ബാറ്റയ്ക്ക് എന്താണ് സംഭവിക്കുന്നത്? വരുമാനവും ലാഭവും ഇടിയുന്നു; ഓഹരിവില ₹2,262ല്‍ നിന്ന് ₹960ലേക്ക്!

വില്പന വളര്‍ച്ചയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമാണ് ബാറ്റയ്ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. വിപണിയില്‍ മറ്റ് ന്യൂജന്‍ കമ്പനികള്‍ക്ക് മുന്നില്‍ പഴയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ബാറ്റ പാടുപെടുകയാണ്
ബാറ്റയ്ക്ക് എന്താണ് സംഭവിക്കുന്നത്? വരുമാനവും ലാഭവും ഇടിയുന്നു; ഓഹരിവില ₹2,262ല്‍ നിന്ന് ₹960ലേക്ക്!
Published on

ഒരുകാലത്ത് ഇന്ത്യന്‍ പാദരക്ഷ വ്യവസായത്തിലെ മുന്‍നിരക്കാരായിരുന്നു ബാറ്റാ ഇന്ത്യ. എന്നാല്‍ ന്യൂജനറേഷന്‍ കമ്പനികളുടെ കടന്നുവരവില്‍ ബാറ്റയ്ക്ക് അടിതെറ്റുന്ന കാഴ്ചയാണ് അടുത്തിടെ കാണുന്നത്. ഓഹരി വിലയില്‍ ഇതിന്റെ നേര്‍ചിത്രം കാണാം. 2,262 രൂപ വരെയെത്തിയ ഓഹരിവില ഇപ്പോള്‍ 1,000 പിന്നിടാന്‍ പോലും പാടുപെടുകയാണ്.

വില്പന വളര്‍ച്ചയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമാണ് ബാറ്റയ്ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. വിപണിയില്‍ മറ്റ് ന്യൂജന്‍ കമ്പനികള്‍ക്ക് മുന്നില്‍ പഴയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ബാറ്റ പാടുപെടുകയാണ്. വരുമാനവും ലാഭവും ഓരോ പാദത്തിലും കുറഞ്ഞു വരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 52 കോടിയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് വെറും 14 കോടി രൂപയായി താഴ്ന്നു. ലാഭത്തിലെ കുറവ് 73 ശതമാനത്തോളം.

രണ്ടാംപാദത്തില്‍ ലാഭം ഇത്രത്തോളം കുറയാന്‍ കാരണം ജിഎസ്ടി പരിഷ്‌കാര വാര്‍ത്തയാണെന്നാണ് കമ്പനിയുടെ വാദം. ജിഎസ്ടി കുറയുമെന്ന് വന്നതോടെ പലരും വാങ്ങല്‍ നിര്‍ത്തിവച്ചുവത്രേ. എന്നാല്‍ കമ്പനിയുടെ തൊട്ടുമുന്‍ പാദഫലങ്ങളും അത്ര സുഖകരമായിരുന്നില്ല.

കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 174 കോടി രൂപയായിരുന്നു ബാറ്റയുടെ ലാഭം. പിന്നീടുള്ള പാദങ്ങളില്‍ ലാഭം പതിയെ താഴുന്നതാണ് കണ്ടത്. ഡിസംബറില്‍ 59 കോടി രൂപയും മാര്‍ച്ചില്‍ 46 കോടി രൂപയുമായി പാദലാഭം ഇടിഞ്ഞു.

വിപണിമൂല്യം ഇടിയുന്നു

ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ബാറ്റ വിപണിമൂല്യം 12,400 കോടി രൂപയായി ഇടിഞ്ഞു. ബാറ്റ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനത്തില്‍ 4 ശതമാനത്തോളം കുറവുണ്ട്. വരുമാനം അടിക്കടി കുറയുന്നത് കാലത്തിനൊത്ത് മാറാത്തത് മൂലമാണെന്നാണ് വിമര്‍ശകരുടെ വാദം. പരമ്പരാഗത സ്റ്റൈലിലാണ് ബാറ്റയുടെ മാര്‍ക്കറ്റിംഗ് രീതികള്‍.

ചെലവ് ചുരുക്കി പിടിച്ചുനില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫാക്ടറി ജീവനക്കാര്‍ക്കായി വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം കമ്പനി അവതരിപ്പിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം ഒരുപരിധി വരെ കുറയ്ക്കാന്‍ കമ്പനിക്ക് ഇതുവഴി സാധിക്കും.

പാദരക്ഷ രംഗത്ത് ഇപ്പോള്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബ്രാന്‍ഡുകള്‍ക്കൊപ്പം ചെറുകിട കമ്പനികളും കൂടുതലായി രംഗത്ത് വന്നതോടെ വിപണിയില്‍ പൊടിപൂരമാണ്. പഴമ വിട്ടു പിടിക്കാന്‍ മടിക്കുന്ന ബാറ്റയ്ക്ക് ക്രോക്‌സ് പോലുള്ള ന്യൂജെന്മാരോട് പിടിച്ചുനില്‍ക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്.

Bata India faces steep decline in revenue, profit, and stock price amid rising competition and outdated marketing strategies

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com