Begin typing your search above and press return to search.
അനില്‍ അംബാനിക്ക് വന്‍ തിരിച്ചടി; ₹8,000 കോടിയുടെ അനുകൂലവിധി സുപ്രീം കോടതി റദ്ദാക്കി, കൂപ്പുകുത്തി റിലയന്‍സ് ഇന്‍ഫ്രാ ഓഹരി
അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് (DAMEPL) സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) 8,000 കോടി രൂപ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് നല്‍കണമെന്ന ആര്‍ബിട്രല്‍ വിധി സുപ്രീം കോടതി റദ്ദാക്കി. മാത്രമല്ല, ഡി.എം.ആര്‍.സി ഇതുവരെ നല്‍കിയ പണം തിരികെ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേസിന്റെ പശ്ചാത്തലം ഇങ്ങനെ
2008ലാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ സെക്ടര്‍21 ദ്വാരക വരെ എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍ സജ്ജമാക്കാനുള്ള കരാറില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസും ഡി.എം.ആര്‍.സിയും ധാരണയിലെത്തുന്നത്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസും കൈകാര്യം ചെയ്യുന്ന വിധമായിരുന്നു കരാര്‍. എന്നാല്‍, 2012ല്‍ പദ്ധതിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് പിന്മാറി.
ഡി.എം.ആര്‍.സിയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരെ ഡി.എം.ആര്‍.സി പിന്നീട് ആര്‍ബിട്രേഷന്‍ (കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കുന്ന നിയമപരമായ പ്രക്രിയ) നടപടിയാരംഭിച്ചു. എന്നാല്‍, ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ഡി.എം.ആര്‍.സിക്കെതിരെയാണ് നിലപാട് എടുത്തത്.
ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് ഡി.എം.ആര്‍.സി 2,782.33 കോടി രൂപ നല്‍കണമെന്നും 2017ല്‍ ട്രൈബ്യൂണല്‍ വിധിച്ചു.
പോര് ഹൈക്കോടതിയില്‍
ട്രൈബ്യൂണല്‍ വിധിക്കെതിരെ ഡി.എം.ആര്‍.സി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളി. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്തു.
തുടര്‍ന്ന്, 2021ല്‍ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ വിധി ചോദ്യംചെയ്യാനാവില്ലെന്ന് കാട്ടി സുപ്രീം കോടതി അനില്‍ അംബാനിക്കമ്പനിക്ക് അനുകൂലമായി വിധിയെഴുതി.
ഇതിനെതിരെ ഡി.എം.ആര്‍.സി ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കി. കോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഹര്‍ജിയാണിത്.
ഇതിനിടെ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് ഡി.എം.ആര്‍.സി നല്‍കേണ്ട തുക 2021ഓടെ 7,045.41 കോടി രൂപയായി ഉയര്‍ന്നു. ആയിരം കോടി രൂപ ഡി.എം.ആര്‍.സി അടയ്ക്കുകയും ചെയ്തു. ഇതോടൊപ്പം ഡി.എം.ആര്‍.സി മറ്റൊരുകാര്യം കൂടി കോടതിയില്‍ ചൂണ്ടിക്കാട്ടി.
ആര്‍ബിട്രല്‍ തുക അടയ്‌ക്കേണ്ടത് ഡി.എം.ആര്‍.സി അല്ലെന്നും ഡല്‍ഹി സര്‍ക്കാരും കേന്ദ്ര നഗരകാര്യ മന്ത്രാലയവും ആണെന്നായിരുന്നു അത്. നിലവില്‍ ആര്‍ബിട്രല്‍ തുക 8,009.38 കോടി രൂപയിലെത്തി. ഇതിനകം 1,678.42 കോടി രൂപ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് ഡി.എം.ആര്‍.സി നല്‍കിയിട്ടുണ്ട്. ബാക്കി 6,330.96 കോടി രൂപ കൂടി ഈടാക്കാന്‍ നടപടി വേണമെന്നായിരുന്നു ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന്റെ ആവശ്യം.
ഇതാണ് സുപ്രീം കോടതി തള്ളിയതും ഇതുവരെ അടച്ചപണം തിരികെ നല്‍കണമെന്ന് ഉത്തരവിട്ടതും.
ഓഹരികളില്‍ വന്‍ തകര്‍ച്ച
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരിവില ഇന്ന് 20 ശതമാനം കൂപ്പുകുത്തി ലോവര്‍-സര്‍കീട്ടിലായി. 227.60 രൂപയിലാണ് ഓഹരിയുള്ളത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 287 രൂപയായിരുന്ന ഓഹരിവിലയാണ് പൊടുന്നനേ നിലംപൊത്തിയത്.
ഏറെക്കാലമായി വലിയ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്നതാണ് റിലയന്‍സ് ഇന്‍ഫ്രാ ഓഹരി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഓഹരിവില ഒരുവേള വെറും 9.05 രൂപയിലേക്ക് താഴ്ന്നിരുന്നു; ഒരുവേള 308 രൂപയിലേക്ക് ഉയരുകയും ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 33 ശതമാനം നേട്ടം (Return) നിക്ഷേപകര്‍ക്ക് റിലയന്‍സ് ഇന്‍ഫ്രാ ഓഹരി സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിവില 22 ശതമാനം താഴേക്കുംപോയി.
Next Story
Videos