അമേരിക്കയില്‍ വന്‍ ഹിറ്റ്; ഇനി ഇന്ത്യയിലും വരുമോ SPAC തരംഗം

ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസും ബാസ്‌ക്കറ്റ്ബാള്‍ ഇതിഹാസം ഷാക്വില്‍ ഒനീലും തമ്മില്‍ പൊതുവായി എന്താണ് ഉള്ളതെന്നു ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം SPAC എന്നായിരിക്കും. ബിസിനസ്സുകാരും, നിക്ഷേപകരും പത്രപ്രവര്‍ത്തകരും എല്ലാം തിരിച്ചും മറിച്ചും ഉപയോഗിക്കുന്ന പ്രയോഗമായ SPAC എന്താണ് എന്നറിയാനുള്ള കൗതുകം സ്വാഭാവികം മാത്രം.


എന്താണ് SPAC?
സ്‌പെഷ്യല്‍ പര്‍പസ് അക്വിസിഷന്‍ കമ്പനി എന്നതിന്റെ ചുരുക്കെഴുത്താണ് SPAC. വിശദമായ പേരു സൂചിപ്പിക്കുന്നതു പോലെ ഏതെങ്കിലും സ്ഥാപനത്തെ ഏറ്റെടുക്കുവാന്‍ അല്ലെങ്കില്‍ വാങ്ങുന്നതിനായി രൂപീകരിക്കുന്ന സവിശേഷമായ സ്ഥാപനം. അതാണ് SPAC. ഇതില്‍ എന്താണ് ഇത്ര അത്ഭുതപ്പെടാനുള്ളത്. SPAC മറ്റു ബിസിനസ്സില്‍ ഒന്നും ഏര്‍പ്പെടാറില്ല. അതിന്റെ ജന്മദൗത്യം ലക്ഷ്യം വെയ്ക്കുന്ന കമ്പനിയെ ഏറ്റെടുക്കുക അല്ലെങ്കില്‍ വാങ്ങിക്കുക മാത്രമാണ്. ഏറ്റെടുക്കലിന് ആവശ്യമായ മൂലധനം പ്രാഥമിക ഓഹരി വില്‍പ്പന അഥവാ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ വഴി സമാഹരിക്കും. ഐപിഒ വഴിയുള്ള മൂലധന സമാഹരണം നടത്തുമ്പോള്‍ സ്വാഭാവികമായും ഓഹരി കമ്പോളത്തില്‍ ലിസ്റ്റു ചെയ്യേണ്ടതായി വരും. ചുരുക്കത്തില്‍ ഒരു സ്വകാര്യ ബിസിനസ്സിനെ ഭാവിയില്‍ ഏറ്റെടുക്കുന്നതിനു വേണ്ടി ഐപിഒ വഴി മൂലധനം സമാഹരിക്കുകയും പിന്നിട് സാധാരണഗതിയിലുള്ള ഐപിഒ നിബന്ധനകളൊന്നുമില്ലാതെ അതിനെ പൊതുകമ്പനി ആക്കി മാറ്റുകയും ചെയ്യുന്ന ഏര്‍പ്പാടാണ് SPAC-യുടെ നടത്തിപ്പുകാരുടെ പ്രധാന പ്രവര്‍ത്തനം. ഏറ്റെടുക്കാന്‍ പോകുന്ന ബിസിനസ്സോ, സ്ഥാപനമോ ഏതാണെന്ന സൂചനയൊന്നും നിക്ഷേപകരോട് പറയുന്നതും ഈ കച്ചവടത്തില്‍ ഇല്ല. ഏറ്റെടുക്കലിന്റെ കാലാവധിയെക്കുറിച്ചും പ്രത്യേകിച്ച് നിബന്ധനകളൊന്നും ഉണ്ടാവില്ല. അതായത് ഒരു സുപ്രഭാതത്തില്‍ നിക്ഷേപകര്‍ എണീറ്റു വന്ന് എന്തുകൊണ്ട് ഒരു കമ്പനിയും ഇതുവരെ ഏറ്റെടുത്തില്ലെന്ന ചോദ്യം ഉന്നയിക്കുന്നതിന് സ്‌കോപ് ഇല്ലെന്നു ചുരുക്കം. തങ്ങള്‍ സംഭരിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാത്തതിനാല്‍ SPAC-കള്‍ക്ക് 'ബ്ലാങ്ക് ചെക്കുകള്‍' എന്ന വിളിപ്പേരും ഉണ്ട്.

SPAC ന്റെ രീതിയെന്ത്്?
ശ്രീലങ്കന്‍ വംശജനും കനേഡിയന്‍അമേരിക്കന്‍ വെഞ്ചര്‍ ക്യാപിറ്റലിസ്റ്റുമായ ചമാത് പലിഹപീതിയ SPAC മേഖലയുടെ രാജാവ്. പുതിയകാലത്തെ വാറന്‍ ബഫറ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ 45കാരന്‍ അമേരിക്കന്‍ വിപണിയില്‍ നിന്നും 6 SPAC കള്‍ വഴി 450 കോടി ഡോളര്‍ സമാഹരിച്ചിരിക്കുന്നു. ഇന്ത്യയിലെ ബിസിനസ്സ് പത്രപ്രവര്‍ത്തന മേഖലയില്‍ ഏറെ പരിചിതനായ ഉദയ് ശങ്കര്‍ ആഗോള മാധ്യമ മേഖലയിലെ പ്രമുഖനായ ജെയിംസ് മര്‍ഡോക്കുമായി ചേര്‍ന്ന് ഏഷ്യയിലെ മാധ്യമസാങ്കേതിക മേഖലകളെ ലക്ഷ്യമാക്കിയുള്ള SPACക്ക് രൂപം കൊടുക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് ശ്രുതി. സെറീന വെഞ്ചേഴ്‌സ് എന്ന പേരില്‍ 2014ല്‍ സ്വന്തമായി വെഞ്ചര്‍ ക്യാപിറ്റില്‍ സ്ഥാപനം ആരംഭിച്ച സെറീന വില്യംസ് മിയാമി ആസ്ഥാനമായുള്ള SPAC ആയ ജാസ് സ്പിറ്റ്ഫയര്‍ അക്വിസിഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. സെറീന വില്യംസും, ഷാക്വുമടക്കമുള്ള സെലിബ്രിറ്റികള്‍ മാത്രമല്ല മറ്റു പല പ്രമുഖരും ഇപ്പോള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത് ഇത്തരം സവിശേഷ സ്ഥാപനങ്ങളാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം 2020 SPAC-കളുടെ വര്‍ഷമായിരുന്നു. അമേരിക്കന്‍ വിപണികളിലായി 250 SPACകളാണ് 2020ല്‍ ലിസ്റ്റു ചെയ്യപ്പെട്ടത്. 830 കോടി ഡോളര്‍ ആണ് ഈ കമ്പനികള്‍ മൂലധനമായി സമാഹരിച്ചത്. ശരാശരി 330 ദശലക്ഷം ഡോളറാണ് ഒരോ കമ്പനിയും സമാഹരിച്ചിട്ടുള്ളത്.

ഇന്ത്യയിലും വരുമോ?
സാധാരണഗതിയില്‍ SPACപ്രമോട്ടു ചെയ്യുന്ന മാനേജ്‌മെന്റ് ടീം 20 ശതമാനം മൂലധനം നിക്ഷേപിക്കുകയും ബാക്കിയുള്ള 80 ശതമാനം ഐപിഒ വഴി സമാഹരിക്കുകയും ചെയ്യും. ഐപിഒ വഴി സമാഹരിക്കുന്ന മൂലധനം ഏറ്റെടുക്കലിന്റെ സമയത്ത് ഉപയോഗിക്കുന്നതിനായി ഒരു എസ്‌ക്രോ അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാണ് സാധാരണ രീതി. SPAC വാഗ്ദാനം ചെയ്യുന്ന ബിസിനസ്സ് നടത്തിയെടുക്കുന്നതിനുള്ള കാലാവധി സാധാരണഗതിയില്‍ രണ്ടു വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ വാഗ്ദാനം നിറവേറ്റിയില്ലെങ്കില്‍ കമ്പനി ലിക്വിഡേറ്റു ചെയ്യുകയും എസ്‌ക്രോ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള പണം നിക്ഷേപകര്‍ക്ക് മടക്കി നല്‍കുകയും ചെയ്യും.

ഇന്ത്യയിലും SPAC കമ്പനികള്‍ വേരു പിടിക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇത്തരം ഇടപാടുകള്‍ ഇന്ത്യന്‍ വിപണിയില്‍ തീരെ അജ്ഞാതമല്ല. സില്‍വര്‍ ഈഗിള്‍ അക്വിസിഷന്‍ എന്ന SPAC 2015ല്‍ വീഡിയോകോണ്‍ d2h എന്ന സ്ഥാപനത്തിന്റെ 30 ശതമാനം ഏറ്റെടുത്തിരുന്നു. യാത്ര ഇന്ത്യയുടെ മാതൃസ്ഥാപനമായ നാസ്ഡാക്കില്‍ ലിസ്റ്റു ചെയ്ത യാത്ര ഓണ്‍ലൈന്‍ 2016ല്‍ അമേരിക്ക ആസ്ഥാനമായുള്ള മറ്റൊരു SPACയുമായി റിവേര്‍സ് മെര്‍ജര്‍ നടത്തിയിരുന്നു. ഇന്ത്യന്‍ വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഈ പുതിയ സംഭവവികാസങ്ങളെ താല്‍പര്യപൂര്‍വ്വം പരിഗണിക്കുമെന്നു കരുതപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it