'കീ മിസ്യൂസ്' ഭീതിയിൽ ക്രിപ്‌റ്റോ വിപണി; ബൈനാൻസ് ഇടപാടുകൾ നിർത്തിവച്ചു; ബിറ്റ്‌കോയിൻ കൂപ്പുകുത്തി; നിക്ഷേപകർ ആശങ്കയിൽ

ബിനാൻസിൽ സുരക്ഷാ വീഴ്ചയുണ്ടായതിനെത്തുടർന്ന് ക്രിപ്റ്റോകറൻസികളുടെ നിക്ഷേപവും പിൻവലിക്കലും നിർത്തിവച്ചു; ഏകദേശം 3 ബില്യൺ ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ചു
Binance Hacking Impact On Cryptocurrency
പ്രതീകാത്മക ചിത്രംImage Source: Canva/binance.com
Published on: 

വ്യാപാര ഇടപാടുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിൽ (Binance) വൻ ഹാക്കിംഗ് (സുരക്ഷാ വീഴ്ച) നടന്നതായി സംശയം. ഇതേത്തുടർന്ന് ബിനാൻസ് എക്സ്ചേഞ്ചിലെ എല്ലാവിധ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളും പിൻവലിക്കലുകളും അടിയന്തരമായി നിർത്തിവെച്ചു. ഏകദേശം 3 ബില്യൺ ഡോളറിന്റെ (ഏകദേശം 28,500 കോടി രൂപ) ആസ്തികൾ മരവിപ്പിച്ചതായി ബിനാൻസ് എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.

കോടിക്കണക്കിന് ഡോളറിന്റെ ഡിജിറ്റൽ ആസ്തികൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക അനുമാനം. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും ഉപഭോക്താക്കളുടെ ആസ്തികൾ പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നും നഷ്ടം കമ്പനി നികത്തുമെന്നും ബിനാൻസ് മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്താണ് സംഭവിച്ചത്?

ബിനാൻസിൽ സംഭവിച്ച സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ 'കീ മിസ്യൂസ്' (Key Misuse) ആകമെന്നാണ് പ്രമുഖ വെബ്3 (Next-generation Internet) സുരക്ഷാ സ്ഥാപനമായ ബ്ലോക്ക്‌എയ്ഡ് (Blockaid). പ്രൈവറ്റ് കീകൾ നേരിട്ട് മോഷണം പോകുന്നതിന് പകരം, എക്‌സ്‌ചേഞ്ചിന്റെ ഡിജിറ്റൽ സിഗ്നേച്ചർ സംവിധാനത്തിൽ (Signing System) കൃത്രിമം കാണിച്ച് വ്യാജ ഇടപാടുകൾക്ക് അനുമതി നേടിയെടുക്കുകയാണ് ഹാക്കർമാർ ചെയ്തതെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം. ഈ പ്രവൃത്തിയെയാണ് 'കീ മിസ്യൂസ്' എന്നു പറയുന്നത്.

ഇതിന് പുറമെ, എഥീരിയത്തിന്റെ ഏറ്റവും പുതിയ വാലറ്റ് ഫീച്ചറായ 'ഇ.ഐ.പി-7702' (EIP-7702) ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നും ക്രിപ്‌റ്റോ സുരക്ഷാ രംഗത്തുനിന്നുള്ള വിദ​ഗ്ധരുടെ പുതിയ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതിക വിദ്യയിലെ ഈ പുതിയ പഴുതുകൾ മുൻനിർത്തി സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

സുരക്ഷാ പരിശോധനകൾ നടത്താനും നിയമപാലകരുമായി സഹകരിക്കാനുമുള്ള മുൻകരുതലായാണ് ക്രിപ്റ്റോ ഇടപാടുകാരുടെ നിക്ഷേപവും പിൻവലിക്കലും താത്കാലികമായി നിർത്തിവച്ചതെന്ന് ബിനാൻസ് അധികൃതർ പറഞ്ഞു.

തകർന്നടിഞ്ഞ് ക്രിപ്‌റ്റോ വിപണി

ബിനാൻസ് എക്സ്ചേഞ്ചിൽ ഹാക്കിംഗ് നടന്നതായ വാർത്ത പുറത്തുവന്നതോടെ ആഗോള ക്രിപ്‌റ്റോകറൻസി വിപണി വൻ തകർച്ചയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഏറ്റവുമധികം വ്യാപാരം ചെയ്യപ്പെടുന്നതും വിപണി മൂല്യമുള്ളതുമായ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യം 77,000 ഡോളറിന് താഴേക്ക് വീണു. സെപ്റ്റംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലനിലവാരമാണിത്.

ബിറ്റ്‌കോയിന് പുറമെ മറ്റ് പ്രമുഖ ടോക്കണുകളിലും കടുത്ത വിൽപ്പന സമ്മർദ്ദം പ്രകടമാണ്. ക്രിപ്‌റ്റോകറൻസി രം​ഗത്തെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചായ ബിനാൻസിന് നേരിടുന്ന വിശ്വാസനഷ്ടം മുഴുവൻ മേഖലയെയും ബാധിക്കുമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇതിനകം ദുർബലമായിരുന്ന വിപണിയിൽ ഇത് അധിക സമ്മർദ്ദം സൃഷ്ടിക്കുകയാണ്.

റിപ്പോർട്ട് ചെയ്ത തോതിൽ ഹാക്കിം​ഗ് സ്ഥിരീകരിക്കപ്പെട്ടാൽ, ഇത് ക്രിപ്‌റ്റോ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായി മാറും. 2025 ഫെബ്രുവരിയിൽ ബൈബിറ്റിൽ (Bybit) നടന്ന 1.5 ബില്യൺ ഡോളറിന്റെ (ഏകദേശം 14,200 കോടി രൂപ) ഹാക്കിംഗാണ് നിലവിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ക്രിപ്റ്റോ മോഷണം.

Binance has temporarily suspended deposits and withdrawals following a major security incident, estimating the total impact at $6.3 billion and reporting that around $3 billion in affected assets has been frozen.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```