

ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് ഭാരതി എയർടെൽ, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വിപണി മൂല്യമുള്ള (Market Cap) കമ്പനിയായി മാറി. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനെ പിന്നിലാക്കിയാണ് സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഈ ടെലികോം ഭീമൻ ഈ സ്ഥാനത്തെത്തിയത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മാത്രമാണ് നിലവില്‍ വിപണി മൂല്യത്തിൽ എയർടെല്ലിന് മുന്നിലുള്ളത്.
ഇന്ന് (മെയ് 18) വ്യാപാരത്തിനിടെ എയർടെല്ലിന്റെ മൊത്തം വിപണി മൂല്യം 11.90 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11.80 ലക്ഷം കോടി രൂപയായിരുന്നു. വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 18.11 ലക്ഷം കോടി രൂപയിലധികമാണ്. വെറും നാല് വ്യാപാര സെഷനുകളിലായി എയർടെൽ ഓഹരികൾ 11 ശതമാനത്തിലധികം മുന്നേറ്റം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ഉച്ചകഴിഞ്ഞുളള സെഷനില്‍ ഓഹരി 1.66 ശതമാനം നേട്ടത്തില്‍ 1,938 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി വില ഉടൻ തന്നെ 2,100 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ചില അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഇതുവരെയുളള നഷ്ടം നികത്തി മെയ് മാസത്തിൽ ഇതുവരെ 4 ശതമാനവും ഏപ്രിലിൽ 6 ശതമാനവും വർദ്ധനവാണ് ഓഹരി വിലയിൽ രേഖപ്പെടുത്തിയത്.
കമ്പനിയുടെ നാലാം പാദ (Q4FY26) ഏകീകൃത അറ്റാദായം 7,325 കോടി രൂപയാണ്. ഇത് മുൻ പാദത്തേക്കാൾ 10.5 ശതമാനം വർദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും, മുൻ വർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ കുറവുണ്ടായിട്ടുണ്ട്. വയര്‍ലെസ് ഡിവൈസുകളുടെ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്ന നിരക്ക് വർദ്ധനവ് (Tariff hike), ഹോം ബ്രോഡ്‌ബാൻഡ് മേഖലയിലെ മുന്നേറ്റം, ആഫ്രിക്കൻ വിപണിയിലെ കരുത്തുറ്റ വളർച്ച എന്നിവയാണ് എയർടെല്ലിന്റെ ഈ കുതിപ്പിന് പ്രധാന കാരണങ്ങള്‍.
അതേസമയം വിപണിയിലെ നേതൃസ്ഥാനത്തുള്ള ഈ മാറ്റം നിക്ഷേപകർക്കിടയിൽ വലിയ താല്പര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine