നിക്ഷേപം എപ്പോള്‍ തുടങ്ങണം? എങ്ങനെ തുടങ്ങണം: തുടക്കക്കാര്‍ അറിയേണ്ടതെല്ലാം
"ഇപ്പോള്‍ നല്ല സമയമാണല്ലേ ഓഹരിയില്‍ നിക്ഷേപിക്കാന്‍. എന്നാല്‍ പേഴ്‌സണല്‍ ലോണ്‍ എടുത്ത് നിക്ഷേപിച്ചാലോ?" പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യമാണിത്. അങ്ങനെ ഒരു നല്ല സമയത്തിലാണോ നമ്മള്‍ നില്‍ക്കുന്നത്. വിപണിയുടെ നല്ല സമയവും ചീത്തസമയവുമൊന്നും നമ്മള്‍ വിധിക്കാതിരിക്കുകയാണ് നല്ലത്. അതേസമയം വിപണിയുടെ പ്രകടനം നോക്കി പഠനത്തോടെ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാം. വിപണിയെ വിധിക്കുന്നതില്‍ ഉപരിയായി വിപണിയില്‍ നിക്ഷേപിക്കുക എന്നതാണ് പ്രധാനം. ആദ്യനിക്ഷേപം എന്ന നിലയില്‍ ഏറ്റവും മനസിലാക്കേണ്ട പ്രധാന കാര്യം, ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ്. അതും ചെറിയ രീതിയില്‍ തുടങ്ങുകയും വേണം. നിക്ഷേപിക്കും മുമ്പ് തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങളിതാ.
ക്വാളിറ്റി ഇന്‍വെസ്റ്റിംഗില്‍ വിശ്വസിക്കൂ
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയുള്ള കമ്പനികളുടെ ഓഹരികളില്‍ വേണം നിക്ഷേപം നടത്താന്‍. പൊടുന്നനെ പൊങ്ങി വരുന്ന കമ്പനികളെ എപ്പോഴും സംശയദൃഷ്ടിയോടെ മാത്രമേ നോക്കിക്കാണാവൂ. ലാഭക്ഷമതയുള്ള, വരുമാനമുണ്ടാക്കുന്ന ബിസിനസുകളെ കണ്ടെത്തി വേണം നിക്ഷേപം നടത്താന്‍. അതാണ് ക്വാളിറ്റി ഇന്‍വെസ്റ്റിങ്.
ആസ്തി വിഭജനം അഥവാ അസറ്റ് ആലോക്കേഷന്‍
റിസ്‌കെടുക്കാനുള്ള നിങ്ങളുടെ ശേഷി, നിക്ഷേപ ലക്ഷ്യങ്ങള്‍, കൈയിലുള്ള ഫണ്ട്, വയസ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച ശേഷം ആസ്തികളുടെ വിഭജനം വളരെ കൃത്യമായി നടത്തണം. ഇക്വിറ്റിയില്‍ എത്ര നിക്ഷേപിക്കാം, ഡെറ്റില്‍ എത്ര വേണം നിക്ഷേപം, ഹൈബ്രിഡിലേക്ക് എത്ര വകയിരുത്താം, ഭൗതിക ആസ്തികളിലേക്ക് എത്രമാത്രം ഫണ്ട് മാറ്റാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം വേണം. ഇത് ബുദ്ധിപരമായി ചെയ്താല്‍ മികച്ച നേട്ടം കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക
ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. നിക്ഷേപം ആസൂത്രണം ചെയ്യുന്നത് ഈ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായിരിക്കണം. അതിന് കൃത്യമായ സമയപരിധിയും നിശ്ചയിക്കണം. ഒരു ഹൈഎന്‍ഡ് ലാപ്ടോപ്പ് വാങ്ങാനായി ഒരു ലക്ഷം രൂപ സമാഹരിക്കുകയെന്നത് നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യമായേക്കാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ കാര്‍ വാങ്ങാനായി നാല് ലക്ഷം രൂപ സമാഹരിക്കുകയെന്നത് ഇടക്കാല ലക്ഷ്യമാകാം. 10 വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങാനായി 60 ലക്ഷം സമാഹരിക്കുകയെന്നത് ദീര്‍ഘകാല ലക്ഷ്യവുമാകാം. ഇതെല്ലാം മുന്‍നിര്‍ത്തിയാകണം നിക്ഷേപം.
പഠനം നിര്‍ബന്ധം
നിക്ഷേപം നടത്തും മുമ്പ് നിങ്ങള്‍ നിക്ഷേപിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് കൃത്യമായി പഠിച്ചിരിക്കണം. അതില്‍ നിന്നു ലഭിക്കുന്ന നേട്ടം, റിസ്‌ക്കുകള്‍, ലോക്ക് പിന്‍ പിരീഡുകള്‍ എന്നിങ്ങനെ സകല വിവരങ്ങളും അറിയണം. ഇതിനായി ഇന്റര്‍നെറ്റില്‍ കുറച്ച് സമയം ഗവേഷണം നടത്തിയാലും തെറ്റില്ല.
റിസ്‌കെടുക്കാന്‍ അത്ര ഭയം വേണ്ട
റിസ്‌ക്ക് എടുക്കാനുള്ള മനോഭാവവും നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും തമ്മില്‍ ബന്ധമുണ്ട്. ഉയര്‍ന്ന റിസ്‌കെടുത്താല്‍ മാത്രമല്ല ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുക. ചെറിയ തോതില്‍ റിസ്‌കെടുക്കാനുള്ള മനസുണ്ടെങ്കിലും അത്യാവശ്യം റിട്ടേണ്‍ ലഭിക്കും. റിസ്‌കെടുക്കാതെ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും തിരിച്ചറിയണം. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ പഠിച്ച ശേഷം, വളരെ ആസൂത്രിതമായാകണം ആ റിസ്‌കെടുക്കേണ്ടത്.
കടം വാങ്ങി നിക്ഷേപിക്കരുത്
നിങ്ങളുടെ കൈയില്‍ മിച്ചം വരുന്ന കാശുകൊണ്ടായിരിക്കണം എപ്പോഴും നിക്ഷേപം നടത്തേണ്ടത്. ഒരിക്കലും നിക്ഷേപിക്കാനായി കടം വാങ്ങരുത്. നിക്ഷേപമെങ്ങാനും നേട്ടം തരാതെ പോയാല്‍ വലിയ കടക്കെണിയിലേക്കായിരിക്കും നിങ്ങള്‍ വീഴുക.
വരുമാനമായാല്‍ തുടങ്ങാം
ജോലി കിട്ടിയ ഉടന്‍ തന്നെ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവും കൂട്ടണം. വളരെ ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങിയാല്‍ മതി. എന്നാല്‍ കാലക്രമേണ തുക കൂട്ടി വരണം, ഒപ്പം നിക്ഷേപത്തിന് സ്ഥിരതയുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പഠനം നടത്തി ആത്മവിശ്വാസം വര്‍ധിപ്പിക്കാം. സെബി നല്‍കുന്ന കോഴ്‌സുകള്‍ പോലെ ഓഹരി പഠനത്തിന് മികച്ച കോഴ്‌സുകള്‍ പഠിക്കാം.