റെയ്മണ്ട് ചെയര്‍മാന്റെ വിവാഹമോചനം; സ്വത്തിന്റെ 75% ആവശ്യപ്പെട്ട് ഭാര്യ

ലോകപ്രശസ്ത സ്യൂട്ട് ഫാബ്രിക് നിര്‍മ്മാതാക്കളായ റെയ്മണ്ട് കമ്പനിയുടെ ചെയര്‍മാനും എം.ഡിയുമായ കോടീശ്വര വ്യവസായി ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോദി സിംഘാനിയയും വേര്‍പിരിയുന്നവെന്ന് പ്രഖ്യാപിച്ചതോടെ നിക്ഷേപകര്‍ക്കിടയില്‍ അനിശ്ചിതത്വം തുടരുന്നു.

ഗൗതം സിംഘാനിയയുടെ 12,000 കോടി രൂപ ആസ്തിയില്‍ 75 ശതമാനം സ്വത്തവകാശം തനിക്കും രണ്ട് പെണ്‍മക്കള്‍ക്കുമായി നവാസ് മോദി സിംഘാനിയ ചോദിച്ചതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് കമ്പനിയുടെ ഉടമസ്ഥതയെ എങ്ങനെ ബാധിക്കുമെന്ന ഓഹരിയുടമകളുടെ ആശങ്ക മൂലം ഓഹരികള്‍ ഇടിഞ്ഞു.

വിപണി മൂല്യം ഇടിഞ്ഞു

ഗൗതം സിംഘാനിയയും ഭാര്യയും റെയ്മണ്ട് ബോര്‍ഡ് അംഗവുമായ നവാസ് മോദി സിംഘാനിയയുമായി പിരിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ നവംബര്‍ 13 മുതല്‍ റെയ്മണ്ട് ഓഹരികള്‍ 12.2 ശതമാനം ഇടിഞ്ഞു. ഇതോടെ വിപണി മൂല്യത്തില്‍ 1,500 കോടി രൂപയിലധികം കമ്പനിക്ക് നഷ്ടമായി. നിലവില്‍ 1,124 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ഇന്നലെ കമ്പനിയുടെ ഓഹരികള്‍ വ്യാപാരത്തിനിടെ 4.4 ശതമാനം വരെ താഴുകയും ഒടുവില്‍ 3.8 ശതമാനം ഇടിവില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇത് സെപ്റ്റംബര്‍ 18ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്.

നിക്ഷേപകര്‍ക്കിടയിയുള്ള അനിശ്ചിതത്വം ഓഹരികളുടെ കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും നവാസ് സിംഘാനിയ ബോര്‍ഡ് അംഗമായതിനാല്‍ ഇതൊരു കമ്പനിയുടെ ഭരണ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ന് റെയ്മണ്ട് ഓഹരികള്‍ 0.49 ശതമാനം ഇടിഞ്ഞ് 1,669 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

Related Articles
Next Story
Videos
Share it