ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ടെസ്‌ല വാഹനങ്ങള്‍ വാങ്ങാനാകില്ല! ഇലോണ്‍ മസ്‌കിന്റെ ഈ തീരുമാനത്തിന് പിന്നില്‍

ടെസ്‌ല വാഹനങ്ങള്‍ വാങ്ങാന്‍ ക്രിപ്‌റ്റോകറന്‍സികള്‍ സ്വീകരിക്കില്ലെന്ന തീരുമാനം ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വിപണിയില്‍ ബിറ്റ് കോയിന് വിലയിടിഞ്ഞു. മസ്‌കിന്റെ ട്വീറ്റും ബിറ്റ്‌കോയിന്‍ ചാഞ്ചാട്ടവും, വായിക്കാം.

ലോകത്തെ ഏറ്റവും വലിയ ഇലട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇങ്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ 17 ശതമാനമാണ് ഇടിഞ്ഞത്. 50,056.10 യുഎസ് ഡോളറാണ് ഇന്നത്തെ ബിറ്റ്‌കോയിന്‍ നിരക്ക്.

ടെസ്ല വാഹനങ്ങള്‍ വാങ്ങാന്‍ ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളൊന്നും തന്നെ ടെസ്‌ല ഇങ്ക് സ്വീകരിക്കില്ല എന്ന തീരുമാനം മിനിറ്റുകള്‍ക്കകമാണ് ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റിനെ പിടിച്ചുലച്ചത്. 'ബിറ്റ്‌കോയിന്‍ ഖനനത്തിനും ഇടപാടുകള്‍ക്കുമായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അതിവേഗം വര്‍ധിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, പ്രത്യേകിച്ചും കല്‍ക്കരി.'' മസ്‌ക് ട്വീറ്റില്‍ എഴുതി.
ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നതിലും ചാഞ്ചാട്ടം നിലനില്‍ക്കുന്നതിലുമെല്ലാം ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും കമ്പനി തീരുമാനങ്ങളും എല്ലാം എപ്പോഴും സ്വാധീനിക്കാറുണ്ട്. കമ്പനി 1.5 ബില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ വാങ്ങിയതായും കാറുകള്‍ക്കുള്ള പണമടയ്ക്കല്‍ എന്ന നിലയില്‍ ഇത് സ്വീകരിക്കുമെന്നുമുള്ള ടെസ്ലയുടെ പ്രഖ്യാപനങ്ങള്‍ ഈ വര്‍ഷം ഡിജിറ്റല്‍ ടോക്കണുകളുടെ വില ഉയര്‍ന്നതിന് പിന്നില്‍ ഒരു ഘടകമാണ്.
ഖനനം കൂടുതല്‍ സുസ്ഥിരോര്‍ജത്തിലേക്ക് മാറുന്നതോടെ വീണ്ടും ബിറ്റ്‌കോയിന്‍ സ്വീകരിക്കുമെന്നും കമ്പനി ഇപ്പോള്‍ ഈ ക്രിപ്‌റ്റോകറന്‍സിയുടെ വില്‍പ്പന നടത്തില്ലെന്നും സ്വീകരിക്കില്ലെന്നുമാണ് മസ്‌ക് വിശദമാക്കിയിട്ടുള്ളത്.


Related Articles
Next Story
Videos
Share it