Begin typing your search above and press return to search.
ക്രിപ്‌റ്റോ സംഭാവന 420 കോടി കടന്നു; യുക്രെയ്‌നിലെ കുട്ടികള്‍ക്ക് സഹായം പ്രഖ്യാപിച്ച് ബിനാന്‍സ്
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലേക്ക് ക്രിപ്‌റ്റോ കറന്‍സികളുടെ രൂപത്തില്‍ വന്‍തോതിലാണ് സംഭാവനകള്‍ എത്തുന്നത് അനലിറ്റിക്കല്‍ സ്ഥാപനമായ എലിപ്റ്റിക്കിനെ ഉദ്ദരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തത് ഉക്രൈനിലേക്കുള്ള ക്രിപ്‌റ്റോ സംഭാവന 420 കോടി കവിഞ്ഞെന്നാണ്. റഷ്യയുമായുള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുക്രൈന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ നിയമപരമായി അംഗീകരിച്ചത്.
ഇപ്പോള്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന യുക്രൈന്‍ കുട്ടികളെ സഹായിക്കാന്‍ യൂണിസെഫിന് സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സ്. ഏകദേശം 20 കോടി രൂപയ്ക്ക് തുല്യമായ ക്രിപ്‌റ്റോ കറന്‍സികളാണ് യൂണിസെഫിന് ബിനാന്‍സ് നല്‍കുക. യുക്രൈനിലെ കുട്ടികളുടെ സംരംക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ യൂണിസെഫ് വിപുലീകരിച്ചതിനെ തുടര്‍ന്നാണ് ബിനാന്‍സിന്റെ സംഭാവന. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് യൂണിസെഫ്.
റഷ്യന്‍ അധിനിവേശം യുക്രൈനിലെ 7.5 മില്യണോളം കുട്ടികളുടെ ജിവന്‍ അപകടത്തിലാക്കിയെന്നാണ് യൂണിസെഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചയും യുക്രൈന് ബിനാന്‍സ് 10 മില്യണ്‍ ഡോളര്‍ (ഏകദേശം 75.5 കോടി രൂപ) സഹായം നല്‍കിയിരുന്നു. അതേ സമയം മറ്റൊരു പ്രധാന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആയ കോയിന്‍ബേസ് റഷ്യക്കാരുമായി ബന്ധപ്പെട്ട 25,000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ലോകരാജ്യങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഭാഗമാകുമെന്ന് കോയിന്‍ബേസ് നേരത്തെ അറിയിച്ചിരുന്നു.
Next Story
Videos