ബിറ്റ്‌കോയിന്‍ സ്വീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്; ഒറ്റയടിക്ക് മൂല്യം ഉയര്‍ന്നു

ബിറ്റ്‌കോയിന്‍ മൂല്യവും ടെസ്ല ഇങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും തമ്മില്‍ ഏറെ ബന്ധമാണുള്ളത്. മസ്‌കിന്റെ ട്വീറ്റിനൊപ്പം റെക്കോര്‍ഡ് ഉയരത്തില്‍ കുതിച്ച ബിറ്റ്‌കോയിന്‍ താഴേക്ക് പതിച്ചതും വിപണി സാക്ഷ്യം വഹിച്ചതാണ്. ലോക കോടീശ്വരപ്പട്ടികയില്‍ പോലും ഒന്നാ സ്ഥാനത്തായിരുന്ന മസ്‌കിനെ താഴേക്കിറക്കിയതും ബിറ്റ്‌കോയിന്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വത്തുക്കളുടെ മൂല്യമിടിഞ്ഞതാണ്.

ബിറ്റ്‌കോയിന്‍ പ്രകൃതിവിഭവങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതിനാല്‍ ടെസ്ല ഇടപാടുകള്‍ക്ക് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കില്ല എന്നായിരുന്നു മസ്‌ക് കഴിഞ്ഞ മാസത്തെ ട്വീറ്റ്. അതോടെ 50,000-60,000 ഡോളര്‍ നിരക്കില്‍ തുടര്‍ന്നിരുന്ന ബിറ്റ്‌കോയിന്‍ കുത്തനെ ഇടിയുകയായിരുന്നു.ഏപ്രില്‍ 14ന് 64,778.04 ഡോളര്‍ മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ്‌കോയിന്‍ അവിടുന്ന് 40 ശതമാനം താഴേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൂപ്പുകുത്തിയെന്നാണ് കണക്കുകള്‍. അതിന് പ്രധാനകാരണം ടെസ്ലയുടെ പിന്‍മാറ്റമായിരുന്നു.
എന്നാല്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്‌ക് ഞായറാഴ്ച ട്വീറ്റ് ചെയ്തതോടെ ബിറ്റ്‌കോയിന്‍ 5.1 ശതമാനം ഉയര്‍ന്ന് 37,360.63 ഡോളറിലെത്തി. ഞായറാഴ്ച, മസ്‌കിന്റെ ട്വീറ്റിന് ശേഷം 1,817.87 ഡോളര്‍ ആണ് ഒറ്റയടിക്ക് കൂടിയത്. പിന്നീട് നാല് ശതമാനത്തോളം ഉയരുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആയിരുന്നു ബിറ്റ്‌കോയിന് അനുകൂലമായി മസ്‌ക് പ്രസ്താവന നടത്തിയത്. ടെസ്ല കാറുകളുടെ ഇടപാടുകള്‍ക്ക് ബിറ്റ്‌കോയിന്‍ ഉപയോഗിക്കാമെന്നതായിരുന്നു പ്രസ്താവന. ഇതോടെ ബിറ്റ്‌കോയിന്‍ മൂല്യം കുത്തനെ വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ മാസത്തെ മലക്കം മറിച്ചില്‍ ട്വീറ്റോട് കൂടി ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി വലിയ പ്രതിസന്ധിയിലുമായി. ഈ നിലപാടാണ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ മസ്‌ക് വീണ്ടും മാറ്റിയത്, തങ്ങളുടെ ബിറ്റ്‌കോയിന്‍ ശേഖരത്തിന്റെ 10 ശതമാനം മാത്രമാണ് വിറ്റതെന്നും മൈനെര്‍സ് ക്ലീന്‍ എനര്‍ജി ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞ് നിര്‍ത്തിവച്ച ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വീണ്ടും ടെസ്ല ആരംഭിക്കുന്നുവെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. 50 ശതമാനം ക്ലീന്‍ എനര്‍ജി ഉപയോഗിക്കുന്നുവെന്ന് മൈനെര്‍സ് ഉറപ്പ് നല്‍കിയതായാണ് ടെസ്ല മേധാവി വിശദീകരണം നല്‍കിയത്.
39,209.54 ഡോളര്‍ മൂല്യത്തിലാണ് തിങ്കളാഴ്ച രാവിലെ ബിറ്റ് കോയിന്‍. 9.60 ശതമാനമാണ് മസ്‌കിന്റെ ട്വീറ്റ് ഒറ്റദിവസത്തില്‍ ഈ ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം ഉയര്‍ത്തിയത്. ജൂണ്‍ 9 ന് ശേഷം ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിതെന്നാണ് കോയിന്‍ മാര്‍ക്കറ്റ്കാപ്പ് ഡോട്ട് കോം കണക്കുകള്‍ പറയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it