നിക്ഷേപകര്‍ക്ക് എസ്.ഐ.പിയോടു പ്രിയം: 6 മാസത്തില്‍ 49,000 കോടി

നിക്ഷേപകര്‍ക്ക് എസ്.ഐ.പിയോടു പ്രിയം: 6 മാസത്തില്‍ 49,000 കോടി
Published on

ചെറുകിട, ചില്ലറ നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(എസ്ഐപി) വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള ആഭിമുഖ്യം ക്രമമായി കൂടിവരുന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തില്‍ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാള്‍ 11 ശതമാനമാണ് വര്‍ധന.

കുറച്ചുവര്‍ഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വര്‍ധിച്ചുവരികയാണ്. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി എസ്ഐപി വഴി നിക്ഷേപിക്കാനാണ് റീട്ടെയില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിക്കുന്നത്.വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ മുടങ്ങാതെ നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപ.

രാജ്യത്തെ 44 അസറ്റ് മാനേജുമെന്റ് കമ്പനികളില്‍ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബര്‍ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി.

റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. 2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ 44,487 കോടി രൂപയാണ് റീട്ടെയില്‍ നിക്ഷേപകര്‍ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ 49,316 കോടി രൂപ ഈ തരത്തില്‍ നിക്ഷേപമായെത്തി. സെപറ്റംബര്‍വരെയുള്ള 12 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപം 8,000 കോടി രൂപയിലേറെ വരും.2018-19 സാമ്പത്തിക വര്‍ഷത്തില്‍ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വര്‍ഷത്തില്‍ 67,000 കോടിയായിരുന്നു. 2016-17 വര്‍ഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com