്ടതുണ്ട്. വായ്പാ തിരിച്ചടവിനായി അദാനി ഗ്രൂപ്പിന് ലോണ്‍ നല്‍കാന്‍ ഏതാനും ബാങ്കുകള്‍ വിസമ്മദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ബറോഡ സിഇഒയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

ബാങ്കുകളില്‍ നിന്ന് ഏകദേശം 80,000 കോടി രൂപയോളം അദാനി ഗ്രൂപ്പ് വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 27,000 കോടിയുമായി വായ്പാ ദാതാക്കളില്‍ എസ്ബിഐ ആണ് മുമ്പില്‍. അദാനി ഗ്രൂപ്പിലെ ഓഹരികള്‍ ഇടിയുന്നത് ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കില്ലെന്നാണ് ഒരു അഭിമുഖത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഓഹരികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയലധികം ആണ് ഇടിഞ്ഞത്.

കടം കുറയ്ക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്

ഗ്രൂപ്പിന്റെ കടങ്ങള്‍ കുറയ്ക്കാന്‍ നടപടി തുടങ്ങിയതായി കഴിഞ്ഞ ആഴ്ച ഗൗതം അദാനി അറിയിച്ചിരുന്നു. സ്വന്തം പണവും പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപവും ഉപയോഗിച്ചു കടങ്ങള്‍ കുറയ്ക്കാനാണ് അദാനി ഉദ്ദേശിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. 200 കോടി ഡോളറിന്റെ കടങ്ങള്‍ നേരത്തേ അടയ്ക്കാനാണ് അദാനി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പുതിയ പദ്ധതികളും നിക്ഷേപങ്ങളും മരവിപ്പിച്ചു. നിലവിലുള്ള പദ്ധതികള്‍ തീര്‍ക്കുന്നതിനാണു അദാനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. നിലവില്‍ അദാനി പവര്‍ ഒഴികെയുള്ള ഗ്രൂപ്പിന് കീഴിലുള്ള മറ്റെല്ലാ കമ്പനികളുടെയും ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം.

Related Articles
Next Story
Videos
Share it