തിരിച്ചടിയായി ചൈനയും ലാഭമെടുപ്പും: ഓഹരികളില്‍ ഇടിവ്; നിഫ്റ്റി 18,600ന് താഴെ

നാല് നാള്‍ നീണ്ട നേട്ടക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. ചൈനയില്‍ വ്യാവസായിക ഉത്പാദനം കുറഞ്ഞെന്ന റിപ്പോര്‍ട്ടുകളും വന്‍കിട ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പുമാണ് ഇന്ന് ഓഹരികളെ തളര്‍ത്തിയത്. മറ്റ് പ്രമുഖ ഏഷ്യന്‍ ഓഹരി സൂചികകളായ ജപ്പാനിലെ നിക്കേയ്, ചൈനയിലെ ഷാങ്ഹായ്, ഹോങ്കോംഗിലെ ഹാങ്‌സെങ് എന്നിവ നേരിട്ട ഇടിവും ഇന്ത്യയില്‍ പ്രതിഫലിച്ചു.

ഇന്ന് വിവിധ ഓഹരി വിഭാഗങ്ങളുടെ നിലവാരം

സെന്‍സെക്‌സ് 346.89 പോയിന്റ് (0.55 ശതമാനം) ഇടിഞ്ഞ് 62,622.24ലും നിഫ്റ്റി 99.45 പോയിന്റ് നഷ്ടവുമായി (0.53 ശതമാനം) 18,534.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിരാശപ്പെടുത്തിയവര്‍
നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് 0.69 ശതമാനവും ധനകാര്യം 0.82 ശതമാനവും നഷ്ടത്തിലായി. മെറ്റൽ സൂചിക 0.78 ശതമാനവും പി.എസ്.യു ബാങ്ക് 0.24 ശതമാനവും സ്വകാര്യ ബാങ്ക് 0.50 ശതമാനവും ഇടിഞ്ഞു. ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക നേരിട്ടത് 1.26 ശതമാനം നഷ്ടം.

ഇന്ന് ഏറ്റവുമധികം നഷ്ടം കുറിച്ചവര്‍


ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നിവ നേരിട്ട കനത്ത ലാഭമെടുപ്പാണ് ഇന്ന് ഓഹരികളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്. എന്‍.ടി.പി.സി., ടാറ്റാ സ്റ്റീല്‍, അള്‍ട്രടെക് സിമന്റ് എന്നിവയും നിരാശപ്പെടുത്തി.

അദാനി ഓഹരികളില്‍ ഇന്നും സമ്മര്‍ദ്ദം ദൃശ്യമായി. അദാനി ടോട്ടല്‍ ഗ്യാസ്, ഡെല്‍ഹിവെറി, ഒ.എന്‍.ജി.സി., ടോറന്റ് പവര്‍, വേദാന്ത എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.
നേട്ടം കുറിച്ചവര്‍
ഓഹരി സൂചികകള്‍ തളര്‍ന്നെങ്കിലും ഒഴുക്കിനെതിരെ നീന്തി ചില കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി. എ.ബി.ബി ഇന്ത്യ, ടോറന്റ് ഫാര്‍മ, സോന ബി.എല്‍.ഡബ്ല്യു., ഡിക്‌സണ്‍ ടെക്, പി.ഐ ഇന്‍ഡസ്ട്രീസ് എന്നിവ ഇന്ന് ഏറ്റവുമധികം മുന്നേറിയ ഓഹരികളാണ്.
ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ചവർ

ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, കോട്ടക് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് എന്നീ വന്‍കിട ഓഹരികളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായെങ്കിലും ഓഹരി സൂചികകളുടെ മൊത്തത്തിലുള്ള ഇടിവ് തടയാനായില്ല.
എല്ലാ കണ്ണുകളും ജി.ഡി.പിയിലേക്ക്
ഇന്ത്യയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെയും 2023 ജനുവരി-മാര്‍ച്ചിലെയും ജി.ഡി.പി വളര്‍ച്ചാക്കണക്ക് ഇന്ന് വൈകിട്ട് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിടും. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് വിലയിരുത്തപ്പെടുന്നത്.
ഓഹരി സൂചികകളുടെ അടുത്ത വ്യാപാര സെഷനുകളില്‍ ഈ കണക്കുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തും. മുഖ്യ വ്യവസായ മേഖലയുടെ (Core Sector) വളര്‍ച്ചാനിരക്ക്, കേന്ദ്രത്തിന്റെ ധനക്കമ്മി എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകളും നിര്‍ണായകമാകും.
രൂപയ്ക്ക് തളര്‍ച്ച
ഡോളറിനെതിരെ രൂപ ഇന്ന് 7 പൈസ താഴ്ന്ന് 82.74ലാണുള്ളത്. മെയ് മാസം രൂപയ്ക്ക് സമ്മാനിച്ചത് കനത്ത നിരാശയാണ്. ഡോളറിനെതിരെ ഒരു ശതമാനത്തോളം മൂല്യത്തകര്‍ച്ചയുണ്ടായി. അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ മറ്റ് മുന്‍നിര കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് മെച്ചപ്പെട്ടതാണ് രൂപയ്ക്കും തിരിച്ചടിയായത്.
ആസ്റ്ററും മുത്തൂറ്റ് കാപ്പിറ്റലും മുന്നേറി
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് ആസ്റ്റര്‍ 3.77 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 3.40 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് ഓഹരികള്‍ 2.16 ശതമാനം ഉയര്‍ന്നു.
ഇന്ന് കേരള കമ്പനികൾ നടത്തിയ പ്രകടനം

അതേസമയം, ഇന്നലെ 20 ശതമാനം മുന്നേറി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്‌കൂബിഡേ ഇന്ന് 0.95 ശതമാനം നഷ്ടത്തിലാണുള്ളത്. നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞു. 3.97 ശതമാനം നഷ്ടം കിറ്റെക്‌സും നേരിട്ടു. കെ.എസ്.ഇ., ഈസ്‌റ്റേണ്‍, കൊച്ചിന്‍ മിനറല്‍സ്, എ.വി.ടി എന്നിവയും രണ്ട് ശതമാനത്തിലധികം നഷ്ടം നേരിട്ടു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it