ബിറ്റ്‌കോയിന്‍ വില പൂജ്യത്തിലേക്ക് കൂപ്പുകുത്തിയേക്കാം, മുന്നറിയിപ്പുമായി ചൈന

ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ (Crypto) തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ചൈന. ആദ്യത്തേതും ഏറ്റവും മൂല്യമുള്ളതുമായ ബിറ്റ്‌കോയിന്റെ (Bitcoin) വില പൂജ്യത്തിലേക്ക് എത്താമെന്നാണ് ചൈനീസ് പത്രം എക്കണോമിക് ഡെയ്‌ലി നല്‍കിയ മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള പത്രമാണ് എക്കണോമിക് ഡെയ്‌ലി.

'ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ കോഡുകളുടെ ഒരു കണ്ണിമാത്രമാണെന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയര്‍ന്ന വിലയക്ക് വില്‍ക്കുമ്പോള്‍ മാത്രമാണ് ബിറ്റ്‌കോയിനില്‍ നിന്ന് നേട്ടം ലഭിക്കുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം തകരുകയോ അല്ലെങ്കില്‍ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ബിറ്റ്‌കോയിന്‍ അതിന്റെ യഥാര്‍ത്ഥ മൂല്യത്തിലേക്ക് എത്തും. യാഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന് മൂല്യമൊന്നും ഇല്ല' എക്കണോമിക് ഡെയ്‌ലി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ചൈനീസ് സര്‍ക്കാര്‍ ബിറ്റ്‌കോയിന്‍ മൈനിംഗ് നിരോധിക്കുന്നത്. 2021 സെപ്റ്റംബറില്‍ ചൈന ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2018ല്‍ തന്നെ വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേ സമയം ഈ വര്‍ഷം ആദ്യം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (e-CNY) പരീക്ഷണാര്‍ത്ഥം ചൈന അവതരിപ്പിച്ചിരുന്നു.

സ്റ്റേബിള്‍ കോയിനുകളായ ടെറയുഎസ്ഡി, ലൂണ എന്നിവയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി ക്രിപ്‌റ്റോ നിരോധനത്തെ നേരത്തെ എക്കണോമിക് ഡെയ്‌ലി ന്യായീകരിച്ചിരുന്നു. നിലവില്‍ ( 10.30 am) 16,61,881.18 രൂപയാണ് ഒരു ബിറ്റ്‌കോയിന്റെ വില. കഴിഞ്ഞ നവംബറില്‍ ബിറ്റ് കോയിന്‍ വില 47 ലക്ഷത്തിന് മുകളിലായിരുന്നു.

Related Articles
Next Story
Videos
Share it