5ജി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം, നേട്ടവുമായി എയര്‍ടെല്‍ ഓഹരികള്‍
ഭാരതി എയര്‍ടെല്ലിന്റെ (Bharti Airtel Share) ഓഹരി വില ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ 5ജി നെറ്റ്‌വര്‍ക്ക് രാജ്യത്തിന് സമര്‍പ്പിക്കാനിരിക്കെ ആണ് എയര്‍ടെല്‍ ഓഹരികള്‍ പുതിയ ഉയരത്തില്‍ എത്തിയത്. 765.10 രൂപയില്‍ വ്യപാരം തുടങ്ങിയ ഓഹരി ഒരു ഘട്ടത്തില്‍ 807.50 രൂപയില്‍ വരെ എത്തിയിരുന്നു.
34.95 രൂപ അഥവാ 4.75 ശതമാനം ഉയര്‍ന്ന് 799.60 രൂപയിലാണ് എയര്‍ടെല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് പ്രധാനമന്ത്രി 5ജി സേവനം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ലേലത്തില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം സ്വന്തമാക്കിയത്.
43,084 കോടി രൂപ മുടക്കിയ എയര്‍ടെല്‍ വാങ്ങിയത് 19,868 mhz സ്പെക്ട്രമാണ്. 5ജി സ്‌പെക്ട്രങ്ങളുടെ നാല് വര്‍ഷത്തെ ഇന്‍സ്റ്റാള്‍മെന്റ് കമ്പനി മുന്‍കൂട്ടി അടയ്ക്കുകയും ചെയ്തിരുന്നു. 5ജി നെറ്റ്വര്‍ക്കിനായി എറിക്സണ്‍, നോക്കിയ, സാംസംഗ് എന്നീ കമ്പനികളുമായി എയര്‍ടെല്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, പൂനെ എന്നീ നഗരങ്ങളിലാവും ആദ്യ ഘട്ടത്തില്‍ എയര്‍ടെല്‍ 5ജി എത്തുക.