യു.എസ്-ഇറാൻ യുദ്ധഭീതി: 10 വർഷത്തിനിടയിലെ ഇന്ത്യന്‍ ഓഹരി വിപണിയിലെ 5 വലിയ തകർച്ചകൾ

നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച 2016 നവംബർ 9 ന് സെൻസെക്‌സ് 6.12% വും നിഫ്റ്റി 6.33% വും ഇടിഞ്ഞു
stock market crash
Image courtesy: Canva
Published on

ഓഹരി വിപണി ഇന്ന് വലിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1.71 ശതമാനം (1,353 പോയിന്റ്) ഇടിഞ്ഞ് 77,566 ലും നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് (422 പോയിന്റ്) ഇടിഞ്ഞ് 24,028 ലുമാണ് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങൾ, അസംസ്കൃത എണ്ണ വിലയിലെ കുത്തനെയുള്ള വർധന തുടങ്ങിയവയാണ് വിപണിയെ പിന്നോട്ടടിച്ചത്. യു.എസ്-ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യം വരും ദിവസങ്ങളിലും വിപണിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യൻ ഓഹരി വിപണി നേരിട്ട പ്രധാന വലിയ തകർച്ചകൾ പരിശോധിക്കുകയാണ് ഇവിടെ.

പ്രധാന തിരിച്ചടികള്‍

നോട്ട് അസാധുവാക്കൽ (2016): 2016 നവംബർ 9 ന് സെൻസെക്‌സ് 1,689 പോയിന്റും (6.12%) നിഫ്റ്റി 541 പോയിന്റും (6.33%) ഇടിഞ്ഞു. സർക്കാരിന്റെ അപ്രതീക്ഷിത നോട്ട് പിൻവലിക്കൽ തീരുമാനവും യുഎസ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ഇതിന് കാരണമായത്.

കോവിഡ് 19 മഹാമാരി (2020): വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നായിരുന്നു ഇത്. 2020 മാർച്ച് 23 ന് സെൻസെക്‌സ് 13.15 ശതമാനവും നിഫ്റ്റി 12.98 ശതമാനവും ഇടിഞ്ഞു. ജനുവരിയിലെ ഉയർന്ന നിരക്കിൽ നിന്ന് മാർച്ചിലെ താഴ്ന്ന നിരക്കിലേക്ക് എത്തിയപ്പോൾ ഏകദേശം 38 ശതമാനം വിപണി മൂല്യമാണ് നഷ്ടമായത്.

ഹിൻഡൻബർഗ്-അദാനി പ്രതിസന്ധി (2023): ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ 100 ബില്യൺ ഡോളറിലധികം ഇടിവുണ്ടായി. ഇത് വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കി.

2024 പൊതുതിരഞ്ഞെടുപ്പ് ഫലം: എക്സിറ്റ് പോൾ പ്രവചനങ്ങൾ തിരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വിപണിക്ക് 31 ലക്ഷം കോടി രൂപയുടെ നിക്ഷേപക സമ്പത്ത് നഷ്ടമായി. നിഫ്റ്റി 5.93 ശതമാനവും സെൻസെക്‌സ് 5.74 ശതമാനവുമാണ് അന്ന് ഇടിഞ്ഞത്.

യുഎസ്-ഇറാൻ യുദ്ധം (2026): പശ്ചിമേഷ്യന്‍ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില 110 ഡോളർ കടന്നത് ഇന്ന് (മാർച്ച് 9) വിപണിയെ തളർത്തി. വ്യാപാരത്തിനിടെ സെൻസെക്‌സ് 2,500 പോയിന്റിലധികം (3%) താഴ്ന്നു.

അതേസമയം, ഇത്തരം തകർച്ചകൾക്കിടയിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ നിഫ്റ്റി 68 ശതമാനവും സെൻസെക്‌സ് 195 ശതമാനത്തിലധികവും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Amid market volatility triggered by US-Iran tensions and rising crude oil prices, a look at the five biggest crashes in the Indian stock market over the past decade.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com