

രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ടുള്ള പുതിയ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് സർക്കാർ പുറത്തിറക്കിയെങ്കിലും ഓഗസ്റ്റിൽ അതിന്റെ കാലാവധി തീരും. അതിനാലാണ് പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്.
ഓർഡിനൻസിലെ എല്ലാ വ്യവസ്ഥകളും ബില്ലിൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകൾക്ക് കുറച്ചുകൂടി വ്യക്തത കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേറ്റ് കാര്യ മന്ത്രാലയം, ആർബിഐ, സെബി തുടങ്ങിയ റെഗുലേറ്റർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത, അനധികൃതമായി നടത്തുന്ന ചിട്ടി ഫണ്ടുകളും കുറികളും പിരമിഡ് സ്കീമുകളും സാധാരണക്കാരുടെ പണവുമായി കടന്നുകളയുന്നത് സർവസാധാരണമാണ്. ഇതിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് ‘ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ്-2019.
അനധികൃതമായ നിക്ഷേപ, വായ്പാ ഇടപാടുകൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, ബിൽ ചില സാധാരണ പണമിടപാടുകൾ വരെ നിയമക്കുരുക്കിലാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്ന ചില വ്യവസ്ഥകൾ ഇതിലുണ്ട് എന്നതാണ് കാരണം. ഇതുവരെ ഒരു വ്യക്തി സുഹൃത്തിന്റെ കയ്യിൽ നിന്നും വായ്പ വാങ്ങുന്നതിനും, ഒരു ബിസിനസുകാരൻ പരിചയക്കാരിൽ നിന്ന് എമർജസി ഫണ്ട് സ്വരൂപിക്കുന്നതിനും നിയമ തടസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തരം ഇടപാടുകൾ ഓർഡിനൻസ് വഴി നിരോധിച്ച ഇടപാടുകളിൽ ഉൾപ്പെട്ടേക്കാം.
ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്ത അഥവാ അൺറെഗുലേറ്റഡ് ആയ ഡെപ്പോസിറ്റ് സ്കീം നടത്തുക, രജിസ്റ്റർ ചെയ്ത സ്കീം ആണെങ്കിൽ കൂടി അതിൽ തട്ടിപ്പ് നടത്തുക, അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീമിന് പ്രോത്സാഹനം നൽകുക.
കഴിഞ്ഞ ജൂലായ് 18 നാണ് ബിൽ ആദ്യം അവതരിപ്പിച്ചത്. 2015 മുതൽ മൂന്നുവർഷത്തിനിടയിൽ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതലും ബംഗാളിൽനിന്നും ഒഡിഷയിൽനിന്നുമാണ്.
ഒരു പ്രൊപ്രൈറ്റർക്ക് ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം വാങ്ങാം. എന്നാൽ അത് മുഴുവനായും ബിസിനസ് ആവശ്യത്തിനായിരിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine